Thursday, June 2, 2016

പ്രണയയാത്രകൾ

ഞാനും മൊബൈലും മാത്രമുള്ള ഒരു ഏകാന്തലോകത്തേക്ക്, ശൂന്യതയിൽ നിന്നും ഉയർന്നതുപോലൊരു നോട്ടിഫിക്കേഷൻ ജനിക്കുന്നു. തല കുനിച്ചിരിക്കുന്ന ഏകാന്തതയെ ഭജ്ഞിച്ച വെള്ളിവെളിച്ചത്തെ, പിങ്ങ് ശബ്ദത്തെ, ഒന്നു ശപിച്ചു. എന്റെ മറുപടി പ്രതീക്ഷിച്ചൊരു വാട്ട്സാപ്പ് സന്ദേശമായിരുന്നു അത്. അജ്ഞാത ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ, ചിരിച്ച് നില്ക്കുന്ന അവളുടെ പ്രൊഫൈൽ പിക് സഹായിച്ചു. 
സ്കൂളിലെ ഉണങ്ങിയ മരച്ചുവട്ടിൽ, വെയിലേറ്റ് തളർന്ന ഗ്രൗണ്ട് സ്റ്റെപ്പുകളിൽ,ചിതലരിച്ച ലൈബ്രറിയിൽ, ഞാൻ എപ്പോഴോ ഉപേക്ഷിച്ചുപോയ എന്റെ പ്രണയം. പറയാൻ വൈകിയെങ്കിലും നീ അറിയാൻ വൈകിയിലെന്നു ഓർമ്മപ്പെടുത്തിയ പ്രണയം. മറവികളുടെ താഴ്വരകളിൽ ചില ഓർമ്മകളുടെ നാമ്പുകൾ പുനർജനിക്കുന്നു.കൂടെ കൊച്ചു പ്രണയവും. 

അറിയുമോ എന്ന ചോദ്യത്തിന്ഞാൻ എന്തുത്തരമാണ്തരേണ്ടത്? നിന്നെ അറിയാൻ ശ്രമിച്ച ഋതുക്കളെയാണ്ഞാനെന്റെ സ്കൂൾ ജീവിതമെന്ന ടാഗ് ഇട്ട് സൂക്ഷിച്ചുവച്ചിരിക്കുന്നത്. പാറു എന്നല്ലേ നിന്നെ ഞാൻ വിളിച്ചിരുന്നത്? തിളങ്ങുന്ന ഉണ്ടക്കണ്ണുകളെ നോക്കി ഞാൻ വേറെന്തു വിളിക്കും? പക്ഷേ, ഇപ്പോൾ തൊണ്ട വരണ്ടതുപോലെ, നിന്നെ ഒന്നു അറിഞ്ഞുവിളിക്കാൻ പോകും കഴിയാതെ. അതിനാലാവാം, നിനക്കുള്ള ഉത്തരമായിഅറിയാംഎന്ന ഒറ്റ വാക്കിൽ മറുപടി നല്കിയത്. 
മറുപടികൾ ഒറ്റ വാക്കുകളിൽ ഒതുക്കാത്ത ഒരു കാലം ഉണ്ടായിരുന്നു. വാ തോരാതെ സംസാരിച്ച നാളുകൾ. അവയെല്ലാം ഓരോന്നായി മനസ്സിൽ തെളിഞ്ഞു. കുന്നിൻപുറത്തെ സ്കൂളിനു ചുറ്റും നമ്മുടെ ശബ്ദം അലയടിക്കുന്നത് പോലെ. 
അല്ലെങ്കിലും, അപ്രതീക്ഷിതമാണല്ലോ പ്രണയങ്ങളുടെ കടന്നുവരവ്. എന്റെ ഏകാന്തസഞ്ചാരങ്ങളിലേക്ക് ഒരാൾ കൂടെ കടന്നുവന്നിരിക്ക്കുന്നു. പ്ളസ് റ്റുവിൽ ഒരു രാഷ്ട്രീയ നേതാവിന്റെ ചുറുചുറുക്ക് കാണിച്ച സുഹൃത്ത്, അവന്റെ ജനകീയത വിളിച്ചോതിക്കൊണ്ട് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ചികഞ്ഞെടുത്തതാണത്രെ എന്റെ നമ്പർ. തെല്ലു നേരത്തേക്ക് വട്സാപ്പിനേയും, ഗ്രൂപ്പിനേയും, അതുണ്ടാക്കിയവനേയും പ്രാകി. 

രമ്യയുടെ കല്യാണത്തിനു വരുന്നുണ്ടോ? ’ 
അവൾ ചോദിച്ചു. പോകണോ എന്നു തീരുമാനിച്ചിരുന്നില്ല. ചെന്നൈയിലെ ഒറ്റ മുറിയിൽനിന്നും, പുറത്തിറങ്ങിവരാൻ ഒരു മടി. ജനലിലൂടെ പുറത്തേക്ക് നോക്കി. പൊടിപിടിച്ച ജനൽപാളികളും കടന്ന്, പൊള്ളിനിൽക്കുന്ന റയിൽ പാളങ്ങളിലേക്ക് ദൃഷ്ടി ചലിച്ചു. വരാൻ പോകുന്ന ഒരു തീവണ്ടിയുടെ ശബ്ദം വിദൂരതയിൽ കേട്ടു. റയിൽപാളം ഒന്നു വിറച്ചു. അത് എന്റെ മുറിയിലാകെ പ്രകമ്പനം കൊള്ളിച്ചു. ചെന്നൈയിൽ നിന്നും കോഴിക്കോടെക്കുള്ള നിരവധി യാത്രകളെ അനുസ്മരിക്കും വിധം പ്രകമ്പനം മനസ്സിലാകെ കിടന്നു വിറച്ചു. അവളുടെ ചോദ്യങ്ങൾ എന്തെല്ലാം ചിന്തകളെയാണ്കൊണ്ടുവന്നത്. എന്റെ മനോരാജ്യം അനാവശ്യമായ ചിന്തകൾ മൂടുകയാണെന്നു തോന്നി. അപ്പോഴും അവളുടെ ചോദ്യം മറുപടി കാത്തുനിന്നു. 

മറുപടിയില്ലാത്ത നിരവധി ചോദ്യങ്ങളെ അഭിമുഖീകരിച്ച നാളുകളെ, ഫേർവെൽ ദിനങ്ങൾ എന്നു വിളിക്കാം. പരീക്ഷകളുടെ ചങ്ങലകളിൽ ഞാനും നീയും ബന്ധിക്കപ്പെടുമ്പോഴും, പലപ്പോഴായി കണ്ടുമുട്ടുമ്പോഴും, മനസ്സിൽ കിടന്നു കളിച്ച ചോദ്യങ്ങൾ. ശരിക്കും നീയെന്നെ പ്രണയിച്ചിരുന്നുവോ? എന്റെ പ്രണയം പലപ്പോഴായി തുറന്നുപറയാൻ ശ്രമിക്കുമ്പോഴും നീ ഒഴിഞ്ഞുമാറുന്നതായി ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോഴും, നിന്റെ നിറഞ്ഞ ചിരിയിൽ ഞാൻ പ്രണയമല്ലാതെ വേറൊന്നും കണ്ടില്ല. എല്ലാം എന്റെ തോന്നലായിരുന്നുവോ? പക്ഷേ, എന്തിനാണ്നീയെന്നെ പിന്തുടർന്നത്? ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ മാത്രം എന്നോടായി സംസാരിക്കാൻ വന്നത്? ആളൊഴിഞ്ഞ വഴിയോരങ്ങളിൽ, എന്റെ തോളോടുചേർന്ന് നടന്നത്? വീട്ടിലെ ലാന്റ്ഫോണിൽ, പലപ്പോഴായി നീ വിളിച്ചപോഴും, അച്ചനറിയാതെ മൊബൈലിൽ നിന്നും എസ്. എം.എസ് അയച്ചപ്പോഴും, ചെമ്പനീർപൂക്കളേക്കാൾ, നിറമുള്ള, മണമുള്ള പ്രണയം തന്നെ ആയിരുന്നു നിനക്കെന്നോട് എന്നു തോന്നിയിട്ടുണ്ട്. നിറമുള്ള സ്വപ്നങ്ങൾ കണ്ട് നേരം പുലരുവോളം ഉറങ്ങാതിരുന്ന നാളുകളായിരുന്നു അത്. എനിക്കോർമയുണ്ട്, നിന്റെ ഓട്ടോഗ്രാഫിൽ, മറ്റാരേക്കാളും മുന്നെ ഞാൻ എഴുതണം എന്നു നീ വാശി പിടിച്ചത്. അതിൽ എഴുതിചേർത്തത് എന്റെ വാക്കുകൾ ആയിരുന്നില്ല. അത് ഞാൻ തന്നെ ആയിരുന്നു എന്ന് നീ മനസ്സിലാക്കിയിരുന്നോ ? ഒടുവിൽ , എല്ലാ ചോദ്യങ്ങൾക്കും മീതെ ഇനിയെന്ത് എന്ന ചോദ്യം വന്നപ്പോൾ, ഉത്തരങ്ങളില്ലാതെ നീ യാത്രയായപ്പോൾ, ജീവിതത്തിലെ ആദ്യത്തെ തോൽവി ഞാൻ അറിയുകയായിരുന്നു. ഒരിക്കലെങ്കിലും എന്റെ പ്രണയം പറയാൻ കഴിഞ്ഞുവെങ്കിൽ, അതു കേട്ട് നീയെന്നെ കെട്ടി പിടിച്ചിരുന്നെങ്കിൽ, അവിടെ തീർന്നേനെ എന്റെ ആശങ്കകളെല്ലാം. ... 

