മഴ നനഞ്ഞവർക്ക് കുട നീട്ടിയവർ


അന്നും മഴയായിരുന്നു. സ്വാതന്ത്ര്യദിനമായിട്ട് പോലും മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ഇടതരാത്തത്ര മഴ. വലിയ ശബ്ദത്തിൽ ജനാലകൾ കൊട്ടിയടച്ചും, മുറിയിലാകെ മഴയുടെ ജലകണങ്ങൾ വിതറിയും വീശിയടിക്കുന്ന കാറ്റ്. തെല്ലൊരു ഭയത്തോടെ പുറത്തേക്ക് നോക്കി നിന്നു. മരങ്ങൾ ആടിയുലയുകയാണ്‌. പുതുതായി പണിയുന്ന ഫ്ലാറ്റിൽ, പണിയെടുക്കുന്ന ബംഗാളികളുടെ പാർപ്പിടത്തിന്റെ കൂരകൾ കലപില ശബ്ദത്തോടെ ഇളകുന്നുണ്ടായിരുന്നു. മുറിയിൽ വലിയ ചർച്ചകൾ തുടങ്ങി. ജലനിരപ്പുയരുന്ന ഡാമുകളെക്കുറിച്ച്, കരകവിഞ്ഞൊഴുകുന്ന പെരിയാറിനെ കുറിച്ച്. വാട്ട്സാപ്പിൽ നിരവധി സന്ദേശങ്ങൾ വരുന്നു. എല്ലാം വിശ്വസിക്കാൻ മനസ്സനുവദിച്ചില്ല. കേരളം എത്ര മഴ കണ്ടതാ?
വൈകീട്ടായപ്പോഴേക്ക് സ്ഥിതിഗതികൾ മാറിതുടങ്ങി. ജലനിരപ്പുയർന്ന മറ്റ് ഡാമുകൾ കൂടി തുറന്നുവിടാൻ ഉത്തരവായി. പെരിയാർ പുഴ ആലുവയിൽ നിറഞ്ഞു കവിയാൻ തുടങ്ങി. കേരളമൊട്ടാകെ റെഡ് അലർട്ട്‌!! എന്നാലും ഇതു നാളെയോടെ മാറും എന്ന് മനസ്സ് പറഞ്ഞു. രാത്രി കങ്ങരപ്പടി കഴിക്കാൻ പോയപ്പോളാണ്‌ മഴ നനഞ്ഞ് വന്ന ഒരു പത്രപ്രവർത്തകൻ ഇരുപതോളം ബ്രെഡ് പാക്കറ്റുകൾ വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. കാര്യം അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് മനസ്സ് ചെറുതായിട്ടൊന്ന് പതറി. കളമശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരിക്കുന്നു.ആലുവ ഭാഗത്ത് നിന്നും നൂറുകണക്കിന്‌ ആളുകളാണത്രെ വന്ന് ചേർന്നിരിക്കുന്നത്. വാങ്ങിച്ച ബ്രെഡ്ഡ് പാക്കറ്റുകളും, കടക്കാരൻ കൊടുത്ത അഞ്ചാറുപാക്കറ്റുകളും കയ്യിലേന്തി അയാൾ ബൈക്കിൽ തിരക്കിട്ട് പാഞ്ഞു. വിഷയം കൂടുതൽ ഗൗരവമായി വരുന്നതിന്റെ സൂചനയായിരുന്നു അത്.എല്ലായിടത്തും വെള്ളത്തിന്റെ നില ഉയർന്നുകൊണ്ടിരുന്നു.
പിറ്റേന്ന് ഉറക്കമുണരുന്നത് കൊച്ചി മെട്രൊ നിർത്തി വച്ചു എന്ന വാർത്ത കേട്ടാണ്‌. പെരിയാർ ആലുവയെ പകുതിമുക്കാലും വെള്ളത്തിലാക്കിയിരിക്കുന്നു. പുതിയ വഴികളിലൂടെ ഒഴുകി പെരിയാർ തന്റെ പ്രതാപകാലം വീണ്ടെടുത്തിരിക്കുന്നു. കേരളം ഒരു ദുരന്തത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്‌. മഴ നിർത്താതെ പെയ്യുകയാണ്‌.
