ബോംബ് കഥ: മിനി മിലീഷ്യ വേർഷൻ

പോർക്കളത്തിൽ ഇന്ന് ഭീകരമായ അന്തരീക്ഷമായിരുന്നു. കണ്ണിപറമ്പ്‌ റെഡ്സ്‌, പള്ളിയോൾ ബ്ലൂസിനോട്‌ ഇന്നലെ തോറ്റതിന്റെ പ്രതികാരത്തിനു ഇറങ്ങിയതാണ്‌. ഷാജി പാപ്പനും, ഡിങ്കനും, സർബത്ത്‌ ഷമീറും റെഡ്സ്‌നു വേണ്ടി ധീരമായി പോരാടിയെങ്കിലും, അസമയത്ത്‌ ഷാജിപാപ്പന്റെ ആൻഡ്രോയിഡ്‌ ഫോൺ ചാർജ്ജ്‌ തീർന്ന് ധീരചരമം പ്രാപിച്ചു. ജീവിതത്തിൽ പവർ ബാങ്കിനു ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് പാപ്പനു ബോധ്യമായി. പാപ്പന്റെ അസാന്നിദ്ധ്യം മുതലെടുത്ത്‌ കീളേരി അച്ചുവും കൂട്ടരും ബ്ലൂസിനെ വിജയത്തിലേക്കെത്തിച്ചു. കിലുക്കികുത്തി കളിച്ച്‌ ഉണ്ടാക്കിയ മുപ്പത്‌ രൂപയ്ക്ക്‌ അച്ചൂനും ടീമിനും ഡബിൾ ഓമ്ലെറ്റ്‌ വാങ്ങികൊടുത്തതിന്റെ നാണക്കേട്‌ കൂടെയുണ്ട്‌ കണ്ണിപറമ്പ്‌ റെഡ്സിന്‌. 'ഇന്ന് മ്മളു ജയിക്കും, ഞി കണ്ടോ' പാപ്പൻ പറഞ്ഞു. അല്ലേലും പാപ്പൻ സൂപ്പറാ. മോഹനേട്ടന്റെ മോളെ കല്യാണപാർട്ടിക്ക്‌ വന്ന മാവൂരിലെ ചെക്കന്മാരെ പാപ്പൻ ഒറ്റയ്ക്കല്ലെ കൊന്നൊതുക്കീത്‌. പാപ്പന്റെ വിരൽതുമ്പിൽ എന്തോ മാന്ത്രികത ഉണ്ടെന്ന ചെക്കന്മാരൊക്കെ അസൂയകൊണ്ട്‌ പറയുന്നത്‌. 'ഓന്റേല്‌ വേറെ വേർഷനാ...' അന്നു തോറ്റ്‌ തുന്നം പാടിയ ചെക്കന്മാർ അടക്കം പറഞ്ഞു. 'ഇങ്ങനെയുള്ള പാപ്പൻ ജയിക്കും എന്നു പറഞ്ഞാൽ നമ്മളെന്തിനാ പേടിക്കണെ.. ' സർബത്ത്‌ ഷമീറിനു ധൈര്യം വന്നു. പോരാത്തതിന്‌ ഓൻ പവർ ബാങ്കും കൊണ്ടന്നു. പാപ്പന്‌ സന്തോഷായി.
ഡിങ്കൻ തുറന്ന ഹോട്ട്സ്പോട്ടിൽ ഒരോരുത്തരായി കേറി, ഇന്ന് കുമ്മട്ടിക്കാ ജ്യൂസിനായിരുന്നു ബെറ്റ്‌. അതായത്‌ വത്തക്കവെള്ളം, ഇപ്പോ മമ്മൂട്ടിക്കായ്ക്ക്‌ ഇഷ്ടപെട്ടപ്പോ അത്‌ കുമ്മട്ടിക്ക ജൂസ്‌ ആയി. എല്ലാരും റെഡിയായി, കണ്ണിപറമ്പ്‌ റെഡ്‌ ടീം പാപ്പന്റെ കീഴിലും, പള്ളിയോൾ ബ്ലൂ ടീം അച്ചൂന്റെ കീഴിലും അണി നിരന്നു. വിജനമായ കുന്നിലേക്ക്‌ ഓരോരുത്തരായി വായുവിൽ പറന്നിറങ്ങി. എല്ലാ പേരുകളും സ്ക്രീനിൻ വന്നു മാഞ്ഞു പോയി. യുദ്ധം തുടങ്ങി.