ഒരുപാട് നേരത്തെ മൗനം വീണ്ടും മുറിഞ്ഞു, വരുമെന്നു പറഞ്ഞു. അതു മാത്രമല്ല, മനസ്സിൽ പോകാനുള്ള തീരുമാനം എടുക്കുകയും ചെയ്തു.കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി പലരും വിളിക്കുന്നു. രമ്യയുടെ കല്യാണം തന്നെയാണ്വിഷയം. രമ്യ, ക്ലാസ്സിലെ പഠിപ്പിസ്റ്റുകളിൽ ഒരാൾ, പക്ഷേ എല്ലാരുടേയും പ്രിയങ്കരി. അവൾ മാത്രമാണ്പെൺകുട്ടികളിൽ എല്ലാവരുമായും സൗഹൃദം സൂക്ഷിക്കുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും പലരും വിളിച്ചപ്പോൾ തീരുമാനം എടുക്കാൻ മടിച്ചപ്പോൾ, അവൾ വീണ്ടും എന്നെ തളർത്തിക്കളഞ്ഞു. പ്രണയത്തിന്റെ വണ്ടി അപ്പോഴും പാളം തെറ്റാതെ ചലിച്ചുകൊണ്ടിരിക്കുന്നു. യാത്ര പുറപ്പെട്ടതും, സ്റ്റേഷനുകൾ പിന്നിട്ടതും, പ്രണയയാത്രയുടെ തുടർച്ചയായി അനുഭവപ്പെട്ടു. പലയിടങ്ങളിലായി പിരിഞ്ഞുപോയവർ ഒതുചേരാൻ പോകുന്ന ദിവസ്സത്തിലേക്കുള്ള യാത്ര. 

കല്യാണദിവസം, കൂട്ടുകാരെയൊക്കെ കണ്ടുമുട്ടുമ്പോഴും ഞാൻ തേടിയത് അവളെയായിരുന്നു. എത്തുമെന്ന് പറഞ്ഞിരുന്നതാണ്‌, വരുമായിരിക്കും. മനസ്സ് പറഞ്ഞു. ഒത്തുച്ചേരലിന്റെ ഒരു സന്തോഷം പലരിലും കണ്ടു. എന്തെല്ലാം വിശേഷങ്ങളാണ്നിമിഷങ്ങൾക്കകം പങ്കുവെച്ചത്. ലോകം മൊത്തം കീഴ്മേൽ മറിക്കും വിധം ഇവിടുത്തെ സിനിമകളേയും, ക്രിക്കറ്റിനേയും, രാഷ്ട്രീയത്തേയും വാക്കുകളാൽ പിച്ചി ചീന്തി. വേദിയിൽ കല്യാണചടങ്ങുകളുടെ ഒരുക്കങ്ങൾ തുടങ്ങി. നാദസ്വരം ഉയർന്നു. ഇതിനിടയിൽ എപ്പോഴോ ആയിരുന്നു അവളുടെ കടന്നുവരവ്. നീലക്കരയുള്ള ചുവപ്പ് ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി കാണപെട്ടു. ഉണ്ടക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവ എന്നെയാണോ നോക്കുന്നത്? എന്നിലെ പഴയ കാമുകൻ കൂടുതൽ സ്വാർത്ഥതബുദ്ധി കാണിച്ചു. കല്യാണപന്തലിന്റെ ഒരു മൂലയിൽ ആയിരുന്നു ഞങ്ങൾ ഇടം പിടിച്ചിരുന്നത്. അവളും കൂട്ടുകാരിയും ഞങ്ങളെ കണ്ട മാത്രയിൽ ഒരു മനോഹരമായ ചിരി പാസ്സാക്കികൊണ്ട് അടുത്തേക്ക് വന്നു. നിമിഷം പുരുഷാരങ്ങളെല്ലാം അപ്രത്യക്ഷമായതായി തോന്നി. ഞാനും അവളും മാത്രമുള്ള ഒരു മായികലോകത്ത് പെട്ടപോലെ. അവൾ അടുത്ത് വന്നിരുന്നു, പലതും ചോദിച്ചു. മറുപടി പറഞ്ഞോ? പറഞ്ഞുകാണും, ഓർമയില്ല. നാദസ്വരത്തിന്റേയും, കുരവയിടലിന്റേയും ശബ്ദം ഉയർന്നപ്പോൾ ആണ്ഞാൻ തന്നെ ശൃഷ്ടിച്ച യാന്ത്രികതയിൽ നിന്നും തിരിച്ചുവന്നത്. സംഭാഷണങ്ങൾ തുടർന്നു. മറക്കാൻ ശ്രമിച്ച പ്രണയം വീണ്ടും മൊട്ടിട്ടുവോ? അതിന്റെ വിത്തുകൾ എവിടൊക്കെയോ മുളച്ച് തുടങ്ങുന്നു. അവളറിയുന്നുണ്ടോ എന്നറിയില്ല, വേർപാടിന്റെയും, കാത്തിരിപ്പിന്റെയും, സ്നേഹത്തിന്റെയും ഏതോ രാത്രിമഴ മനസ്സിൽ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. കൂടെ ഇരിക്കുമ്പോഴും നീ അറിയുന്നുണ്ടോ, എന്റെ പ്രണയം ഇപ്പോഴും നിന്നിൽ നിക്ഷിപ്തമാണെന്ന്? മറ്റാർക്കും നല്കാതെ കാത്തുസൂക്ഷിച്ചിട്ടുണ്ടായിരുന്നെന്ന്? 
പറയാൻ മറന്നത് വാക്കുകളായിരുന്നു. എനിക്കിഷ്ടമാണെന്ന വാക്ക്. അതിനേക്കാളുപരി എത്രയോ വട്ടം ഞാൻ നിന്നോട് എന്റെ പ്രണയം പറഞ്ഞിരുന്നു. വാക്കുകളിലൂടെയല്ലെന്നു മാത്രം. അതു നീ അറിഞ്ഞതുമാണ്‌. എന്നിട്ടും നീയെന്തുകൊണ്ട് എന്നിൽ നിന്നും അകന്നു?  മറക്കാൻ ശ്രമിച്ചപ്പോഴും, എല്ലാം മറന്നപ്പോഴും വീണ്ടും വന്ന് എന്നെ എല്ലാം ഓർമ്മിപ്പിച്ചതിന്നന്ദി. ആണുങ്ങൾക്ക് ആദ്യ പ്രണയം അങ്ങനെയാണ്‌. എത്ര വെറുത്താലും, ഒരു ഓർമ്മപ്പെടുത്തൽ മതി, പ്രണയം വീണ്ടും ജനിക്കാൻ. പക്ഷേ, നിങ്ങൾ മറക്കും, അതങ്ങനെയാണ്‌. എന്നാലും എല്ലാ ഓർമ്മകളും, ഇഷ്ടങ്ങളും മായ്ച്ചു കളയാൻ നിങ്ങൾ ഏത് മാന്ത്രികതയാണ്കാണിക്കുന്നത്? അതോ, എല്ലം വിദഗ്ദമായി നിങ്ങൾ മൂടി വെക്കുകയാണോ? സഖീ, ഇതെല്ലാം നിനക്കുള്ള ചോദ്യങ്ങളാണ്‌. നിന്റെ ഉത്തരം കാത്ത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ചോദ്യങ്ങൾ. 

യാത്രയയപ്പിനൊടുവിൽ, എല്ലാം പറയാനും ചോദിക്കാനും മടിച്ചു. പോകുകയാണെന്ന വാക്ക് മാത്രം മനസ്സിൽ കേട്ടു. എന്തായിരുന്നു മറുപടി? പോകരുതെന്നോ? എന്റെ, ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നോ? നമുക്കൊരുമിച്ചൊരു ജീവിതം തുടങ്ങാം, സുഖങ്ങളിലും ദു:ഖങ്ങളിലും ഒരുമിച്ച്. എങ്ങും ഒടുങ്ങാത്ത ട്രയിൻ യാത്രകൾ പോലെ... നീ നടന്നകലുമ്പോഴും എന്റെ ചിന്തകളിൽ നിന്നെ പ്രണയിച്ചുകൊണ്ടേയിരുന്നു. എല്ലാം നഷ്ടപെടാതിരുന്നെങ്കിൽ, ഒരു ദിവാസ്വപ്നത്തിലെങ്കിലും നീ എന്റേതായിരുന്നെങ്കിൽ... 

തിരിച്ചുള്ള ട്രയിൻ യാത്രയിൽ, പ്രതീക്ഷകളില്ലായിരുന്നു. എന്നത്തെപോലെയും ഒടുങ്ങുന്ന ഒരു യാത്ര. ചെന്നെത്തുന്നിടം, വരവേല്ക്കാൻ പുസ്തകങ്ങളും മുഷിഞ്ഞ തുണികളും. പ്രണയ യാത്രകൾ അവസാനിക്കുന്നില്ല. ഓർമ്മകളിൽ, പുസ്തകങ്ങളിൽ, എഴുതിചേർത്തതും ചേർക്കാത്തതുമായ വാക്കുകളിൽ, പാട്ടുകളിൽ, സ്വപ്നങ്ങളിൽ പ്രണയം യാത്ര തുടരുന്നു. ആരെയോ പ്രതീക്ഷിച്ചു കൊണ്ട് !!! 