ഇന്നലെ അവധിയായത് കാരണം തീർക്കാതെ വെച്ച ചില ഓഫീസ് ജോലികളിലേക്ക് മുഴുകവെയാണ്‌ എച്ച് റ്റു ഓ (H2O) എന്ന ഞങ്ങളുടെ ചാരിറ്റി സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു മെസ്സേജ് വരുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച്, അവർക്ക് വേണ്ട ആവശ്യങ്ങളെക്കുറിച്ച്. പെട്ടെന്ന് ഇന്നലെ കണ്ട പത്രപ്രവർത്തകനെ ഓർമ്മവന്നു. അയാളിലൂടെ കളമശ്ശേരി തുറന്ന ക്യാമ്പിനേയും. ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാം എന്ന ആശയം എല്ലാവരും ശരിവച്ചു. അന്വേഷിച്ചപ്പോൾ അവരുടെ ആവശ്യങ്ങൾ നിരവധിയാണ്‌. പായ, മുണ്ട്, തോർത്ത് അങ്ങനെ പോകുന്നു ലിസ്റ്റ്. ആവുന്നവിധം സഹായിക്കാം എന്നായി. വൈകീട്ട് മൂന്നുമണിയായപ്പോൾ എല്ലാവരും കൂടെ ഇറങ്ങി. കയ്യിലുണ്ടായിരുന്ന പണത്തിനു കിട്ടുന്നതെല്ലാം വാങ്ങിച്ച് ക്യാമ്പിലേക്ക് ചെന്നു. വേദനിപ്പിക്കുന്നതായിരുന്നു അവിടുത്തെ കാഴ്ച്ചകൾ.വെള്ളപൊക്കത്തിൽ മുങ്ങിപ്പോയ വീടുകളിൽ നിന്നും എല്ലാം നഷ്ടപ്പെടുത്തി ജീവൻ രക്ഷിച്ച് വന്നവർ. നിസ്സഹായത നിറഞ്ഞ് നില്ക്കുന്ന മുഖങ്ങൾ. നനഞ്ഞുകുതിർന്ന ഉടുതുണി മാത്രം സമ്പാദ്യമായി ഉള്ളവർ. മഴയിൽ കണ്ണുനീർ ഒഴുകിപ്പോയവർ. അവിടേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ കയ്യിലുള്ളതെല്ലാം പെറുക്കികൂട്ടി അവിടേക്ക് ആവശ്യമായ വസ്ത്രങ്ങൾ വാങ്ങി അവിടെ ഏല്പിച്ച് തിരിച്ച് പോന്നു. മനസ്സ് ശാന്തമാവുന്നുണ്ടായിരുന്നില്ല. ബാക്കി വച്ച ഓഫീസ് പണികൾ മാത്രമാണ്‌ എന്നെ ഫ്ലാറ്റിൽ ഇരുത്തിയത്. വൈകീട്ട് മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എൻ എസ്സ് എസ്സ് ചെയർമാൻ ശോഭിത്ത് വിളിച്ചപ്പോഴാണ്‌ കോളേജിൽ ക്യാമ്പ് തുടങ്ങാൻ പോവുന്ന വിവരം അറിഞ്ഞത്. ഏതു വിധേനയും സഹായിക്കാം എന്ന് ഉറപ്പ് നൽകി. എച്ച് റ്റു ഓ കൂടുതൽ പണം സ്വരൂപിക്കാൻ തയ്യാറെടുത്തു. പലയിടങ്ങളിൽ നിന്നായി സഹായങ്ങൾ വന്ന് തുടങ്ങി. വല്ലാത്തൊരു ഉണർവ്വായിരുന്നു അത്.
