ചില മനുഷ്യർ ( 30 oct 2019)


ബുള്ളറ്റിൽ അമ്മുവിനെയും കൂട്ടി പോയ ദൂരയാത്രകൾ എല്ലാം തന്നെ ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. കന്യാകുമാരി യാത്രയിൽ ഉണ്ടായ അനുഭവങ്ങൾക്ക് ജീവനോളം വിലയാണ്‌ ഞങ്ങൾ നല്കുന്നത്. അന്നു കണ്ടു മുട്ടിയ ദൈവതുല്യരായ മനുഷ്യരെ ഇന്നും ആരാധനയോടെ മാത്രമാണ്‌ കാണുന്നത്.
രണ്ടു ദിവസം മുൻപ്, ഞങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയ ഒരു സംഭവം നടന്നു. ഇക്കാലമത്രയും സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിന്ന കൂടപ്പിറപ്പ് ജീവിതം അവസാനിപ്പിച്ചു. അതുമായി ബന്ധപ്പെട്ടാണ്‌ ഒട്ടും പ്ലാനിങ്ങുകളില്ലാതെ പെട്ടെന്ന് ബുള്ളറ്റുമായി നാട്ടിലേക്ക് യാത്രതിരിച്ചത്. എന്റെ ആത്മസുഹൃത്തിനെ അവസാനമായി ഒരു നോക്കു കാണാൻ, എല്ലാവരിലും ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി വെച്ച് യാത്രയായ അവനെ നോക്കി ‘എന്തിനായിരുന്നെടാ’ എന്നൊന്നു ചോദിക്കാൻ. ആതിനെ ശാന്തമാക്കാനെന്നോണം അമ്മു ഓരൊ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കോഴിക്കോട് ശ്മാശാനത്തിൽ വെച്ച് അവനെ മതിയാവോളം കണ്ടു. എന്നത്തെയും പോലെ നീ ആരോടും പറയാതെ യാത്ര പോവുകയല്ലേ. എവിടേക്കെന്ന് പറയേണ്ട. ഭൂമിയിൽ എവിടെയെങ്കിലും നീയുണ്ടാവും എന്ന് വിശ്വസിചോളാം. ഒരിക്കൽ ഞാൻ കൊച്ചിയിൽ ഉണ്ടെടാ എന്ന് പറഞ്ഞ് നിന്റെ വിളിയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിപ്പുണ്ടാവും.
യാത്ര കഴിഞ്ഞ് വീട്ടിൽ എത്തി, ക്ഷീണം തോന്നിയെങ്കിലും വക വച്ചില്ല. ലീവ് അധികം ഇല്ലാത്തതിനാൽ പിറ്റേന്ന് തന്നെ തിരിച്ച് പോരണമായിരുന്നു. നിതിന്റെ വീട്ടിൽ പോയി. സാറെ കണ്ടു. ഒന്നും പറയാൻ തോന്നിയില്ല. സാറിനു ഞങ്ങൾ ഉണ്ടെന്നു പോലും. അച്ചനെ പോലെ തന്നെ ആയിരുന്നു മകനും. അതേ മുഖം. അതേ മാനറിസങ്ങൾ. എപ്പൊഴൊ ഒന്നു മനസ്സു പതറിക്കാണും. എന്തോ അവനെകൊണ്ട് അങ്ങനെ തോന്നിപ്പിച്ചു കാണും. തോൽവി പറ്റിയത് എനിക്കാണ്‌. ഞാൻ അടങ്ങുന്ന അവന്റെ ആത്മസുഹൃത്തുക്കൾക്കാണ്‌. അവന്‌ ഒന്നു സങ്കടം പറഞ്ഞ് പൊട്ടിക്കരയാൻ കൂടെ നില്ക്കാൻ കഴിയാത്തതിന്‌. നമ്മൾ തോറ്റുപോയിരിക്കുന്നു. ഏല്ലാവരും രാത്രിയോടെ അവിടെന്നു പിരിഞ്ഞു.
പിറ്റേന്ന് രാവിലെ അങ്ങോട്ടേക്ക് പോയി. അരുണും അഖിലും രമേഷും വന്നിരുന്നു. കുറേ സംസാരിചു. മനസ്സിൽ ഒരു കല്ലു കെട്ടിവെച്ച പോലെ. സ്കൂൾ കാലഘട്ടം മുതലുള്ള ഓർമകൾ ഇനി ഒരു വിങ്ങലോടെയല്ലാതെ ഓർക്കാൻ കഴിയില്ലായിരിക്കാം. ആവരുടെ കൂടെ ഇരിക്കണം എന്നുണ്ടായിരുന്നു കുറെ നേരം. പക്ഷെ തിരിച്ച് കൊച്ചിയിലേക്ക് പോവാൻ സമയം അടുക്കാറായിരുന്നു. അതിനായി വണ്ടിക്ക് കുറച്ച് മിനുക്കുപണികൾ ആവശ്യം ഉണ്ടായിരുന്നു.