കീളേരി അച്ചുവിന്റെ ധൈര്യം ഒഥല്ലോ ആയിരുന്നു. ഉന്നം പിഴയ്കാത്തവൻ. ഷാജി പാപ്പനെ അവൻ പലതവണ മുട്ടുകുത്തിച്ചിട്ടുണ്ട്‌. പറന്നും മാറിമറഞ്ഞും ഒഥല്ലോ വച്ച വെടികളിൽ കൊല്ലപ്പെട്ടത്‌ ആയിരങ്ങളാണ്‌. വാഴ്ത്തപെടാത്ത പോരാളി, ഒഥല്ലോ. മൂന്നാമൻ ചാർളിയെ വളരെ വിരളമായെ കാണാറുള്ളു. ഏതൊരു അമെച്വർ പ്ലേയറും പിന്തുടരുന്ന നി.കൊ.ഞാ. ചാ സ്കീം തന്നെയാണ്‌ ചാർളിയുടേതും. കൊന്നിട്ടുണ്ടേൽ ചത്തിരിക്കും. യുദ്ധകാഹളം മുഴങ്ങി. പുകപാറി. എങ്ങും നിറയൊഴിക്കുന്ന ശബ്ദങ്ങൾ മാത്രം. ഷമീറും, ചാർളിയും അനേകം തവണ മരണപെട്ടു. ഓരോ തവണ കൊല്ലപ്പെടുമ്പോഴും മരിക്കില്ല എന്ന വാശി അവരിൽ ജനിച്ചു. പക്ഷേ, മലയുടെ ഏതെങ്കിലും കോണിൽ പുനർജ്ജനിക്കുമ്പോൾ, കയ്യിൽ പിസ്റ്റൾ ആണെന്ന തിരിച്ചറിവിൽ നിരാശരായി അവർ വീണ്ടും ഒഥല്ലോയ്ക്കും പാപ്പനും മുന്നിൽ അടിയറവുപറയും.
ഡിങ്കനും കീളേരി അച്ചുവും തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നു. അച്ചു ബോംബുകൾ ചറപറ എറിഞ്ഞു. ഡിങ്കൻ വിദഗ്ദമായി രക്ഷപെട്ടു കൊണ്ടിരുന്നു. ജീവന്റെ തുടിപ്പുകൾ കുറച്ചുകൂടിയെ ബാക്കിയുണ്ടായുള്ളു. ഡിങ്കൻ ഏതു നിമിഷവും കീഴ്പ്പെടും എന്നായി. പക്ഷെ എങ്ങു നിന്നോ പറന്നെത്തിയ ഒരു ഫസ്‌റ്റ്‌ ഏയ്ഡ്‌ ബോക്സ്‌ ഡിങ്കനെ ശക്തനാക്കി. എങ്ങും ഡിങ്കന്റെ ശക്തിപ്രഭാവം. ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി!! ഡിങ്കകാഹളം മുഴങ്ങി. ചാടിവീണു അച്ചുവിന്റെ തലയ്കു നോക്കി പൊട്ടിച്ചു. അച്ചു ഫ്ലാറ്റ്‌ !!!