രാത്രിയായി. മുഴുവൻ രൗദ്രഭാവവും കാണിച്ച് മഴ തകർത്ത് പെയ്യുകയാണ്‌. അനൂപേട്ടനാണ്‌ കളമശ്ശേരി പോളിയിൽ ക്യാമ്പ് തുടങ്ങിയെന്നും, അവിടെ വളണ്ടിയേർസ് വേണം എന്നും വിളിച്ച് പറഞ്ഞത്. ഞങ്ങൾ കുറച്ചുപേർ പെട്ടെന്ന് തന്നെ അവിടെ ചെന്നു. വളണ്ടിയേർസ് ഉണ്ടായിരുന്നെങ്കിലും,ഭക്ഷണസാധനങ്ങളുടെ കുറവുണ്ടായിരുന്നു. ഹോട്ടലുകൾ എല്ലാം അടയ്ക്കാറായിരുന്നു. പലരും കൈമലർത്തി. ഒരു ഹോട്ടലിൽ ചെന്ന് ആവശ്യം അറിയിച്ചപ്പോൾ സാമ്പാർ എടുത്തു തന്നു. തിരക്കിട്ട് ഇറങ്ങാൻ നേരത്ത് ഹോട്ടൽ മുതലാളി ഒരു ജഗ്ഗ് നിറയെ ചൂടുള്ള പാൽ തന്നിട്ട് ക്യാമ്പിലെ ചെറിയ കുട്ടികൾക്ക് കൊടുക്കാൻ പറഞ്ഞു. ആ ജഗ്ഗ് നിറയെ സ്നേഹം നിറച്ച് വെച്ച പോലെ എനിക്ക് തോന്നി. മനസ്സിൽ ഒരായിരം വട്ടം നന്ദി പറഞ്ഞു. പല ദിക്കിൽ നിന്നും ഭക്ഷണങ്ങൾ എത്തുന്നുണ്ടായിരുന്നു.
നേരം ഒരുപാട് ഇരുട്ടിയപ്പോഴാണ്‌ പ്രതീക്ഷിച്ചിരുന്ന ആ കോൾ വന്നെത്തിയത്, എം.ഇ.സിയിൽ നിന്നും. അവിടെ ക്യാമ്പ് തുടങ്ങിയിരിക്കുന്നുവെന്ന് ശോഭിത്ത് വിളിച്ചറിയിച്ചു. മഴ പെയ്ത് തോർന്നിരുന്നു.കൂട്ടുകാരെ എല്ലാരേയും കൂട്ടി കോളേജിലേക്ക് നീങ്ങി. ഇരുന്നൂറിൽ പരം ആളുകളാണ്‌ മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ ക്യാമ്പിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. അവിടുത്തെ വിദ്യാർത്ഥികളൂം, അധ്യാപകരും വൈകീട്ട് മുതൽ തന്നെ ക്യാമ്പ് തയ്യാറാക്കുന്നതിന്റെ ഒരുക്കത്തിലായിരുന്നതിനാലാവണം വളരെ ഭംഗിയോടെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി. ചുരുക്കം ചില നാട്ടുകാരും സഹായത്തിനായി മുന്നിട്ടിറങ്ങി. ഗവ. പോളി കോളേജിലെ സ്ഥിതിയിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഇവിടെ. എം.ഈ. സിയിലെ എൻ.എസ്.എസ് യൂണിറ്റിലെ ഒട്ടുമിക്ക വളന്റിയർമാരേയും, ക്യാമ്പിൽ സജീവമായി പ്രവർത്തിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുന്ന പോലെ. ക്യാമ്പിലെ സ്റ്റോർ സജീകരണത്തിന്‌ ചില നിർദ്ദേശങ്ങൾ മാത്രമേ നല്കാനുണ്ടായിരുന്നുള്ളു. ഒന്നു രണ്ട് മണിക്കൂറുകൾക്കുള്ളിൽ ഏവർക്കും ക്ലാസ് മുറികളിൽ താമസസൗകര്യങ്ങൾ ഒരുക്കി. അവശ്യസാധനങ്ങൾ ശേഖരിച്ചു. ഭക്ഷണവും നൽകി.