നീയരികിലില്ലയെങ്കിലിലെന്തു നിന്റെ നിശ്വാസങ്ങൾ, 
രാഗമാലയാക്കിവരും, കാറ്റെന്നെ തഴുകുമല്ലോ...” 

Wednesday, April 20, 2016

ബോംബ് കഥ: മിനി മിലീഷ്യ വേർഷൻ

പോർക്കളത്തിൽ ഇന്ന് ഭീകരമായ അന്തരീക്ഷമായിരുന്നു. കണ്ണിപറമ്പ്‌ റെഡ്സ്‌, പള്ളിയോൾ ബ്ലൂസിനോട്‌ ഇന്നലെ തോറ്റതിന്റെ പ്രതികാരത്തിനു ഇറങ്ങിയതാണ്‌. ഷാജി പാപ്പനും, ഡിങ്കനും, സർബത്ത്‌ ഷമീറും റെഡ്സ്‌നു വേണ്ടി ധീരമായി പോരാടിയെങ്കിലും, അസമയത്ത്‌ ഷാജിപാപ്പന്റെ ആൻഡ്രോയിഡ്‌ ഫോൺ ചാർജ്ജ്‌ തീർന്ന് ധീരചരമം പ്രാപിച്ചു. ജീവിതത്തിൽ പവർ ബാങ്കിനു ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് പാപ്പനു ബോധ്യമായി. പാപ്പന്റെ അസാന്നിദ്ധ്യം മുതലെടുത്ത്‌ കീളേരി അച്ചുവും കൂട്ടരും ബ്ലൂസിനെ വിജയത്തിലേക്കെത്തിച്ചു. കിലുക്കികുത്തി കളിച്ച്‌ ഉണ്ടാക്കിയ മുപ്പത്‌ രൂപയ്ക്ക്‌ അച്ചൂനും ടീമിനും ഡബിൾ ഓമ്ലെറ്റ്‌ വാങ്ങികൊടുത്തതിന്റെ നാണക്കേട്‌ കൂടെയുണ്ട്‌ കണ്ണിപറമ്പ്‌ റെഡ്സിന്‌. 'ഇന്ന് മ്മളു ജയിക്കും, ഞി കണ്ടോ' പാപ്പൻ പറഞ്ഞു. അല്ലേലും പാപ്പൻ സൂപ്പറാ. മോഹനേട്ടന്റെ മോളെ കല്യാണപാർട്ടിക്ക്‌ വന്ന മാവൂരിലെ ചെക്കന്മാരെ പാപ്പൻ ഒറ്റയ്ക്കല്ലെ കൊന്നൊതുക്കീത്‌. പാപ്പന്റെ വിരൽതുമ്പിൽ എന്തോ മാന്ത്രികത ഉണ്ടെന്ന ചെക്കന്മാരൊക്കെ അസൂയകൊണ്ട്‌ പറയുന്നത്‌. 'ഓന്റേല്‌ വേറെ വേർഷനാ...' അന്നു തോറ്റ്‌ തുന്നം പാടിയ ചെക്കന്മാർ അടക്കം പറഞ്ഞു. 'ഇങ്ങനെയുള്ള പാപ്പൻ ജയിക്കും എന്നു പറഞ്ഞാൽ നമ്മളെന്തിനാ പേടിക്കണെ.. ' സർബത്ത്‌ ഷമീറിനു ധൈര്യം വന്നു. പോരാത്തതിന്‌ ഓൻ പവർ ബാങ്കും കൊണ്ടന്നു. പാപ്പന്‌ സന്തോഷായി.
ഡിങ്കൻ തുറന്ന ഹോട്ട്സ്പോട്ടിൽ ഒരോരുത്തരായി കേറി, ഇന്ന് കുമ്മട്ടിക്കാ ജ്യൂസിനായിരുന്നു ബെറ്റ്‌. അതായത്‌ വത്തക്കവെള്ളം, ഇപ്പോ മമ്മൂട്ടിക്കായ്ക്ക്‌ ഇഷ്ടപെട്ടപ്പോ അത്‌ കുമ്മട്ടിക്ക ജൂസ്‌ ആയി. എല്ലാരും റെഡിയായി, കണ്ണിപറമ്പ്‌ റെഡ്‌ ടീം പാപ്പന്റെ കീഴിലും, പള്ളിയോൾ ബ്ലൂ ടീം അച്ചൂന്റെ കീഴിലും അണി നിരന്നു. വിജനമായ കുന്നിലേക്ക്‌ ഓരോരുത്തരായി വായുവിൽ പറന്നിറങ്ങി. എല്ലാ പേരുകളും സ്ക്രീനിൻ വന്നു മാഞ്ഞു പോയി. യുദ്ധം തുടങ്ങി.
കീളേരി അച്ചുവിന്റെ ധൈര്യം ഒഥല്ലോ ആയിരുന്നു. ഉന്നം പിഴയ്കാത്തവൻ. ഷാജി പാപ്പനെ അവൻ പലതവണ മുട്ടുകുത്തിച്ചിട്ടുണ്ട്‌. പറന്നും മാറിമറഞ്ഞും ഒഥല്ലോ വച്ച വെടികളിൽ കൊല്ലപ്പെട്ടത്‌ ആയിരങ്ങളാണ്‌. വാഴ്ത്തപെടാത്ത പോരാളി, ഒഥല്ലോ. മൂന്നാമൻ ചാർളിയെ വളരെ വിരളമായെ കാണാറുള്ളു. ഏതൊരു അമെച്വർ പ്ലേയറും പിന്തുടരുന്ന നി.കൊ.ഞാ. ചാ സ്കീം തന്നെയാണ്‌ ചാർളിയുടേതും. കൊന്നിട്ടുണ്ടേൽ ചത്തിരിക്കും. യുദ്ധകാഹളം മുഴങ്ങി. പുകപാറി. എങ്ങും നിറയൊഴിക്കുന്ന ശബ്ദങ്ങൾ മാത്രം. ഷമീറും, ചാർളിയും അനേകം തവണ മരണപെട്ടു. ഓരോ തവണ കൊല്ലപ്പെടുമ്പോഴും മരിക്കില്ല എന്ന വാശി അവരിൽ ജനിച്ചു. പക്ഷേ, മലയുടെ ഏതെങ്കിലും കോണിൽ പുനർജ്ജനിക്കുമ്പോൾ, കയ്യിൽ പിസ്റ്റൾ ആണെന്ന തിരിച്ചറിവിൽ നിരാശരായി അവർ വീണ്ടും ഒഥല്ലോയ്ക്കും പാപ്പനും മുന്നിൽ അടിയറവുപറയും.
ഡിങ്കനും കീളേരി അച്ചുവും തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു. അച്ചു ബോംബുകൾ ചറപറ എറിഞ്ഞു. ഡിങ്കൻ വിദഗ്ദമായി രക്ഷപെട്ടു കൊണ്ടിരുന്നു. ജീവന്റെ തുടിപ്പുകൾ കുറച്ചുകൂടിയെ ബാക്കിയുണ്ടായുള്ളു. ഡിങ്കൻ ഏതു നിമിഷവും കീഴ്പ്പെടും എന്നായി. പക്ഷെ എങ്ങു നിന്നോ പറന്നെത്തിയ ഒരു ഫസ്‌റ്റ്‌ ഏയ്ഡ്‌ ബോക്സ്‌ ഡിങ്കനെ ശക്തനാക്കി. എങ്ങും ഡിങ്കന്റെ ശക്തിപ്രഭാവം. ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി!! ഡിങ്കകാഹളം മുഴങ്ങി. ചാടിവീണു അച്ചുവിന്റെ തലയ്കു നോക്കി പൊട്ടിച്ചു. അച്ചു ഫ്ലാറ്റ്‌ !!!
ചാർലിയുടെ ലക്ഷ്യം തെറ്റാതെ പറന്നെത്തിയ ബോംബ്‌, സർബത്ത്‌ ഷമീറിനെ പിച്ചി ചീന്തി നാലു കഷണങ്ങളാക്കി. അതുവരെ വിജയപ്രതീക്ഷയുണ്ടായിരുന്ന കണ്ണിപറമ്പയിലെ ചുണക്കുട്ടികൾ വിറച്ചു. ഷമീർ എന്ന വണ്ടി പാളം തെറ്റി നെഗറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക്‌ താഴ്‌ന്നിറങ്ങിക്കൊണ്ടിരുന്നു. പള്ളിയോൾ ബ്ലൂസിനു രണ്ട്‌ പോയന്റ്‌ ലീഡ്‌. ഒഥല്ലോ ഡബിൽ ബാരല്ലുമായി പൊളിക്കുകയാണ്. ഒറ്റ ഒരുത്തനേം നിലം തൊടീച്ചില്ല.വായുവിൽ ഒരു സർക്കസ്സ്‌ അഭ്യാസിയെപോലെ അവൻ കറങ്ങി നടന്നു. ഉന്നം തെറ്റാതെ നിറയൊഴിച്ചു. ഒഥല്ലോയെ തളയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. ഒരു രക്ഷേം ഇല്ല. ഷമീർ തന്റെ കയ്യിലുണ്ടായിരുന്ന ബോംബ്‌ ഒഥല്ലോ വിരാജിക്കുന്ന കുന്നിൻപുറങ്ങളിലേക്ക്‌ വലിച്ചെറിഞ്ഞു. എങ്ങും പച്ചപുകമറ. ആ ചക്രവ്യൂഹം കണ്ട്‌, കർണ്ണനെപോലെ, ഒഥല്ലോ ഒന്നു പകച്ചു. അത്‌ അവനെ വിഴുങ്ങുമെന്ന് തോന്നിച്ചെങ്കിലും, അവൻ പിറകിലെ കുന്നിഞ്ചെരിവിലൂടെ ഊർന്നിറങ്ങി. രക്ഷപ്പെട്ടന്നു കരുതിയ ഒഥല്ലോയെ പക്ഷേ ഡിങ്കൻ കുരുക്കികളഞ്ഞു. അവൻ ഒളിപ്പിച്ചുവച്ച ടൈം ബോംബ്‌ ഏറ്റുവാങ്ങി ധീരനായ ഒഥല്ലോ വീരചരമം പ്രാപിച്ചു.കണ്ണിപറമ്പ്‌ റെഡ്സ്‌ പള്ളിയോൾ ബ്ലൂസിന്റെ ലീഡ്‌ ഒന്നാക്കി കുറച്ചു.
കളി തീരാൻ സെക്കന്റുകൾ കൂടി ബാക്കി. ഒഥല്ലോ നിരായുധനായ സന്ദർഭം മുതലെടുക്കാൻ റെഡ്സ്‌ മുന്നിട്ടിറങ്ങി. ഒഥല്ലോയോട്‌ നേർക്കുനേർ മുട്ടാൻ പേടിയുള്ള ഷമീറും, ഡിങ്കനും അവരുടെ നേതാവിനെ ഉറക്കെ വിളിച്ചു. "ഷാജി പാപ്പാ..."
ആ വിളി, കുന്നിൻപുറങ്ങളിലാകെ അലയടിച്ചു. പാപ്പൻ അങ്ങു ദൂരെ തന്നെക്കാളും വലിയ മിസെയിലും താങ്ങി അലക്ഷ്യമായി വെടിവെച്ച്‌ കളിക്കുകയായിരുന്നു. ആ വിളി കേട്ടതും പാപ്പൻ, ഒഥല്ലോയെ ലക്ഷ്യമാക്കി പാഞ്ഞു.
ഇതേ സമയം, സ്കൂട്ടായ ഷമീറും ഡിങ്കനും അച്ചുവും, ചാർളിയുമായി പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു. പാപ്പൻ തന്റെ 5x ലെൻസ്‌ വെച്ച്‌, ഒഥല്ലോയെ കണ്ടെത്തി. മിസ്സെയിലിന്റെ കാഞ്ചി വലിച്ചു. നേരെ ചെന്ന് പാറക്കല്ലിൽ ഇടിച്ചു. ഒഥല്ലോ ജാഗരൂഗനായി. പതുങ്ങി നിന്നു. പാപ്പന്റെ കയ്യിലെ മിസ്സെയിൽ കൃത്യസമയത്ത്‌ പണികൊടുത്തു. ഉണ്ട തീർന്നു !!! തോൽവി ഉറപ്പിച്ച പാപ്പൻ പിസ്റ്റളുമായി ഒഥല്ലോയ്ക്ക്‌ നേരെ അടുക്കവെ കാലിൽ എന്തോ തടഞ്ഞു. നോക്കിയപ്പോൾ ദേ കിടക്കുന്നു ഒരു സ്നൈപ്പർ. കയ്യിലുള്ള പിസ്റ്റൾ എടുത്ത്‌ ദൂരെ കളഞ്ഞ്‌ സെക്കന്റുകൾക്കുള്ളിൽ പാപ്പൻ മലയിടുക്കുകൾക്കുള്ളിൽ ഒളിച്ചു. ഒഥലോ ഇതേ സമയം തോക്കിൽ ഉണ്ട നിറയ്ക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞു നോക്കുമ്പോൾ പാപ്പൻ അപ്രത്യക്ഷനായിരിക്കുന്നു. ഇത് കണ്ട് അന്തം വിട്ട്‌ നിക്കുന്ന ഒഥല്ലോക്ക്‌ ഒന്നു മാറിമറയാൻ പോലും സമയം കൊടുക്കാതെ അങ്ങു ദൂരെ മലയുടെ മുകളിൽ നിന്നും സൂം ചെയ്ത്‌ പെടച്ച ഒരുണ്ട കൃത്യം മാറു തുളച്ചങ്ങു പോയി. കയ്യിലുള്ള തോക്കും, ബോംബും വായുവിൽ ഉയർന്നു. റെഡ്സും ബ്ലൂസും സമനിലയിൽ.
കളി ഏതാണ്ട്‌ കഴിഞ്ഞപോലെയായിരുന്നു. മരിച്ചു വീണവർ പലയിടങ്ങളിലായി പുനർജ്ജനിച്ചു.
ഡിങ്കൻ നേരെ വീണത്‌ ഒഥല്ലോയ്ക്ക്‌ മുകളിൽ. നേരത്തേ ഏറ്റ പ്രഹരത്തിന്റെ ഞെട്ടൽ മാറാത്ത ഒഥല്ലോയെ നോക്കി , ഡിങ്കൻ കയ്യിൽ കിട്ടിയ തോക്കെടുത്ത്‌ രണ്ടു കാച്ചങ്ങു കാച്ചി. ഒഥല്ലോ വീണ്ടും പരലോകം പൂകി. ഇതു സത്യാണോ എന്നറിയാൻ ഡിങ്കൻ ഒന്നു നുള്ളിനോക്കുക പോലും ചെയ്തു. അപ്പോഴും തോക്കിൽ നിന്നും പുക പാറുന്നുണ്ടായിരുന്നു. ഒരു പോയന്റ്‌ ലീഡോടെ കണ്ണിപറമ്പ്‌ റെഡ്സ്‌ പള്ളിയോൾ ബ്ലൂസിനെ പിന്തള്ളി വിജയിച്ചിരിക്കുന്നു. ഡിങ്കന്റെ ഒടുക്കത്തെ ഒരു വെടി, ആരോ പറഞ്ഞു. മാഷാ ഡിങ്കാ !!! ഡിങ്കൻ ഇരുകയ്യും ഊരയ്ക്ക്‌ കുത്തി ഗമയോടെ അങ്ങനെ നിന്നു. ശക്തരിൻ ശക്തൻ, എതിരാളിക്കൊരു പോരാളി !!!
ഇനി അടുത്ത കല്യാണപന്തലിലോ, ഉത്സവത്തിലോ വെച്ച്‌ കാണാം എന്നു പറഞ്ഞ്‌ പള്ളിയോളിലെ ചുള്ളൻ ചെക്കന്മാർ സ്കൂട്ടായി. പാപ്പനും, ഷമീറും ഡിങ്കനും വത്തക്കവെള്ളം മതിയാവോളം കുടിച്ചു. ഒരു പ്രത്യേക രുചി അവർക്കനുഭവപ്പെട്ടു. വിജയത്തിന്റെ, പ്രതികാരത്തിന്റെ രുചി.

