ഇനി ആഫ്രിക്കയിലേക്ക്...

2010 ജൂലായ് 11 ന് ഫുട്ബോൾ ലോകകപ്പിന് ദക്ഷിണാഫ്രിക്കയിൽ തുടക്കം കുറിക്കും. അന്നേ ദിവസം ഇന്ത്യൻ സമയം 7.30 ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിൽ ജൊഹന്നാസ്ബെർഗ്ഗിൽ വച്ചു നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തിന് കിക്കോഫിനു വിസിൽ മുഴങ്ങുന്നതോടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഫുട്ബോൾ മാമാങ്കത്തിനു കൊടിയേറും. തുടർന്ന് ജബുലാനി പന്ത് കളിക്കാരുടെ കാൽക്കരുത്തുകളിൽ നിന്നു കുറിയതും വലിയതുമായ പാസ്സുകളായും വായുവിൽ ഉയർന്നു പൊന്തുന്ന ക്രോസ്സുകളായും ഇരുഗോൽമുഖങ്ങൾക്കിടയിലൂടെ,പച്ചപ്പുൽമൈതാനിയിലൂടെ ചീറിപ്പായും.ഒടുവിൽ കാവൽക്കാരനെ ഭേദിച്ച് പോസ്റ്റുകൾക്കുള്ളിലൂടെ തുളഞ്ഞുകയറി വലചലിപ്പിക്കുമ്പോൾ,ഫുട്ബോൾ എന്ന ഒറ്റ കായികവിനോദത്തിന്റെ ലഹരിയിൽ ലോകം കീഴടങ്ങും.കായികലോകത്ത് എകാധിപതിയായി ഒരു മാസക്കാലം ഫുട്ബോൾ വാഴും. എന്തുകൊണ്ടും കായികലോകം ഉറ്റുനോക്കുന്ന ഒരു ലോകകപ്പ് തന്നെയായിരിക്കും 2010 ലേത്.ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച 32 ടീമുകൾ അണിനിരക്കുന്ന ലോകകപ്പിൽ മുത്തമിടുന്നത് ഏതു ടീമാകുമെന്നത് പ്രവചനാതീതമാണ്.എങ്കിലും അർജ്ജന്റീന,സ്പെയിൻ,ബ്രസീൽ,ഇംഗ്ലണ്ട് എന്നീ ടീമുകൾക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.1986 ൽ ലോകകപ്പ് അർജ്ജന്റീനക്കു നേടികൊടുത്ത 'ഫുട്ബോൾ ദൈവം' ഡീഗൊ മറഡോണ പരിശീലകന്റെ വേഷത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തന്റെ 23 അംഗ പടയാളികളേയും കൊണ്ട് ഇറങ്ങുമ്പോൾ വീണ്ടും ലോകകപ്പിൽ അർജ്ജന്റീന കപ്പുയർത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അർജ്ജന്റീനിയൻ സ്വപ്നങ്ങളെല്ലാം ഈ വർഷത്തെ ലോക,യൂറോപ്പ്യൻ ഫുട്ബോളർ ലയണൽ മെസ്സിയെ ചുറ്റിപ്പറ്റിയാണ്.മെസ്സിയുടെ തകർപ്പൻ ഫോമും ഈ സ്വപ്നങ്ങൾക്കു നിറങ്ങൾ ചാർത്തുന്നു.

റൂണിയുടെ ഇംഗ്ലണ്ട്,ക്രിസ്റ്റ്യാനോ റൊണാഡോയുടെ പൊർച്ചുഗൽ,മുൻലോകചാമ്പ്യന്മാരായ ഇറ്റലി,ജെർമ്മനി,ഹോളണ്ട്,ഫ്രാൻസ് എന്നീ ടീമുകളും ലോകകപ്പിൽ നോട്ടമിടുന്നുണ്ട്. പരിക്കാണ് പല ടീമുകളേയും വലക്കുന്ന പ്രശ്നം.പോർച്ചുഗലിന്റെ നാനി,ഇംഗ്ലണ്ട് നായകൻ ഫെർഡിനാന്റ്,ജെർമ്മൻ നായകൻ ബല്ലാക്ക്,ജോൺ ഒബി മികെൽ എന്നിവർ പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായികഴിഞ്ഞു.ദ്രൊഗ്ബ,റോബ്ബൻ,സീസർ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇനി കാൽപന്തുകളിയുടെ ആവേശങ്ങളിലേക്ക്,ഇഷ്ടടീമിനുവേണ്ടിയുള്ള പ്രാർത്ഥനകളുമായി,ആകാംശയോടെ കളിതുടങ്ങുന്നതിനായുള്ള കാത്തിരിപ്പ്.പന്തിന്റെ ഓരോ ചലനങ്ങളെയും മനസ്സിലേക്കു ആവാഹിക്കുന്ന ദിവസങ്ങൾ.ഗോളുകളുടെ മനോഹാരിത കൺകുളിർക്കെ കണ്ട്,ഫ്രീ കിക്കുകളേയും,പെനാൽട്ടികളേയും നെഞ്ചോടു ചേർത്ത് വച്ച് ലോകം ഒരേ സ്വരത്തിൽ ഫുട്ബോളിനെക്കുറിച്ച് ഉറക്കെ സംസാരിക്കുന്ന 30 ദിനരാത്രങ്ങൾ.ഇനിയങ്ങോട്ട് ഒരോ ദിനവും ആഫ്രിക്കൻ കരുത്തിന്റെ ധീരഗാഥകൾ കേൾക്കാം,കാനറിപക്ഷികൾ ശബ്ദിക്കുന്നത് കേൾക്കാം,കുതിരക്കുളമ്പടിനാദവും,ഇംഗ്ലീഷ് പടയോട്ടത്തിന്റെ,വെടിയൊച്ചകളുടെ ശബ്ദവും ഉറക്കെ കേൾക്കാം...കാതോർക്കുക ലോകകപ്പിന്റെ ആരവങ്ങൽക്കായി. }
Comments