നാളെ എന്ത് സംഭവിക്കും എന്നറിയാതെ രാത്രി നീളുകയായിരുന്നു. ഉറക്കമില്ലാത്ത ചില നാളുകളുടെ തുടക്കം മാത്രമായിരുന്നു ഇന്ന്. ആവശ്യസാധനങ്ങളുടെ പോരായ്മ പരിഗണിക്കാനായി ഞങ്ങൾ ഒരു താല്കാലിക പ്രതിവിധി കണ്ടെത്താൻ തീരുമാനിച്ചു. കാക്കനാടും ഇൻഫോപാർക്കിലും സ്ഥിതി ചെയ്യുന്ന വിവിധ ഫ്ലാറ്റുകളിൽ കളക്ഷൻ സെന്ററുകൾ തുടങ്ങുക. അരി, ബിസ്കറ്റ് തുടങ്ങിയ ഭക്ഷണസാധനങ്ങളും മറ്റും സംഭാവന ചെയ്യാൻ താല്പര്യമുവർക്ക് ഇവിടെ ഏല്പിക്കാം. ധനേഷ് ആയിരുന്നു ഈ ദൗത്യത്തിനു ചുക്കാൻ പിടിച്ചത്. അതിനായാണ്‌ ആദ്യത്തെ ഫ്ലഡ് റിലീഫ് ഗ്രൂപ്പ് വാട്സാപ്പിൽ ഞങ്ങൾ തുടങ്ങുന്നത്. എല്ലാ വിവരങ്ങളും നല്കി കൊണ്ട് ഒരു പോസ്റ്റർ നിർമിച്ചു. രാവിലെ ഷെയർ ചെയ്യാൻ തീരുമാനിച്ചു.
വളരെ പെട്ടെന്നായിരുന്നു നേരം പുലർന്നത്. മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകൾ കൂടുതൽ ഊർജ്ജം കൈവരിച്ചിരിക്കുന്നു. അവധി പ്രഖ്യാപിച്ചതിനാൽ ഭൂരിഭാഗം ഐ.ടി ജിവനക്കാരും സ്വയംസേവകപ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചിരുന്നു. കാക്കനാട് പലയിടങ്ങളിലായി ക്യാമ്പുകൾ മൊട്ടിട്ട് തുടങ്ങി. വസ്ത്രങ്ങളായിരുന്നു രാവിലെ ആവശ്യമായി വന്നത്. പലർക്കും നനഞ്ഞ വസ്ത്രങ്ങൾ മാറ്റാൻ പുതിയ വസ്ത്രങ്ങൾ ഇല്ലാത്ത അവസ്ഥ ആയിരുന്നു. എല്ലാ ക്യാമ്പുകളിൽ നിന്നും ആവശ്യമുള്ള വസ്ത്രങ്ങളുടെ അല്ലെങ്കിൽ സാധനങ്ങളുടെ എണ്ണവും ലിസ്റ്റും വാട്സാപ്പിലൂടെ ഗ്രൂപ്പിൽ എത്തിച്ചേരും. അതേ സമയം, അവിടുത്തെ ക്യാമ്പ് ഓഫീസറെ വിളിച്ച് ലിസ്റ്റ് സത്യസന്ധമാണെന്ന് ബോദ്ധ്യപ്പെടുത്തും. പിന്നീട് സാധനങ്ങൾ വാങ്ങി അതാത് സ്ഥലങ്ങളിൽ എത്തിക്കും. ഇതായിരുന്നു പൊതുവെയുള്ള നടപടിക്രമം. പലരും കാറിൽ ചുറ്റിനടന്ന് സാധനങ്ങൾ വാങ്ങിച്ച് ശേഖരിച്ചുവെച്ചു. ആവശ്യക്യാമ്പുകളിൽ ചെന്നെത്തിച്ചുകൊടുത്തു. കേരളത്തിലെ ചെറുപ്പക്കാർ സോഷ്യൽ മീഡിയയെ വളരെ കാര്യഗൗരവത്തോടെ ഉപയോഗിച്ചു. പല ക്യാമ്പുകളിലായി അവർ വിന്യസിച്ചു. സുഹൃത്തുക്കളെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട്, ക്യാമ്പുകളെയെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുന്ന തരത്തിൽ ഒരു വലിയ ശൃംഗല തന്നെ സൃഷ്ടിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആവശ്യങ്ങൾ കേരളമൊട്ടാകെ അറിഞ്ഞു നിറവേറ്റികൊടുക്കുന്ന തരത്തിൽ കാര്യങ്ങൾ കൂടുതൽ ലളിതമായി. എം. ഈ. സിയിൽ ഞങ്ങൾ കുറച്ച് പേർ ഒരു കണ്ട്രോൾ പോയന്റ് തുറന്നു. വസ്ത്രങ്ങളും, ഭക്ഷണസാധനങ്ങളും, സാനിറ്ററി നാപ്കിനുകളും പ്രധാന അവശ്യങ്ങളായിരുന്നു.