ചാർലിയുടെ ലക്ഷ്യം തെറ്റാതെ പറന്നെത്തിയ ബോംബ്‌, സർബത്ത്‌ ഷമീറിനെ പിച്ചി ചീന്തി നാലു കഷണങ്ങളാക്കി. അതുവരെ വിജയപ്രതീക്ഷയുണ്ടായിരുന്ന കണ്ണിപറമ്പയിലെ ചുണക്കുട്ടികൾ വിറച്ചു. ഷമീർ എന്ന വണ്ടി പാളം തെറ്റി നെഗറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക്‌ താഴ്‌ന്നിറങ്ങിക്കൊണ്ടിരുന്നു. പള്ളിയോൾ ബ്ലൂസിനു രണ്ട്‌ പോയന്റ്‌ ലീഡ്‌. ഒഥല്ലോ ഡബിൽ ബാരല്ലുമായി പൊളിക്കുകയാണ്. ഒറ്റ ഒരുത്തനേം നിലം തൊടീച്ചില്ല.വായുവിൽ ഒരു സർക്കസ്സ്‌ അഭ്യാസിയെപോലെ അവൻ കറങ്ങി നടന്നു. ഉന്നം തെറ്റാതെ നിറയൊഴിച്ചു. ഒഥല്ലോയെ തളയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. ഒരു രക്ഷേം ഇല്ല. ഷമീർ തന്റെ കയ്യിലുണ്ടായിരുന്ന ബോംബ്‌ ഒഥല്ലോ വിരാജിക്കുന്ന കുന്നിൻപുറങ്ങളിലേക്ക്‌ വലിച്ചെറിഞ്ഞു. എങ്ങും പച്ചപുകമറ. ആ ചക്രവ്യൂഹം കണ്ട്‌, കർണ്ണനെപോലെ, ഒഥല്ലോ ഒന്നു പകച്ചു. അത്‌ അവനെ വിഴുങ്ങുമെന്ന് തോന്നിച്ചെങ്കിലും, അവൻ പിറകിലെ കുന്നിഞ്ചെരിവിലൂടെ ഊർന്നിറങ്ങി. രക്ഷപ്പെട്ടന്നു കരുതിയ ഒഥല്ലോയെ പക്ഷേ ഡിങ്കൻ കുരുക്കികളഞ്ഞു. അവൻ ഒളിപ്പിച്ചുവച്ച ടൈം ബോംബ്‌ ഏറ്റുവാങ്ങി ധീരനായ ഒഥല്ലോ വീരചരമം പ്രാപിച്ചു.കണ്ണിപറമ്പ്‌ റെഡ്സ്‌ പള്ളിയോൾ ബ്ലൂസിന്റെ ലീഡ്‌ ഒന്നാക്കി കുറച്ചു.
കളി തീരാൻ സെക്കന്റുകൾ കൂടി ബാക്കി. ഒഥല്ലോ നിരായുധനായ സന്ദർഭം മുതലെടുക്കാൻ റെഡ്സ്‌ മുന്നിട്ടിറങ്ങി. ഒഥല്ലോയോട്‌ നേർക്കുനേർ മുട്ടാൻ പേടിയുള്ള ഷമീറും, ഡിങ്കനും അവരുടെ നേതാവിനെ ഉറക്കെ വിളിച്ചു. "ഷാജി പാപ്പാ..."
ആ വിളി, കുന്നിൻപുറങ്ങളിലാകെ അലയടിച്ചു. പാപ്പൻ അങ്ങു ദൂരെ തന്നെക്കാളും വലിയ മിസെയിലും താങ്ങി അലക്ഷ്യമായി വെടിവെച്ച്‌ കളിക്കുകയായിരുന്നു. ആ വിളി കേട്ടതും പാപ്പൻ, ഒഥല്ലോയെ ലക്ഷ്യമാക്കി പാഞ്ഞു.