Friday, December 18, 2015

ക്യാമ്പോർമ്മകൾ

NSS Camp - 2012
ചില ദിവസങ്ങളുടെ പുനരാവർത്തനങ്ങൾ ജീവിതത്തിൽ ചിലപ്പോഴൊക്കെ കടന്നുവരാറുണ്ട്. ഇനി അങ്ങനെയൊന്നുണ്ടാവുമോ എന്നൊക്കെ ആശങ്കപ്പെട്ട ദിവസങ്ങൾ... ഇന്നലെ ഞാൻ അങ്ങനെയൊരു മായികലോകത്തായിരുന്നു... ചുറ്റുമുള്ള കാഴ്ച്ചകൾ, സംസാരങ്ങൾ... പ്രതീക്ഷകൾ എല്ലാം കഴിഞ്ഞ കാലത്തെ ഓർമ്മപെടുത്തി, ആ പഴയ NSS ക്യാമ്പ്. ഇന്നലെ കണ്ട മുഖങ്ങളിൽ, കഥാപാത്രങ്ങളിൽ ഞാൻ എവിടെയൊക്കെയോ നിങ്ങളെയെല്ലാം കണ്ടു, ചിലപ്പോൾ നിങ്ങളെ അന്വേഷിച്ചു. ഇവിടെ ഈ നിമിഷം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു. ആദ്യദിവസങ്ങളിൽ പേടിയും നാണവും കലർന്ന മുഖം തട്ടത്തിൽ മൂടിയ നസ്രീനയെ,ഓരോരോ മിനുക്കുപണികളുമായി സ്പാന്നറും, സ്ക്രൂ ഡ്രൈവറുമായി നടക്കുന്ന മുനീറിക്കയെ, എല്ലാത്തിനും ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം തന്ന അനീബിക്കയെ, നാടൻപാട്ടുകളാൽ താളം തീർത്ത Mec-യെ.. അങ്ങനെ ഒരുപാട് മുഖങ്ങൾ . തെങ്ങോട് സ്കൂളിൽ നാം നട്ട മാവിൻ തൈകൾ പൂത്തത് പോലെ, അന്നത്തെ ഓർമ്മകൾക്ക് മാമ്പൂവിന്റെ സുഗന്ധം, മാമ്പഴങ്ങളുടെ മധുരം.. !!!
(Notes on 18-Dec-2015, Day 2, MEC NSS Camp 2015)