കേരളത്തിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോവുകയായിരുന്നു. പെരുമ്പാവൂർ, അത്താണി, അടിമാലി തുടങ്ങി പലയിടങ്ങളിൽ നിന്നും കൊച്ചിയിലേക്കായിരുന്നു സാധനങ്ങൾക്കായി ആളുകൾ സഹായം തേടി എത്തിയിരുന്നത്. പാലക്കാട് ഉരുൾപൊട്ടൽ കാരണം ഗതാഗതം മുടങ്ങിയതും മറ്റും, സാധനങ്ങളുടെ ലഭ്യതയെ ബാധിച്ചേക്കാം എന്നായി സ്ഥിതി. എന്റെ നാട്ടിൽ, മാവൂരിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനാൽ ചുറ്റപ്പെട്ടുപോയിരിക്കുന്നു. കോഴിക്കോട് കനോലികനാൽ നിറഞ്ഞ് കവിഞ്ഞു. മലയിടിഞ്ഞ് വഴിയെല്ലാം നഷ്ടപെട്ട് മൂന്നാറും, വയനാടും വിങ്ങലായി മാറി. ഒരുപാട് വീടുകൾ വെള്ളത്തിനടിയിലായി. പലതും തകർന്നു വീണു. മഴ വീണ്ടും കനത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ നാവികസേനയെ വിന്യസിച്ചു. കേരളം മഹാപ്രളയത്തിൽ !!!
പലയിടങ്ങളിലും രക്ഷാപ്രവർത്തനം എത്താത്ത സാഹചര്യങ്ങൾ വന്നു ചേർന്നു. അനിയന്ത്രിതമായി കാര്യങ്ങൾ. പക്ഷേ,അവിടെ രക്ഷാപ്രവർത്തനദൗത്യങ്ങൾക്കായി അരയന്മാർ തങ്ങളുടെ ബോട്ടുകൾ ഇറക്കി, മുന്നോട്ടിറങ്ങി.സ്വന്തം ജീവൻപോലും പണയം വെച്ച് ആയിരക്കണക്കിന്‌ ജീവൻ രക്ഷിച്ച 'കടലിന്റെ മക്കൾ' കേരളത്തിന്റെ സ്വന്തം സൂപ്പർഹീറോ ആയി മാറുകയായിരുന്നു.
പിറ്റേന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച ചെങ്ങന്നൂരിൽ നിന്നും ഒരുപാട് പേർ നിരവധി ക്യാമ്പുകളിലേക്ക് വന്നെത്തി. പ്രഭാതഭക്ഷണം നല്കാൻ പലരും രംഗത്തുവന്നു. ആവശ്യങ്ങൾക്കനുസരിച്ച് ഭക്ഷണം പാകം ചെയ്ത് എത്തിക്കാനും ഇവർ മുന്നിട്ടിറങ്ങി. ആലപ്പുഴയിലും, വൈക്കത്തും, തലയോലപ്പറമ്പും പുതിയ ക്യാമ്പുകൾ തുറന്നു. ഇവിടേക്കെല്ലാം ആവശ്യമായി വന്ന സാധനങ്ങൾ ശേഖരിച്ച് വെച്ച് വലിയ ലോറിയിൽ വൈകീട്ടോടെ എത്തിച്ചു കൊടുത്തു. കാക്കനാടിലെ മിക്ക സൂപ്പർമാർക്കറ്റുകളും കാലിയായി തുടങ്ങി. ഇതും ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി. എല്ലാവരും ഒരാഴ്ചത്തേക്കുള്ള സാധനങ്ങളും, വെള്ളവും വാങ്ങിച്ച് വയ്ക്കാൻ തുടങ്ങി. ക്യാമ്പിലേക്കുള്ള സാധനങ്ങൾ പോലും ലഭിക്കാതെയായി. പച്ചക്കറിയുടെ വരവും നിന്നു. ഈ ഒരു അവസ്ഥ കണക്കിലെടുത്ത് കേരളത്തിനു പുറത്ത് നിന്നും നിരവധി സഹായഹസ്തങ്ങൾ നീണ്ടു. ബാംഗ്ളൂരിലും മറ്റും, മലയാളികൾ സാധനങ്ങൾ വാങ്ങിച്ച് ശേഖരിച്ച് ട്രക്കുകളിൽ കയറ്റി അയക്കാൻ തുടങ്ങി . ഇത് വലിയൊരു ആശ്വാസമായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ സാധനങ്ങളും എത്തിത്തുടങ്ങി. കാര്യങ്ങൾ പൂർവ്വസ്ഥിതിയിലായി.