ഇതേ സമയം, സ്കൂട്ടായ ഷമീറും ഡിങ്കനും അച്ചുവും, ചാർളിയുമായി പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു. പാപ്പൻ തന്റെ 5x ലെൻസ്‌ വെച്ച്‌, ഒഥല്ലോയെ കണ്ടെത്തി. മിസ്സെയിലിന്റെ കാഞ്ചി വലിച്ചു. നേരെ ചെന്ന് പാറക്കല്ലിൽ ഇടിച്ചു. ഒഥല്ലോ ജാഗരൂഗനായി. പതുങ്ങി നിന്നു. പാപ്പന്റെ കയ്യിലെ മിസ്സെയിൽ കൃത്യസമയത്ത്‌ പണികൊടുത്തു. ഉണ്ട തീർന്നു !!! തോൽവി ഉറപ്പിച്ച പാപ്പൻ പിസ്റ്റളുമായി ഒഥല്ലോയ്ക്ക്‌ നേരെ അടുക്കവെ കാലിൽ എന്തോ തടഞ്ഞു. നോക്കിയപ്പോൾ ദേ കിടക്കുന്നു ഒരു സ്നൈപ്പർ. കയ്യിലുള്ള പിസ്റ്റൾ എടുത്ത്‌ ദൂരെ കളഞ്ഞ്‌ സെക്കന്റുകൾക്കുള്ളിൽ പാപ്പൻ മലയിടുക്കുകൾക്കുള്ളിൽ ഒളിച്ചു. ഒഥലോ ഇതേ സമയം തോക്കിൽ ഉണ്ട നിറയ്ക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞു നോക്കുമ്പോൾ പാപ്പൻ അപ്രത്യക്ഷനായിരിക്കുന്നു. ഇത് കണ്ട് അന്തം വിട്ട്‌ നിക്കുന്ന ഒഥല്ലോക്ക്‌ ഒന്നു മാറിമറയാൻ പോലും സമയം കൊടുക്കാതെ അങ്ങു ദൂരെ മലയുടെ മുകളിൽ നിന്നും സൂം ചെയ്ത്‌ പെടച്ച ഒരുണ്ട കൃത്യം മാറു തുളച്ചങ്ങു പോയി. കയ്യിലുള്ള തോക്കും, ബോംബും വായുവിൽ ഉയർന്നു. റെഡ്സും ബ്ലൂസും സമനിലയിൽ.
കളി ഏതാണ്ട്‌ കഴിഞ്ഞപോലെയായിരുന്നു. മരിച്ചു വീണവർ പലയിടങ്ങളിലായി പുനർജ്ജനിച്ചു.
ഡിങ്കൻ നേരെ വീണത്‌ ഒഥല്ലോയ്ക്ക്‌ മുകളിൽ. നേരത്തേ ഏറ്റ പ്രഹരത്തിന്റെ ഞെട്ടൽ മാറാത്ത ഒഥല്ലോയെ നോക്കി , ഡിങ്കൻ കയ്യിൽ കിട്ടിയ തോക്കെടുത്ത്‌ രണ്ടു കാച്ചങ്ങു കാച്ചി. ഒഥല്ലോ വീണ്ടും പരലോകം പൂകി. ഇതു സത്യാണോ എന്നറിയാൻ ഡിങ്കൻ ഒന്നു നുള്ളിനോക്കുക പോലും ചെയ്തു. അപ്പോഴും തോക്കിൽ നിന്നും പുക പാറുന്നുണ്ടായിരുന്നു. ഒരു പോയന്റ്‌ ലീഡോടെ കണ്ണിപറമ്പ്‌ റെഡ്സ്‌ പള്ളിയോൾ ബ്ലൂസിനെ പിന്തള്ളി വിജയിച്ചിരിക്കുന്നു. ഡിങ്കന്റെ ഒടുക്കത്തെ ഒരു വെടി, ആരോ പറഞ്ഞു. മാഷാ ഡിങ്കാ !!! ഡിങ്കൻ ഇരുകയ്യും ഊരയ്ക്ക്‌ കുത്തി ഗമയോടെ അങ്ങനെ നിന്നു. ശക്തരിൻ ശക്തൻ, എതിരാളിക്കൊരു പോരാളി !!!
ഇനി അടുത്ത കല്യാണപന്തലിലോ, ഉത്സവത്തിലോ വെച്ച്‌ കാണാം എന്നു പറഞ്ഞ്‌ പള്ളിയോളിലെ ചുള്ളൻ ചെക്കന്മാർ സ്കൂട്ടായി. പാപ്പനും, ഷമീറും ഡിങ്കനും വത്തക്കവെള്ളം മതിയാവോളം കുടിച്ചു. ഒരു പ്രത്യേക രുചി അവർക്കനുഭവപ്പെട്ടു. വിജയത്തിന്റെ, പ്രതികാരത്തിന്റെ രുചി.

Comments