Wednesday, April 1, 2015

ഇടുക്കി ഗോൾഡ്

ODC യിൽ നിന്നും ഇടുക്കിയിലേക്ക് ഒരു വൺ ഡേ ട്രിപ്പ് പോകുകയാണ്‌. പോകണോ എന്നുള്ള തീരുമാനം എടുക്കാൻ ഏറെ താമസിച്ചെങ്കിലും, ട്രിപ്പിനു രണ്ട് ദിവസം മുന്നെ ഭൂരിഭാഗം പേരും പോകും എന്നു ഉറപ്പിച്ചപ്പോൾ അവരുടെ കൂടെ ഞാനും തീരുമാനിച്ചു, പോയേക്കാം. 
പുട്ടും ബാലുവും സ്മാർട്ടിയും വരില്ലെന്നറിഞ്ഞപ്പോൾ അവരെ മിസ്സ് ചെയ്യും എന്നുറപ്പായിരുന്നു. ഏല്ലാവരും എല്ലായ്പ്പോഴും കൂടെ ഉണ്ടാവില്ലെന്ന വസ്തുത കണക്കിലെടുത്ത്, ഊർജ്ജം കൈവരിച്ച് ട്രിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 

ഉറക്കം അതിന്റെ പാതിവഴിയിൽ എത്തിനില്ക്കെ, എതോ ദിവാസ്വപ്നത്തിലെന്നപോലെ മൊബൈൽ ഫോൺ ചിലച്ചു. ഇന്നലെ ഉറങ്ങാൻ കിടന്നപ്പോൾ വച്ച അലാറം കിടന്നു കൂവി. വിളിക്കണം, എണീപ്പിക്കണം എന്നൊക്കെയുള്ള ചില അഭ്യർത്ഥനകൾ മാനിച്ച് രണ്ടുമൂന്നു പേരെ വിളിച്ചുണർത്തി. ഒരു കാക്കക്കുളിയും കഴിഞ്ഞ് ഇന്നലെ നട്ടപ്പാതിരയ്ക്ക് തേച്ചുവെച്ച ഷർട്ടും, ജീൻസും എടുത്തിട്ട്, റൂംമേറ്റിന്റെ കയ്യിൽനിന്നും കടം വാങ്ങിയ ക്യാമറയും കയ്യിലേന്തി റൂമിൽ നിന്നിറങ്ങി. 

മനു വിളിച്ചു. ഇറങ്ങിയെന്ന് പറഞ്ഞു. 
വഴിയിൽ കാത്തുനിന്ന് പോസ്റ്റാക്കുന്നതിനു മുന്നെ അവൻ വന്നു. നേരെ ഇൻഫോപാർക്കിലേക്ക്. 

ഉദ്ദേശിച്ച സമയത്തിൽ നിന്നും വലിയ ഭേദഗതികളില്ലാതെ തന്നെ ഇൻഫോപാർക്കിൽ നിന്നും ബസ് കൃത്യം 7 30 ന്‌ പുറപ്പെട്ടു. അൽ കൂത്തിന്‌ (അനുരാജ്) വൈകിയതിന്റെ ശിക്ഷയായി നടയടി കൊടുത്തായിരുന്നു ആരംഭം. വഴിയോരങ്ങളിൽ നിന്നും പെറുക്കികൂട്ടിയവരെ കൂട്ടി എണ്ണം തികച്ചപ്പോൾ മൊത്തം 32 പേർ. പലരും അങ്ങിങ്ങായി സീറ്റ് പിടിച്ചിട്ടും, കിടന്നിട്ടും, നെഞ്ചും വിരിച്ചിരുന്നിട്ടും, സീറ്റുകൾ നിരവധി ബാക്കി. ബസ്സ് ആലുവയും പെരുമ്പാവൂരും കടന്ന് യാത്ര തുടർന്നു. 
വിശപ്പിന്റെ വിളി, അത് ഒരേ വികാരത്തോടെ എല്ലാവരുടെ വയറ്റിലും ഏറ്റ് വിളിച്ചു. ഹോട്ടലുകൾക്ക് വേണ്ടിയുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തുന്നത് തൊടുപുഴയിൽ നിലകൊള്ളുന്ന എതോ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ. 

ഒരു ആവറേജ് നെയ്‌റോസ്റ്റ്. 

ദോശ വേണ്ടെന്ന് കാറിയവരും, പൂരിമസാലയുടെ അസ്സാന്നിധ്യത്തിൽ ദോശയ്ക്കുമുന്നിൽ അടിയറവ് പറഞ്ഞു. നിറഞ്ഞ വയറുകളും, ചിരിക്കുന്ന മുഖങ്ങളുമായി യാത്ര തുടർന്നു. 

‘ഫുഡ് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്‌’ - സജീവ് സജീവ് (തട്ടത്തിൻ മറയത്ത്). 

പിറകിൽ ODC യിലെ പുതിയ ഭാവഗായകൻ അതുലിന്റെ ‘വേൽമുരുകാ..’ എന്ന ഭക്തിസാന്ദ്രമായ അടിച്ചുപൊളി പാട്ടോടുകൂടി സംഗീതകച്ചേരി തുടങ്ങി. മൈക്ക് എത്തിയതോടെ ഗായകസംഘം ഉണർന്നു. അവിയൽ പരിവത്തിൽ പാട്ടുകൾ ഒഴുകി. 

ഷമീർ aka ഉമ്പായിയുടെ ഗസൽസ്. 
പണ്ടെങ്ങോ കേട്ടുമറന്ന മാപ്പിളപാട്ടിന്റെ ഈണങ്ങൾ വീണ്ടും ഷമീറിന്റെ ശബ്ദത്തിൽ... 

‘നെഞ്ചിനുള്ളിൽ നീയാണ്‌..’ 
‘ഒട്ടകങ്ങൾ വരിവരിവരിയായി...’ 

ഇടയ്ക്ക് വെച്ച് ഒരു കാര്യവും ഇല്ലാതെ പറയാതെ അറിയാതെ പാടാൻ ഷമീർ നടത്തിയ പാഴ്ശ്രമം, കൂവലുകൾക്കും, ചീത്ത വിളികൾക്കും ഒട്ടേറെ അവസരങ്ങൾ കൊടുത്ത് കടന്നുപോയി. 

പാടാൻ എല്ലാവരേയും ക്ഷണിച്ചു. നയനച്ചേച്ചിയും, രാഹിണിയും പാടിത്തകർത്തു. ഇടയ്ക്ക് ടീമുകളായി മാറി, കുന്ദംകുളം ടീമും മറ്റ് അല്ലറച്ചില്ലറ ലോക്കൽസും ഋഷഭവും ഗാന്ധാരവും കൈമാറി പാട്ടുമൽസങ്ങളിൽ വരെയെത്തി. സംഗീതം അലയും തോറും അകലം കൂടുന്ന മഹാസാഗരം.. ഈ തിരിച്ചറിവിൽ കടലിനേയും മൽസ്യങ്ങളേയും ഓർത്ത് അൽ കൂത്ത്, ദർബാർ രാഗത്തിൽ ഒരു ഫിഷ് റോക്ക് അങ്ങലക്കി. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ മനസ്സിൽ ചൊല്ലിത്തന്ന അമ്മയെ മനസ്സിൽ ധ്യാനിച്ച് മേഘത്തേരിലും, ഹരിമുരളീരവവും, തുടങ്ങിയ ഗാനങ്ങൾ ഒരൊറ്റ സംഗതിപോലും കളഞ്ഞുപോവാതെ odc യിലെ ഓരോ ആൺതരിയും ഒറ്റക്കെട്ടോടെ ശ്രുതിയും താളവും ചേർത്ത് നശിപ്പിച്ച് കയ്യിൽകൊടുത്തു. പിന്നെ ആകെക്കൂടെ ഒരു ബഹളം ആയിരുന്നു. ഒടുവിൽ, മഹാസാഗരത്തിന്റെ കരയിലിരുന്ന് കക്കപെറുക്കി കഴിഞ്ഞപ്പോൾ, മൈക്ക് തിരിച്ചുകൊടുത്തു. 

പാട്ട് മതിയെന്നും ഇൻ അന്താക്ഷരിക്ക് സ്കോപ്പ് ഇല്ലെന്നും മനസ്സിലാക്കി, Dumb C കളിക്കാം എന്ന ആശയത്തിലുടക്കി രണ്ട് ടീമുകളായി പിരിഞ്ഞു. വീറും വാശിയും നീണ്ടുനിന്ന പോരാട്ടത്തിൽ രണ്ട് ടീമും തുല്യമായി പോയന്റുകൾ പങ്കിട്ടു. ഇനി വേറെ മൽസരങ്ങളൊന്നും എന്നായി. ബസ് പതിയെ ഇടുക്കിയിലേക്കുള്ള പാത പിന്തുടർന്നുകൊണ്ടിരുന്നു. 