രാത്രിയിലും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. തന്റെ കൂടെ ജോലി ചെയ്യുന്ന ആളുകളെ, അയൽവാസിയെ, ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളെ എല്ലാം തേടി നിരവധി സന്ദേശങ്ങൾ പ്രവഹിച്ചു. ലൊക്കേഷനുകൾ കണ്ടുപിടിച്ച് സ്വയം മറന്ന് പലരും ഇവരെയും തേടിയിറങ്ങി. തങ്ങളാൽ കഴിയും വിധം വിവരങ്ങൾ ശേഖരിച്ച് ഓരോ മലയാളിയും വാട്സാപ്പിലും, ഫേസ്ബുക്കിലും ഷെയർ ചെയ്തു. ഏറ്റവും ഭീതിപരത്തുന്ന നിമിഷങ്ങളാവും അവ. കണ്ടെത്താൻ കഴിയണേയെന്ന പ്രാർത്ഥനയാവും മനസ്സിൽ മുഴുവൻ. അന്നു രാത്രിയോ, പിറ്റേന്ന് രാവിലെയോ ഒരു ശുഭവാർത്ത വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കും.
മഴയുടെ തോത് പതിയെ കുറഞ്ഞിരുന്നു. ആകാശത്ത് ഹെലികോപ്റ്ററുകളുടെ ശബ്ദം ഇടയ്ക്കിടയ്ക്കായി കേൾക്കാം. ആലുവ ഭാഗത്തെല്ലാം വെള്ളം ഇറങ്ങുന്നുണ്ടായിരുന്നു. പെരിയാർ തന്റെ പഴയ തട്ടകത്തേക്ക് മടങ്ങിപോയി. മിക്ക ക്യാമ്പുകളും പൊതുവെ ശാന്തമായി തുടങ്ങി. എം. ഈ. സി യിലെ ക്യാമ്പിൽ നിന്നും പലരും വീട്ടിലേക്ക് പോയി തുടങ്ങി. ഇവർക്കായി ക്ലീനിംഗ് കിറ്റുകൾ സജ്ജമായിട്ടുണ്ടായിരുന്നു. വെള്ളം കയറിയിറങ്ങിയ വീടുകൾ താമസയോഗ്യമാക്കണമെങ്കിൽ നന്നായി ക്ലീൻ ചെയ്യണം എന്നാണ്‌ നിർദ്ദേശം. കൂടാതെ എലിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്നും നല്കുന്നുണ്ടായിരുന്നു. പറവൂർ, വൈക്കം, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിലേക്ക് സാധനങ്ങൾ എത്തിച്ചെങ്കിലും, ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ പലരും പട്ടിണിയിൽ ആയിരുന്നു. വാട്സാപ്പിൽ എന്റെ സുഹൃത്തിനു ലഭിച്ച ഒരു കുറിപ്പിന്റെ ഫോട്ടോ ഏറെ വേദനിപ്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
’മോനെ, ഇവിടെ 93 വയസ്സായ ഒരു അമ്മമ്മയ്ക്ക് ബെഡ് വേണം‘
ഞങ്ങൾ അവരെ വിളിച്ചു. മൺകുഴിയിലെ ഹോളി ഫാമിലി ചർച്ചിൽ നിന്നായിരുന്നു ഈ സന്ദേശം. അവിടെ പത്തോളം കുടുംബങ്ങൾ രണ്ട് ദിവസമായി പെട്ട് കിടക്കുന്നു. ഇന്നലെ ഭക്ഷണം തീർന്നുവെന്നും, വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവർ അറിയിച്ചു. പെരുമ്പാവൂർ ഉള്ള ക്യാമ്പ് കോർഡിനേറ്റർ വഴി പിറ്റേ ദിവസം ബെഡ്ഡും മറ്റും എത്തിച്ച് കൊടുത്തു. ഇത്രയും ദിവസത്തെ പ്രവർത്തനങ്ങളിൽ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷം.
