ഒരു രാത്രി കൂടി വിടവങ്ങവേ...



ഇന്ന് (സെപ്തംബർ 4) ഞാനീ കുറിപ്പെഴുതുമ്പോൾ സമയം പന്ത്രണ്ട് മണിയോടടുക്കുകയായിരുന്നു. സെപ്തംബർ നാലിൽ നിന്നും അഞ്ചിലേക്ക് കലണ്ടറിലെ അക്കങ്ങൾ ചലനം തുടങ്ങിയിരിക്കുന്നു.തുറന്ന് കിടന്ന ജനവാതിലുകൾക്കിടയിലൂടെ വിഷാദത്തിന്റെ, വിടവാങ്ങലിന്റെ നേർത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.പുറത്ത് നിർത്താതെ പെയ്യുന്ന മഴ. ‘വില്ലേജ് റെസ്റ്റോറന്റി’ൽ നിന്നും തിരിചെത്തിയപ്പോഴും ഇതേ മഴയായിരുന്നു. കാബിൽ നിന്നുമിറങ്ങി രാത്രിമഴയുടെ തണുത്ത് മരവിച്ച ജലകണങ്ങളെ ഏറ്റുവാങ്ങുമ്പോൾ ദിവസങ്ങൾക്കുള്ളിൽ കൈവിടേണ്ടിവരുന്ന സൗഹൃദത്തിന്റെ മഴത്തുള്ളികളായി അവ അനുഭവപ്പെട്ടു. ഈ ജന്മമത്രയും ചോരാതെ പെയ്യുന്ന സൗഹൃദത്തിന്റെ മഴ, ശരീരത്തിലും മനസ്സിലുമാകെയായി ചുറ്റിപ്പിണരുന്ന വിശുദ്ധസ്നേഹത്തിന്റെ കാറ്റ്.
ഐ.എൽ.പി യും എ-10 നും വികാരമായി മാറുകയായിരുന്നു, ബി-ടെക് ജീവിതത്തിൽ നിന്നും മറ്റൊരു തലങ്ങളിലേക്ക് മാറി പടർന്നുകയറിയ വികാരം.
ചിന്തകളിൽ, ഓർമ്മകളിൽ മുഴുകിയിരിക്കവെ കാതിൽ പാട്ടിന്റെ ഈണം. ‘ഒരു രാത്രി കൂടി വിടവാങ്ങവേ...’
വിടവാങ്ങാൻ പോകുന്ന ഈ രാത്രിയ്ക്ക് യാത്രാമൊഴി ഓതിക്കഴിഞ്ഞാൽ ഇനി രണ്ടേ രണ്ട് ദിവസങ്ങൾ.ഐ.എൽ.പി യിലെ അവസാന ദിനം. ഈ എൽ.ജി യിൽ ഇനിയൊരുമിച്ച് ഇനിയുണ്ടാവില്ല. നാലായി ഭാഗിക്കപ്പെട്ട ജനറൽ ഷിഫ്റ്റിന്റെ പാദങ്ങൾ ഒന്നിൽ നിന്നും തുടങ്ങി ഓരോ സെഷനും തീരുകയാണെന്ന് വിശ്വസിക്കാൻ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്ന ദിനങ്ങൾ.അവസാനസെഷനോടടുക്കുമ്പോൾ വ്യാകുലപ്പെടുന്ന 39 മനസ്സുകൾ.ഒടുവിലെ സെഷനും അവസാനിക്കുന്നതിനു മുന്നോടിയായി മോണിറ്ററിൽ നോക്കി വിറയാർന്ന കൈകളാൽ ടൈപ്പ് ചെയ്തെടുത്ത ലേർണിംഗ് ലോഗുകൾ പൂർത്തീകരിച്ച്, അവസാനമായി തന്റെ സ്ക്രീൻ ലോഗ്-ഓഫ് ചെയ്യുമ്പോൾ, അരുപത് ദിവസങ്ങളിൽ അളവറ്റ് നല്കിയ സൗഹൃദം ലോഗ്-ഓഫ് ചെയ്യാൻ മടിച്ചിരിക്കുന്നു.
 സേം-ടൈമിലെ ചാറ്റ് റൂമിൽ, സിംബ്രയിലെ മെയിൽ ബോക്സുകളിൽ, ഇനിയെന്നെങ്കിലും കണ്ടുമുട്ടാം.

Comments

Popular Posts