വണ്ടിയുടെ മുന്നിലെ ടയർ ഏകദേശം തീരാറായിരുന്നു. മുന്നിലെ ബ്രേക്ക് ആണെങ്കിൽ ലവലേശം ഇല്ല. രണ്ടും മാറ്റി. ഒന്നു വാഷ് കൂടെ ചെയ്ത് ബുല്ലെറ്റിനെ റിട്ടേർൺ ട്രിപ്പിനു സജ്ജമാക്കി. മഴ പെയ്ത് എവിടെയും പെട്ടു പോവാണ്ടിരിക്കാൻ നേരത്തേ തന്നെ വീട്ടിൽ നിന്നുമിറങ്ങി. ബൈപാസ്സിൽ കയറിയപ്പോൾ തന്നെ നൈസ് ആയിട്ട് മഴ തുടങ്ങി. റെയിൻകോട്ട് ഒന്നേ കരുതിയിരുന്നുള്ളു.പയ്യെ ഓടിച്ചു. മഴ കനക്കാൻ തുടങ്ങിയപ്പോൾ പലയിടത്തായി നിർത്തേണ്ടിവന്നു. നിക്കാകള്ളിയില്ലാതായപ്പോൾ ചേളാരിയിൽ നിന്നും രണ്ടുപേർക്കും റെയിൻകോട്ട് വാങ്ങിച്ചു. അതു തന്ന ധൈര്യം ചെറുതൊന്നുമല്ല. കോട്ടക്കൽ എത്താറായപ്പോളാണ് മഴ ഒന്ന് മാറിനിന്നത്. കണക്കുകൂട്ടലിനേക്കാൾ അധികം സമയം എടുത്തത് കാര്യമാക്കാതെ ഇനി മഴ ചതിക്കില്ല എന്ന് പ്രതീക്ഷിച്ച് പതിയെ വേഗത കൂട്ടി.
ഒമ്പതുമണിയോടെ കുന്നംകുളം ഭാഗത്ത് എവിടെയോ ഭക്ഷണം കഴിക്കാൻ കയറി. ആ ഒരു ബ്രേക്ക് അനിവാര്യമായിരുന്നു. കഴിച് കഴിഞ്ഞ് പതിയെ പുറപെട്ടു. ഇനിയും നൂറിലധികം കിലോമീറ്ററുകളുണ്ട് ഓടിക്കാൻ. രണ്ടു മണിക്കൂറിൽ വീട്ടിൽ എത്തിക്കാം എന്ന് അമ്മുവിനു വാക്കുകൊടുത്ത് പയ്യെ മുന്നോട്ട് നീങ്ങി.
ശോഭ സിറ്റിയോട് അടുത്തപ്പോൾ ഒരു പൊളിഞ്ഞ റോഡിനെ അഭിമുഖീകരിക്കേണ്ടി വന്നു. ഗിയർ ഷിഫ്റ്റിങ്ങിന്റെ ഇടയിൽ എന്തൊ ഒരു പന്തികേട് തോന്നി. ക്ളച്ച് ഒന്നു പിടിച്ച് നോക്കി. സംഗതി കൈവിട്ടു പോയിരിക്കുന്നു. ഗിയർ മാറ്റാൻ പറ്റാത്ത രീതിയിൽ ക്ലച്ച് പൊട്ടിയിരിക്കുന്നു. വണ്ടി പതിയെ സൈഡ് ആക്കി. അവൾക്ക് സംഗതി പിടികിട്ടിയില്ല. എന്തിനാ നിർത്തിയെ എന്ന് ചോതിച്ചു. വണ്ടി ഇനി മുന്നോട്ട് പോകില്ല എന്നറിഞ്ഞപ്പോൾ ഒന്ന് പകച്ചു. ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് അങ്കലാപ്പിലായപ്പോൾ എവിടെ നിന്നോ ഒരു പയ്യൻ ‘ എന്താ പറ്റിയെ ചേട്ടാ’ എന്ന് ചോദിച്ച് അടുത്ത് വന്നു. ഓട്ടോ ഡ്രൈവർ ആയിരുന്നു. നോക്കിയപ്പോ ഓട്ടോ സ്റ്റാന്റിന്റെ അടുത്താണ് ഞാൻ വണ്ടി ഒതുക്കിയത്. പുതിയ ക്ലച്ച് കേബിൾ കിട്ടിയാൽ മാത്രമേ വണ്ടി മുന്നോട്ട് പൊവുകയുള്ളു. സമയം 10 മണി അടുക്കാറാതിനാൽ ഇവിടെയും സംഗതി കിട്ടില്ല. എങ്കിലും അടുത്ത വർക്ക്ഷോപ്പ് ഉണ്ടോ എന്നറിയാൻ അവൻ ആരെയൊക്കെയോ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു.സ്റ്റാന്റിലേക്ക് വന്ന ഓരോ ഡ്രൈവർ ചേട്ടന്മാരും സഹായത്തിനെത്തി. പക്ഷേ കേബിൾ കിട്ടാത്തതിനാൽ വണ്ടി ശോഭ സിറ്റിയിൽ പാർക്ക് ചെയ്ത് ട്രെയിനിൽ കയറി പൊയ്കോളാൻ ആരൊക്കെയോ നിർദ്ദേശിച്ചു. അങ്ങനെ തന്നെ ചെയ്യാൻ തീരുമാനം എടുക്കാനികിരിക്കവേ ഒരു ചേട്ടൻ തന്റെ ഓട്ടോയിൽ ഉണ്ടായിരുന്ന ഓട്ടോയുടെ ക്ലച്ച് കേബിൾ എടുത്ത് ഇതിന് പറ്റുവോ എന്ന് നോക്കാൻ പറഞ്ഞു. ഉടൻ തന്നെ ആദ്യം സഹായത്തിനെതിയ പയ്യൻ ആ കേബിൾ വാങ്ങി വണ്ടിയിൽ ഫിറ്റ് ചെയാനുള്ള ശ്രമങ്ങൾ തുടങ്ങി. ഓട്ടോ ചേട്ടന്മാരെല്ലവരും കൂടെ ഒത്തുപിടിച്ചു. കേബിളിന് നല്ല നീളം ഉണ്ടായിരുന്നെങ്കിലും അത് വണ്ടിയുടെ ക്രാഷ് വാർഡിൽ വരിഞ്ഞു മുറുക്കിവെച്ചു. ആദ്യത്തെ ശ്രമത്തിൽ ഗിയർ മാറിയെങ്കിലും വണ്ടി നീങ്ങുണ്ടായിരുന്നില്ല. പലതവണ അഴിച്ചും, കെട്ടിയും ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ വണ്ടി പതിയെ നീങ്ങി. എല്ലാവരും അതൊരു ആഘോഷമാക്കി. ആ പയ്യന്റെ മുഖത്ത് ആനന്ദത്തിന്റെ നിർവൃതി കണ്ടു. ഞാൻ ഒരു വട്ടം ഓടിച്ച് വന്നപ്പോഴേക്കും അവൻ കൂട്ടത്തിൽ നിന്നും മാറി നിന്നിരുന്നു. ഒന്ന് നന്ദി പറയാൻ പോലും അവൻ നിന്ന് തന്നില്ല. ചിലർ അങ്ങനെയാണ്. സഹായങ്ങൾക്ക് പ്രതിഫലം ആഗ്രഹിക്കാത്തവർ. ബാക്കി ഓട്ടോ ചേട്ടന്മാരോട് നന്ദി പറഞ്ഞ് യാത്ര തുടരാൻ ഒരുങ്ങവെ കുറച്ച് ദൂരെയായി അവനെ കണ്ടു. ഒന്ന് പോയി കെട്ടിപ്പിടിക്കാൻ തോന്നി. ജീവിതത്തിൽ പലയിടങ്ങളിൽ വച്ച് ദൈവങ്ങളെ കണ്ടുമുട്ടാറുണ്ട്. അതുപോലെ ഒരു ദൈവം ഞങ്ങളുടെ കണ്മുൻപിൽ. ആ മുഖം ഇനി മറക്കില്ല. നീ ഇല്ലായിരുന്നെങ്കിൽ ഈ യാത്ര ഞങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയാതെ പോയെനെ.മുന്നോട്ട് പോവും തോറും ഞങ്ങൾ അത് തന്നെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. കൂടാതെ ചില തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. അമ്മു പറഞ്ഞ ഒരു കാര്യം ഞാൻ ഈ കുറിപ്പിന്റെ കൂടെ ചേർക്കട്ടെ. ‘ അകലെയുള്ള മിത്രത്തെക്കാളും, അടുത്തുള്ള ശത്രുവാണ് ഗുണപ്പെടുക’.
അന്ന് കോഴിക്കോട്ടെ ഓട്ടോക്കാരോട് മാത്രം തോന്നിയിരുന്ന ഒരു ബഹുമാനം ഇന്നു എല്ലാ ഓട്ടോക്കാരോടും തോന്നുകയാണ്. പ്രായത്തിൽ തന്നെക്കാളും ഇളയതായ ആ പയ്യൻ പക്ഷെ ഇന്നു കാണിച്ച പക്വതയും സഹായവും കൊണ്ട് ഒരുപാട് വളർന്നിരിക്കുന്നു. ജീവിതത്തിൽ നീ വലിയവനായി തീരും.
ശോഭാ സിറ്റിയിലെ ഓട്ടോ ചേട്ടന്മാരെ.. ഒരായിരം നന്ദി...

Comments

Popular Posts