മഴ തീരെ ഇല്ലാതായി. ദുരിതം കൂടുതൽ ബാധിച്ച പറവൂർ ഭാഗത്തേക്ക് കുറച്ച് ക്ലീനിംഗ് കിറ്റും, മരുന്നുകളുമായി ഞാനും ഹാഫിസും ഇറങ്ങി. അത്താണിയിൽ ആകെ ഇരുൾമൂടിയിരിക്കുന്നു. പലയിടങ്ങളിലും വീടിന്റെ രണ്ടാം നില വരെ വെള്ളം കയറിയതിന്റെ പാടുകൾ ഇപ്പോഴും കാണാം. വലിയ ഒരു ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ. യു.സി കോളേജിൽ ക്യാമ്പ് ഇപ്പൊഴും സജീവമായിരുന്നു. മരുന്നുകളും മറ്റ് സാധനങ്ങളും അവിടെ ഏല്പിച്ചു. രക്ഷാപ്രവർത്തനത്തിന്‌ സഹായിച്ച ബോട്ടുകൾ പലയിടങ്ങളിലായി കണ്ടു. ചളിയിൽ മുങ്ങിയ നിരവധി വാഹനങ്ങൾ റോഡിന്റെ ഇരുകരകളിലും അടിഞ്ഞുകൂടിയിരിക്കുന്നു. പച്ചപ്പ് പാടെ മാഞ്ഞിരിക്കുന്നു . പലരും വീടുകൾ താമസയോഗ്യമാക്കി മാറിത്തുടങ്ങി. കേരളം പതിയെ പ്രളയത്തെ അതിജീവിച്ചു തുടങ്ങി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ മലയാളികൾ ഒരുമിച്ച് നിന്ന് നേരിട്ടു. കൂടാതെ ലോകത്തിന്റെ പല ഭാഗത്ത് നിന്നും സഹായഹസ്തങ്ങൾ നീണ്ടു.
കേരളം എന്നും നന്ദിയോടെ ഓർക്കും, ഈ മഹാപ്രളയത്തിൽ നിന്ന് കൈപിടിച്ച് ഉയർത്തിയ മനുഷ്യരെ . രാത്രിപകലില്ലാതെ ക്യാമ്പുകളിലേക്ക് ഭക്ഷണവും, വസ്ത്രവും എത്തിച്ച് കൊടുത്തവരെ. സ്വന്തം ജീവൻ പണയം വെച്ച് ജീവൻ രക്ഷിച്ച മത്സ്യതൊഴിലാളികളെ. സോഷ്യൽ നെറ്റ്‌വർക്കിലൂടെ രക്ഷാപ്രവർത്തനത്തിന്‌ ചുക്കാൻ പിടിച്ച പുതിയ തലമുറയെ.
എനിക്കും പറയാനുണ്ട്. ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള കുറച്ച് ദിവസം സമ്മാനിച്ചതിന്‌, ഓർത്തെടുക്കാൻ പറ്റാത്ത ഒരുപാട് മുഖങ്ങൾക്ക്. വാട്സാപ്പിലൂടെ കണ്ടു മുട്ടിയ ഒന്നോ രണ്ടോ ദിവസം മാത്രം പരിചയമുള്ള സൗഹൃദങ്ങൾക്ക്. സാമ്പത്തിക സഹായങ്ങൾ എത്തിച്ച ലോകത്തിന്റെ പല കോണിലുള്ള ആളുകൾക്ക്. ഒരു വലിയ നന്ദി.
നമ്മൾ അതിജീവിക്കും !!!

Comments

Popular Posts