ഇടുക്കി ഗോൾഡ് എന്നു പേരിട്ടിട്ട്, ഇടുക്കിയിലേക്കുള്ള ട്രിപ്പ് എന്നു പറഞ്ഞിട്ട് ഇതിലെവിടെ ഇടുക്കി?? എന്ന തികച്ചും ന്യായമായ ഒരു ചോദ്യം ഉയർന്നുവന്നു കാണും, സ്വാഭാവികം. ഈ ഇടുക്കി ട്രിപ്പ് കുറേയൊക്കെ അങ്ങനെയായിരുന്നു. 

ഇടുക്കിയെ പറ്റിപ്പറയുമ്പോൾ പണ്ട് ഞാൻ ഇരുട്ടത്ത് കണ്ട ഇടുക്കിയാണ്‌ എനിക്കോർമ്മ വരുന്നത്. അന്ന്, പ്രണയനൈരാശ്യം കൊണ്ട്, വിവശതയും, വിഷമവും പേറിയ രണ്ട് യുവഹൃദയങ്ങൾ ‘ഒരു കിറുക്കൻ സ്വപ്നത്തിന്‌’ പിറകെ നട്ടപാതിരയ്ക്ക് വെച്ചുപിടിച്ച ഇടുക്കി യാത്രയിൽ പങ്കാളിയായപ്പോൾ കണ്ട ഇരുട്ടും, വിജനതയും നിറഞ്ഞ കാഴ്ച്ചകൾ പകൽവെളിച്ചത്തിൽ കൂടുതൽ വ്യക്തതയോടെ കാണുമ്പോൾ മനസ്സുനിറയേ ആത്മസംതൃപ്തിയും അമ്പരപ്പും നിറഞ്ഞുനില്ക്കുന്നു. അന്ന് എന്തിന്‌ അങ്ങനെയൊരു യാത്ര എന്ന ചോദ്യം തന്നെയാണ്‌ മേല്പറഞ്ഞ അമ്പരപ്പ് ശൃഷ്ടിക്കാൻ ഇടവരുത്തിയത്. 
ആ കാഴ്ചകൾ വീണ്ടൂം തെളിഞ്ഞു. 
പാതിവഴിയിൽ സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ വീണ്ടൂം പരീക്ഷിക്കാനായി സഹചാരികൾ നടത്തിയ പരിശ്രമങ്ങൾക്ക് ഇടം പിടിച്ച ഒറ്റപ്പെട്ട പാലം.ഇരുപുറവും ഇരുട്ട്. ആർത്തുവിളിക്കാൻ മനസ്സ് വെമ്പൽകൊണ്ടു. അപ്പോൾ വിദൂരതയിൽ നിന്നും ഒരു വെളിച്ചം വീശി. ക്യാമറയിൽ നിന്നുയർന്ന ഫ്ലാഷ് അതിനെ നിഷ്പ്രഭമാക്കി. ഇടുക്കിയിൽ നിന്നും വരുന്ന ഒരു ജീപ്പ് അയിരുന്നു അത്. ഇരുട്ടിൽ വ്യക്തമാകാത്ത രണ്ടുമുഖങ്ങളിൽ ഒന്ന്, പെട്ടെന്ന് സ്ഥലം വിട്ടുകൊള്ളാനും, വെറുതെ ആനകൾക്കും പോലീസിനും മുന്നിൽ അകപ്പെടെണ്ട, എന്നും വളരെ മാന്യമായി പറഞ്ഞു. ജീപ്പ് മുന്നോട്ട് നീങ്ങി. താമസിയാതെ എതിർദിശയിൽ ഞങ്ങളും. 

പിന്നീട് കണ്ട കാഴ്ചകൾ വിരളമായിരുന്നു. സിവിൽസ്റ്റേഷൻ ഇടുക്കി എന്ന് മഞ്ഞപൂശി കറുപ്പുനിറത്തിൽ നാമകരണം ചെയ്ത ബോർഡിൽ തൂങ്ങിനിന്ന് പടം പിടിച്ചതും, അടച്ചുപൂട്ടിയ ഇടുക്കി ഡാമിനെ നോക്കി ആകാശത്തേക്കുയർന്ന് പൊങ്ങിയ പുകച്ചുരുളുകൾക്ക് സാക്ഷിയായതും, ബ്രസൂക്ക എന്ന ഓമനപ്പേരിൽ ബ്രസീൽ ലോകകപ്പിനെ പ്രതിനിധാനം ചെയ്ത പന്ത് തട്ടിക്കളിച്ചതും ഓർമ്മകൾ. തിരിച്ചുള്ള യാത്രയിൽ ഉറങ്ങിപ്പോയിരുന്നു, സ്വപ്നത്തിൽ നിന്നെഴുന്നേറ്റ പോലെ തിരിച്ചെത്തി. ഓഫീസിൽ ചെന്ന് ഈ കഥകൾ ചേച്ചിമാരെ കേൾപ്പിച്ചപ്പോൾ ശകാരങ്ങളൂം ഉപദേശങ്ങളും എന്നെ പൊതിഞ്ഞു. അപ്പോൾ വീണ്ടും ആ ചോദ്യം മനസ്സിൽ കിടന്നുകളിച്ചു. എന്തിനായിരുന്നു? 

ഇടുക്കി ഡാം കാഴ്ച്ചക്കാർക്ക് വേണ്ടി താൽക്കാലികമായി തുറന്ന് കൊടുക്കുന്നു എന്നുള്ള പത്രവാർത്ത കണ്ട അന്നുമുതൽ ഡാം കാണണം എന്നുള്ള റാഫിയുടെ കലശലായ മോഹമാണ്‌ ഇന്ന്, ഇപ്പോൾ, ഈ പൊരിവെയിലത്ത് നടക്കാൻ പോകുന്നത്. ട്രിപ്പിനു വന്ന 32 പേരെ നടത്തിക്കാനും!!! 
ഡാമിന്റെ പ്രവേശനകവാടത്തിനും അപ്പുറത്ത് മറ്റൊരു കൗണ്ടറിലാണ്‌ ടിക്കറ്റ് കൊടുത്തിരുന്നത്. അവിടെനിന്നും എല്ലാവർക്കുമുള്ള ടിക്കറ്റ് വാങ്ങി പ്രവേശനക്കവാടത്തിൽ എത്തിക്കുമ്പോഴേക്കും, സകലമാന പെൺജനങ്ങളും കുടയൊക്കെ ചൂടി, കയ്യിൽ വെള്ളക്കുപ്പികളുമായി 2km-ഓളം നീളുന്ന, ഇടുക്കി ഡാം ട്രക്കിങ്ങിന്‌ തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. എല്ലാവരും സെറ്റ് ആയപ്പോഴെക്കും, പ്രവേശനം അനുവദിച്ചുകൊണ്ട് എണ്ണം പറഞ്ഞ 32 ടിക്കറ്റുകൾ രണ്ടായിമുറിഞ്ഞ് നിലം പൂകി. പയ്യെ ഓരോരുത്തരായി അകത്തേക്ക് കയറി. 

കയ്യിൽ വാട്ടർബോട്ടിലും, മുഖത്ത് വിടർന്ന ചിരിയും, വർണ്ണക്കുടകളുമായി ചലിക്കുന്ന IT പ്രൊഫഷണൽസ്, ഒരു നിമിഷത്തേക്ക് ഡാം കാണാൻ സ്റ്റഡി ടൂർ വന്ന ഒരു കൂട്ടം ആറാം ക്ളാസ് പിള്ളേരെ പോലെ തോന്നിപ്പിച്ചു. ആദ്യദർശനസ്ഥലത്തിന്റെ ജാള്യത മറയ്ക്കാൻ പലരും അവരവരുടെ രീതിയിൽ എല്ലാം ഒരാഘോഷമാക്കി. 

കിലോമീറ്റേർസ് ഏൻഡ് കിലോമീറ്റേർസ് പണിതിട്ടിരിക്കുന്ന ഇടുക്കി ഡാം, മുഴുവനായും നടന്നുകാണുക എന്ന ദൗത്യം ഓരോരുത്തരും മനസ്സിൽ കുറിച്ചിട്ടു. ഇരുപുറവും തിങ്ങിനില്ക്കുന്ന നീലജലാശയം ഭൂരിഭാഗം പേരേയും ആകർശിച്ചു. ഡാമിന്റെ മതിലിനോട് ചേർന്ന് താഴോട്ടും നോക്കി കുറേ നേരം നിന്നു. ഇതിനിടയിൽ ഇടുക്കി ഡാമിന്റെ ചരിത്രം റാഫി പറഞ്ഞുതുടങ്ങിയിരുന്നു. മൂന്ന് ഡാമുകൾ ചേർന്നതാണത്രെ ഇടൂക്കി ഡാം (ഇതേ ഓർമ്മയുള്ളു. ബാക്കി വിക്കിപീഡിയ നോക്കിയാൽ കിട്ടും ;) ). റാഫി ചരിത്രം വിളമ്പുമ്പോൾ നമ്മുടെ പടച്ചേരി രേഷ്മ, ഡാമിന്റെ ഭൂമിശാസ്ത്രവും, നിർമ്മാണരീതികളേയും കുറിച്ച് വാതോരാതെ സംസാരിച്ചു. പണ്ടുപണ്ട്... ഈ നാട്ടിൽ റോഡ് പോയിട്ട് ഒരു ഇടവഴിപോലും ഇല്ലാതിരുന്ന സമയത്ത്, ആരാണ്ട് ഹെലികോപ്റ്ററിൽ വന്നു ആകാശത്തീന്ന്, ഭൂമിയിലേക്ക് ഇറക്കിവെച്ചതാണത്രെ ഇന്നുനാം കാണുന്ന ഈ ഡാം. ഭയങ്കരം തന്നെ.. ലെ?? 

