ജന്മദിനാശംസകൾ


അവളുടെ സ്ഥിരമായുള്ള ഓർമ്മപ്പെടുത്തലാവും ഒരു പക്ഷേ, നാളത്തെ അവളുടെ ജന്മദിനത്തിനെ കുറിച്ചുള്ള ചിന്തകൾ ഇപ്പൊഴെ പിടിപെട്ടത്. സത്യം പറഞ്ഞാൽ കുറച്ച് കാലമായി ആരുടെയും ജന്മദിനങ്ങൾ ഓർത്തുവയ്ക്കുകയോ, വിളിച്ച് ആശംസകൾ നേരുകയോ ചെയ്യാറില്ലായിരുന്നു. പക്ഷെ, നാളെ വരാൻ പോകുന്ന ദിവസം, അത് അത്രയും പ്രിയപ്പെട്ടത് കൊണ്ടോ അതൊ മറവിയുടെ അസുഖം ഉള്ളതുകൊണ്ടോ എന്നറിയില്ല, എന്റെ ഡയറിത്താളുകളിൽ പ്രത്യേകം കുറിച്ചിട്ടിരുന്നു.
എന്റെ ഇന്നത്തെ മനോഹരമായ രാത്രി നൈറ്റ് ഷിഫ്റ്റിന്റെ രൂപത്തിൽ അമേരിക്കൻ സായിപ്പന്മാരുടെ ഒന്നും മനസ്സിലാകാത്ത ക്കോളുകൾക്കിടയിൽ കിടന്നു വിയർത്തു. മനസ്സിലേക്ക് വേറൊരു ചിന്തയും കടന്നു വന്നില്ല. രാവിലെ തൊട്ട് രാത്രി വരെ കമ്പ്യൂട്ടറിനു മുന്നിൽ നിന്നു പുകഞ്ഞ തലകളിൽ രണ്ടോ മൂന്നോ എണ്ണം മാത്രം അങ്ങിങ്ങായി കാണപ്പെട്ടു. അതിലെവിടെയോ നിന്ന് പഴയ ഇളയാരാജാ സംഗീതം ഉയർന്നു കേട്ടു. സമയം വീണ്ടും ചലിച്ചു. പന്ത്രണ്ട് മണിയായെന്നു ഉറപ്പു വരുത്താൻ മൊബൈൽ എടുത്ത് ഒന്നൂടെ നോക്കി. ഡയറിക്കുറിപ്പുകളിൽ ഞാൻ കുറിച്ചിട്ട ജന്മദിനത്തിന്റെ ആദ്യനിമിഷങ്ങൾ. അവൾ മാലാഖയായി, വെള്ളച്ചിറകുകളുമായി ഭൂമിയിലേക്ക് പറന്നിറങ്ങിയതിന്റെ വാർഷികം. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് എക്സിക്യൂഷന്‌ അല്പനേരം വിശ്രമം നല്കി അവളുടെ നമ്പർ എടുത്ത് ഡയൽ ചെയ്തു. അന്നേരം അവളുടെ ഫോണിൽ ആശംസകളുടെ പ്രളയമായിരുന്നു. ആദ്യം ആശംസകൾ നേരുന്നത് ഞാനാവണമെന്ന അഹങ്കാരം തീർന്ന് കിട്ടി. അടുത്ത് ആരുമില്ലെങ്കിലും ആരൊക്കെയോ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ  തോന്നി.ശീതീകരിച്ച മുറിയായിട്ട് കൂടി ഞാൻ വല്ലാതെ വിയർത്തു.
 ഇളയരാജ പാട്ട് നിർത്തിയെന്നു തോന്നുന്നു.
അല്ലെങ്കിലും, എന്റെ ജന്മദിനത്തിന്‌ ആദ്യം വിളിച്ച് ആശംസിച്ചത് അവളാണെന്നു കരുതി തിരിച്ചും അങ്ങനെയാവണമെന്ന് ആഗ്രഹിച്ചതാണ്‌ തെറ്റ്. അന്ന് എന്നെ വിളിച്ചത് അവൾ മാത്രമാണെന്ന വസ്തുത എങ്കിലും ഓർക്കണമായിരുന്നു. ഇത്തരം ചിന്തകൾക്കിടയിൽ വീണ്ടും  വിളിച്ച് നോക്കുമ്പോൾ 12.30 കഴിഞ്ഞിരുന്നു. നില മാറ്റമില്ലാതെ തുടർന്നു. ഇനി നാളെയാവാം എന്ന ചിന്തകളിൽ നിന്നും ഒരിക്കൽ കൂടി വിളിച്ച് നോക്കാം എന്ന് പറഞ്ഞ സുഹൃത്തിന്‌ നന്ദി. ഇത്തവണ അവളുടെ ശബ്ദം കേട്ടു. ആദ്യമൊന്നും പറയാൻ തോന്നിയില്ല. എന്നെ ഇത്രയും നേരം കാത്തുനിപ്പിച്ചതിന്റെ ദേഷ്യം ഞാൻ ആ മൗനത്തിലൊതുക്കി. പിന്നീട് പാടുപെട്ട് ‘ജന്മദിനാശംസകൾ’ പറഞ്ഞൊപ്പിച്ചു. അവളും എന്തൊക്കെയോ വെപ്രാളപ്പെട്ട് പറഞ്ഞു. അടുത്ത കോൾ അവിടെ വെയ്റ്റിംഗിലാണെന്ന് പറയാതെ പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു. ജന്മദിനത്തിന്‌ ആശംസകൾ നേരാൻ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു.അതെല്ലാം തിരിച്ചുകിട്ടുന്നതിലും അവൾ ഒരുപാട് സന്തോഷിക്കുന്നതായി തോന്നി.
വീണ്ടും ഞാൻ മോണിട്ടറിലേക്ക് കണ്ണും നട്ടിരുന്നു. ടെസ്റ്റൂ കോളും കഴിഞ്ഞ് സായിപ്പന്മാരോട് യാത്രപറഞ്ഞ്, സിസ്റ്റം മണിച്ചിത്രത്താഴിട്ട് പൂട്ടി പുറത്തിറങ്ങുമ്പോൾ രാത്രിയുടെ അന്ത്യയാമങ്ങളും കഴിഞ്ഞിരുന്നു. അവളുടെ ജന്മദിനത്തിന്റെ ആദ്യയാമങ്ങൾ !!! 

Comments

നന്നായി എഴുതി, വായിച്ചപ്പോ ചിലതൊക്കെ ഓർമയിൽ വന്നു എനിക്കും

Popular Posts