രേഷ്മയെ നോക്കീട്ട് ‘ങ്ങളെന്തൊരു വെറുപ്പിക്കലാണ്‌ ബാബ്വേട്ടാ...ഭയങ്കര വിടലാണല്ലോ..’ എന്ന് പറയണം എന്നുണ്ടായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം അതിന്‌ അനുവദിച്ചില്ല. 
ആദ്യത്തെ ഡാമിൽ നിന്നും രണ്ടാമത്തിലേക്ക് പോകുന്നവഴിക്ക് ഇടത്തെ ഭാഗത്തായി ഒരു കുന്ന് സ്ഥിതിചെയ്യുന്നു. അതിലെവിടെയോ നിന്ന് നേർത്ത മഴത്തുള്ളികണക്കെ, തണുത്ത ജലകണികകൾ താഴോട്ട് ഒഴുകികൊണ്ടിരിക്കുന്നു. കയ്യിൽ ഉണ്ടായിരുന്ന കുട മാറ്റിപ്പിടിച്ച് ചിലർ അതിനടിയിൽ പോയി നിന്നു. ആവരുടെ മുഖഭാവങ്ങളിൽ ആ ജലം നല്കിയ കുളിർമ്മ വ്യക്തമായിരുന്നു. വലതുഭാഗത്തെ ജലഅശയം പതിയെ കാണാതായി. പകരം ചെറിയ കാടുകളായി. വീണ്ടും നടന്നു. ക്യാമറ അനുവധിക്കാത്തതിനാൽ ഫോട്ടോക്ക് പോസ് ചെയ്യൽ മഹാമഹം നടന്നില്ല. എല്ലാവരും വളരെ ശാന്തരായി നേരത്തെ പറഞ്ഞ ആറാം ക്ളാസ് പിള്ളേരെപോലെ മുന്നോട്ട് നടന്നു. 
കാഴ്ച്ചകൾക്ക് നിറം മങ്ങിത്തുടങ്ങിയിരുന്നു.വെയിൽ അസ്സഹനിയതയിലേക്ക് വഴിമാറി. ആദ്യമൊക്കെ കുടയില്ലാതെ നടന്നെങ്കിലും ഇടയ്ക്കുവെച്ച് ചില കുടകളിൽ അഭയം തേടേണ്ടിവന്നു. 
ഡാം No. 2, മഞ്ഞപുതപ്പിട്ട മതിലുകൾ, നേരത്തെ കണ്ടതിലും നീലിമയാർന്ന ജലാശയം. അതിന്‌ ഒത്ത നടുവിലായി ജങ്കാർ പോലെ എന്തോ ഒന്ന് കിടപ്പുണ്ടായിരുന്നു. ആർക്കും വല്യ വ്യക്തതയില്ലാത്തതിനാൽ അതിനെ ജങ്കാർ എന്നു തന്നെ മുദ്രകുത്തി. അടുത്ത ഡാമിനോട് ചേർന്ന് അസാധരണമായ എന്തോ ഒന്ന് കണ്ടതിന്റെ ആഹ്ളാദം എല്ലാ മനസ്സിലും അലയടിച്ചു. ഒരു വലിയ ഗുഹ. വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്. ഉള്ളിൽ ഇടയ്ക്ക് നിശബ്ദത. ഇടയ്ക്ക് ചിലർ കൂവി.എല്ലാ ശബ്ദങ്ങളും പാറഭിത്തിയിൽ ഇടിച്ച് പലതവണ ആവർത്തിച്ചു. പുറത്തേക്കെത്താറായപ്പോൾ, പാറകളിൽ, നന്നേ ഉയരത്തിൽ പല പേരുകളും എഴുതിവച്ചിരിക്കുന്നു. 

ചൂട് അസഹനീയമായി മാറി. തണലുകൾ തേടിയലഞ്ഞു. ഐസ് ക്രീമുകൾ ചൂടപ്പം പോലെ വിറ്റുപോയി. ചിലർ ഇളനീരിൽ ദാഹമടക്കി. ഇടുക്കി ഡാം കണ്ടും, വെയിലത്ത് നടന്നും, തളർന്ന മുഖങ്ങളിൽ മനസ്സിൽ പതിയുന്ന ഒരു കാഴ്ച്ചയോ സംഭവങ്ങളോ നടക്കാത്തതിനന്റെയും, പ്രതീക്ഷകൾ ഒരുപാട് തന്ന ട്രിപ്പ് ഇങ്ങനെയായി ഒടുങ്ങുമോ എന്നുള്ള ആശങ്ക തളം കെട്ടി. എല്ലാവർക്കും ഒരുതരം മടുപ്പ് അനുഭവപ്പെട്ടു. കൂട്ടം തെറ്റിനടന്ന പടകൾ എല്ലാം പതിയെ എത്തിചേർന്നു. ഞാനും സുമിത്തും വഴിയിലെവിടെയോ ഒരു വേരിൽ തളർന്നിരുന്നു. ഇതിനിടയിൽ മലകേറി പോയ രാഹിണിയെ ഒരു ജനവിഭാഗം കുറേനേരം നോക്കി നിന്നു. അതൊരു ചർച്ചാവിഷയം ആവുകയും, പരസ്പരം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു കൊണ്ടിരിക്കെ,മൂലകാരണം അന്വേഷിച്ച് പോയവർ, ഒന്നും മനസ്സിലാകാതെ തിരിച്ചുവന്നു. അങ്ങനെ ഇടക്കാലാശ്വാസം നല്കിയ ഞങ്ങളുടെ ഇരിപ്പവസാനിപ്പിച്ച് പൊടിതട്ടി എഴുന്നേറ്റു.

ഇനിയും താഴോട്ട് നടക്കണമത്രെ. നടന്ന് നടന്ന് ഒരു അന്തോം കുന്തോം ഇല്ലാതായപ്പോൾ, കുറച്ച് ടീംസ് ksrtc ബസ് പിടിച്ച് നമ്മുടെ സ്വന്തം ബസ്സ് പിടിക്കാൻ പോയി. പോസ്റ്റടിച്ച് ഭ്രാന്ത് പിടിച്ച് നില്ക്കുമ്പോൾ, ഒരു കൊച്ചിന്‌ ഏറുമാടത്തിൽ കേറണമെന്ന്. അവളൂടെ ഒരു ഏറുമാടം!! 

കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട് ബസ്സ് വന്നു. അതിന്റെ പാതിയടഞ്ഞ ജനവാതിലിലൂടെ ദൂരെയായി, ഇടുക്കി ഡാം കാണപ്പെട്ടു. ഓർത്തുവെയ്ക്കാൻ ഒന്നുമില്ലാതെ ഒരു ദിവസത്തിന്റെ പാതികാർന്നുതിന്ന് നശിപ്പിച്ച കാർണോരേ.. അങ്ങേയ്ക്ക് വിട!! 

എല്ലാത്തിനും മീതെ ഉച്ചഭക്ഷണം ആണെന്നുള്ള വെളിപാടുണ്ടായി. തരക്കേടില്ലാത്ത ഒരു മീൽസ് അകത്താക്കികൊണ്ടിരിക്കുമ്പോൾ ഹോട്ടലിലെ TV യിൽ മണിച്ചിത്രത്താഴ്. ലാലേട്ടന്റെ Dr. സണ്ണി എന്ന അവതാരം വന്നുകേറുന്ന രംഗം. 
‘സണ്ണിക്കുട്ടാ...’, കുറച്ച് നേരം ലയിച്ചിരുന്നു. ‘മണിച്ചിത്രപൂട്ടിട്ട് പൂട്ടും’ എന്നു പറഞ്ഞപ്പോൾ ഞാൻ അടങ്ങുന്ന ലാലേട്ടൻ ഫാൻസ് മുഖത്തോട് മുഖം നോക്കി മന്ദഹസിച്ചു. ഭക്ഷനം കഴിച്ച് കഴിയുന്നതിനും മുന്നെത്തന്നെ വാട്ട്സാപ്പിൽ സജീവിന്റെ ഹോട്ടൽ പ്രേമം നിറഞ്ഞുനിന്നു. ഹോട്ടലിന്റെ ഒരു കളറുപടം ഗ്രൂപ്പിൽ പതിഞ്ഞിരിക്കുന്നു. അതിനു തൊട്ടമുകളിലായി, രാവിലെ കയറിയ ഹോട്ടലിന്റെ ചിത്രവും. ട്രിപ്പിന്‌ വരാത്തവർക്ക് ആവേശം കേറി. ഹോട്ടലുകളിലേക്കാണോ ട്രിപ്പ് എന്നു വരേ ചോദ്യം വന്നു. എന്തുചെയ്യാൻ, അല്ലാന്ന് പറയാൻ ഡാമിന്റെ ഒരു പടം പോലും ആരുടെയും കയ്യിലില്ലല്ലോ. ‘Photography is prohibited!! ’ , തേങ്ങാക്കൊല. ഒരു ഫോട്ടോ എടുത്താൽ എന്താ, ഡാം ഇടിഞ്ഞുപോകുവോ? (പുച്ചം) 

പുതിയമേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്ര തുടർന്നു. ഇനി ക്യാമറ എടുക്കാം എന്നുള്ള ആശ്വാസത്തിൽ, ക്യാമറ എടുത്ത് പൊടിതട്ടിവച്ചു. നല്ല മലയാളം പ്രണയഗാനങ്ങൾ കേട്ട് എല്ലാവരും പാതിമയക്കത്തിലായി. എന്റെ പാട്ട് സെലക്ഷനേക്കുറിച്ച് റാഫി appreciate ചെയ്യുന്നുണ്ടായിന്നു. appreciate ചെയ്യുന്നത് ഒരു കലയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് റാഫി ചെയ്യുമ്പോൾ മാസ്റ്റർപീസും. ലോകത്തിലെ എല്ലാ മാനേജർമാരും ഇങ്ങനെയായിരുന്നെങ്കിൽ!! 

ബസ്സ് എതോ ഒരു കുന്നിന്റെ ഒരു വശത്തായി ചരിഞ്ഞു നിർത്തിയിരിക്കുന്നു. ഞാനും അൽകൂത്തും ആദ്യം ഇറങ്ങി. അല്പസമയം കഴിഞ്ഞ് ബാകി എല്ലാവരും. നേരെ നോക്കിയപ്പോൾ കുറച്ച് അകലെയായി ഒരു വലിയ കുന്ന് പ്രത്യക്ഷമായി.പതിയെ കേറി തുടങ്ങിയപ്പോൾ ആണ്‌ സംഗതി പിടികിട്ടിയത്. ഇപ്പോൾ കഷ്ടപ്പെട്ട് കേറിക്കൊണ്ടിരിക്കുന്നത് കുരിശുമല. ഇടയ്ക്കിടയ്ക്ക്ആയി അങ്ങു മുകളിൽ വരെ ഏകദേശം ഒരേ വലുപ്പത്തിൽ പണിതിരിക്കുന്ന കുരിശുകൾ സ്ഥാപിച്ചിരിക്കുന്നു. യേശു ക്രൂശിക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ. വാഗമണിലെ കുരിശുമല മനസ്സിൽ തെളിഞ്ഞു. ഏറ്റവും മുകളിലാണത്രെ പ്രധാന കുരിശ്, അത് കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്‌ ടാസ്ക്. അവിടെ എന്തോ ബിരിയാണി കൊടുക്കുന്നുണ്ടെന്ന് വിചാ‍ാരിച്ചിട്ടാണെന്ന് തോന്നുന്നു, എല്ലാവരും ഓടിയും ചാടിയും കിതച്ചും ആവേശഭരിതരായി കുന്നുകേറുന്നുണ്ടായിരുന്നു. ഞങ്ങൾ കുറച്ചുപേർ പതിയെ പോസ്റ്റടിച്ചു. ക്യാമറക്കണ്ണൂകൾ ചലിച്ചു. എങ്കിലും, ഇവയെല്ലാം ഒരു ജിഗ്സോ പസ്സിളിന്റെ പൂർത്തീകരിക്കാത്ത രൂപാമായിട്ടെ തോന്നിയുള്ളു. രണ്ട് മൂന്ന് ക്ളിക്ക്സിനു ശേഷം ക്യാമറയ്ക്കും ബോറടിച്ചു. ഞനും സുമിത്തും എൽദോസും പമ്പനും മുഖത്തോട് മുഖം നോക്കിനിന്നു. 
കുറച്ച് കഴിഞ്ഞപ്പോൾ താഴോട്ട് പോയ എൽദോസിനേയും സുമിത്തിനേയും അനുഗമിച്ച് ചായ കുടിക്കാമെന്നുള്ള ചിന്തയിൽ എഴുന്നേറ്റപ്പോൾ, എൽദോസിന്റെ കോൾ. 

‘അളിയാ, ഇവിടടുത്തൊരു റിസർവോയറുണ്ട്. അങ്ങോട്ട് പോയാലോ??’ എല്ലാരും സമ്മതം മൂളി. 

ഓട്ടോ വന്നതും, അതിൽ കേറി സംഭവസ്ഥലത്ത് എത്തിചേർന്നതും വളരെ പെട്ടെന്നെന്നപോലെ തോന്നി. ഇപ്പോൾ താഴോട്ട് വീഴും എന്ന് തോന്നിച്ചുകൊണ്ടായിരുന്നു ഓട്ടോ നിർത്തിയത്. അതിൽ നിന്നും ഇറങ്ങി, കണ്ടകാഴ്ച്ചകളിൽ കുറച്ച് നേരം സ്ത്ബ്ധനായി നിന്നു. മായാത്ത പുഞ്ചിരിയാൽ എല്ലാവരേയും നോക്കി. ആ ഒരു പ്രസന്നത പലരിലും കണ്ടൂ. ദൂരെ മനുവും ജിമ്മും ധുണ്ണിയും ഞങ്ങളെ നോക്കി കൈവീശി. അതിനും മീതെയായി പച്ചപുൽത്തകിടൂകൾ തീർത്ത ‘കാൽവരി മൗണ്ട്’ 
(അതായിരുന്നു പേര്‌. വളരെ വൈകിയാണറിഞ്ഞത്.) ശിരസ്സുയർത്തിനിന്നു. ഇടുക്കി ട്രിപ്പിനെ ഇടുക്കി ഗോൾഡ് ആക്കി മാറ്റുന്ന, ലഹരി പകർന്ന അവിസ്മരണ‍ീയമായ മുഹൂർത്തങ്ങൾ!!! ദൂരെ റിസർവോയർ കാണാം, നീലജലാശയം, നിശ്ചലം, നിശബ്ദം. എല്ലാ മുഖങ്ങളും പ്രകാശിച്ചു. നടന്ന്‌ കുന്നുകയറി കറങ്ങിത്തിരിഞ്ഞ് താഴെയെത്തിയ ഒരു കൂട്ടത്തെ, ഓട്ടോ പിടിച്ച് വന്ന ഞങ്ങൾ പുച്ചിച്ചുതള്ളി. അവർ കാണിച്ച ആവേശത്തിന്റെയും, കഠിനാധ്വാനാത്തിന്റെയും വിയർപ്പുത്തുള്ളികൾ ഞങ്ങളുടെ മുൻപിൽ ലജ്ജിച്ച് തലതാഴ്ത്തി. സൗന്ദര്യപ്പിണക്കങ്ങൾക്ക് വിരാമമിട്ട് ഒരു ഗ്രൂപ്പ് ഫോട്ടോ അങ്ങ് തട്ടി. സംതൃപ്തി നിറഞ്ഞ 31 മുഖങ്ങൾ അതിൽ നിറഞ്ഞു. വന്ന വഴിയിൽ തിരിച്ച് നടന്നു. വഴിയിൽ നാരകങ്ങളിൽ നിറഞ്ഞ ബബ്ലൂസ്സ് നാരങ്ങകളിൽ കണ്ണുടക്കി. പൂക്കൾ പറിച്ചു. 

അങ്ങനെ ഒരു വൺ ഡേ ട്രിപ്പിന്റെ ക്ലൈമാക്സിലേക്ക്. 

ചായക്കുടിയും, ചില സിംഗിൾസും ഒക്കെയായി സമയം പിന്നെയും കടന്നൂ. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഗൃഹനാഥകളായ ചേച്ചിമാർ ബഹളം വെച്ചു, തൽഫലം എല്ലാവരും പെട്ടെന്ന് ബസ്സിൽ കേറി. മടക്കയാത്രയിൽ എല്ലാവർക്കും ട്രിപ്പിനെക്കുറിച്ച് സംസാരിക്കാൻ അവസരം നല്കി. പലരും അൽകൂത്തിന്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളെ നേരിട്ടു. അതുലിന്റെ പാട്ടുകളും, ഷോ മീർ ചളികളുമായി സമയം ഒരുപാട് കടന്നുപോയി. വഴിയിൽ പലരും കൊഴിഞ്ഞുപോവുന്നുണ്ടായിരുന്നു. തിരിച്ച് ഇൻഫോപാർക്കിൽ എത്തുമ്പോൾ ഭൂരിഭാഗം പേരും ഇറങ്ങിയിരുന്നു. 

രാവിലെ വന്നതുപോലെ തിരിച്ച് മനുവിന്റെ കൂടെ റൂമിലേക്ക്, കയ്യിൽ സമ്മാനമായി ബിജുക്കുട്ടൻ പറിച്ച ബബ്ലൂസ് നാരങ്ങയും!! 

കാലയവനികയ്ക്കുള്ളിൽ കഴിഞ്ഞകാലത്തിന്റെ തിരശ്ശീല ഉയരുമ്പോൾ മായാതെ, മങ്ങാതെ മനസ്സിൽ എന്നും സ്വർണ്ണലിപികളാൽ എഴുതിവെച്ച ഈ ഓർമകളും ഉണ്ടാവും..!! 

ശുഭം.