കലാലയവർണ്ണങ്ങൾ
സമർപ്പണം : അർജ്ജുൻ (മല്ലു), സണ്ണി (കോരത്ത്), നിങ്ങളുടെ ഓർമ്മക്കൾക്ക് ഇപ്പോഴും സൗഹൃദത്തിന്റെ മണമാണ്. അവയെന്നും വിടർന്നു നില്ക്കുന്ന നിറമുള്ള പൂക്കളും.
ഇതെന്റെ കുറച്ച് ഓർമ്മക്കുറിപ്പുകളാണ്. ചില ഓർമ്മപ്പെടുത്തലുകൾ. ഇതിൽ ആത്മകഥാംശം നിറഞ്ഞിരിക്കാം, ചിലപ്പോൾ നിങ്ങളോരോരുത്തരാവം. എന്തുകൊണ്ട് MEC ഇത്രയും പ്രിയപ്പെട്ടതായി ഓരോ എം.ഈ.സിയനോടും മറ്റ് കോളേജ് വിദ്യാർത്ഥികൾ ചോദിച്ചെന്ന് വരാം. അതിന് ഒരുത്തരമേയുള്ളു, ഞങ്ങൾ ഇവിടെ ജീവിക്കുകയായിരുന്നു.
കോഴിക്കോട് നിന്നും രാത്രി അമ്മയോടും അനിയനോടും യാത്ര പറഞ്ഞ് ksrtc യിൽ കയറുമ്പോൾ മനസ്സിൽ നിറയെ പുതിയ കോളേജിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു.
റിപ്പീറ്റ് ചെയ്ത് നേടിയ നാലക്ക എൻട്രൻസ് റാങ്കും കൊണ്ട് ഒരു കമ്പ്യൂട്ടർ സയൻസ് സീറ്റും നോക്കി അലോട്ട്‌മന്റ് പ്രകൃയകൾക്ക് തയ്യാറായപ്പോൾ, കിട്ടാൻ സാധ്യത കൽപ്പിച്ചിരുന്നത് തൃശ്ശൂരിനായിരുന്നു. ഒട്ടും ശ്രദ്ധിക്കാതെ കിടന്ന എം.ഈ.സി തൃശ്ശൂരിനെ വ്യക്തമായ ലീഡോഡുകൂടി പിന്നിട്ട് ഒന്നാം സ്ഥാനത്തെത്തിയതും, അവിടെ രണ്ടാം അല്ലോട്ട്‌മെന്റിൽ സീറ്റ് കിട്ടിയതും ചെറിയ ഞെട്ടലോടെയാണ് ഞാൻ നോക്കിനിന്നത്. എന്നെ ഞാൻ ആക്കിയ എം.ഈ.സിയിലേക്ക് തികച്ചും അവിചാരിതമായൊരു ചുവടുവെപ്പ്.
ksrtc എറണാകുളം സ്റ്റാന്റിൽ എത്തുമ്പോൾ നേരം പുലരുന്നുണ്ടായിരുന്നു. കൊതുകുകളാണ് സംഘമായിവന്ന് കുരവയിട്ടുകൊണ്ട് വരവേറ്റത്. സ്റ്റാന്റിലെ അസഹ്യമായ നാറ്റം അവഗണിച്ച് ഞാനും അച്ചനും സ്ഥലം പിടിച്ചിരുന്നു. ഇന്നലെ പെയ്ത മഴയുടെ അവശേശിപ്പുകൾ അങ്ങിങ്ങായി കാണപ്പെട്ടു. മനസ്സിൽ ഓണത്തിന് നാട്ടിൽ തിമിർത്ത് പെയ്ത മഴയുടെ കുളിർമ്മയും, ഓണസദ്യയും, അവിട്ടനാളിൽ നുണഞ്ഞ പിറന്നാൾ മധുരവും ഗൃഹാതുരതയുടെ മിന്നലാട്ടങ്ങൾ ശൃഷ്ടിച്ചു.
അന്നത്തെ പ്രഭാതം എന്റെ കോളേജ് ജീവിതത്തിൽന്റെ ആദ്യ കിരണങ്ങളെ സ്റ്റാന്റിന്റെ പരിസരങ്ങളിലും വിതറുന്നുണ്ടായിരുന്നു. പയ്യെ എഴുന്നേറ്റ് കുളിച്ച് റെഡിയായി. അടുത്തുള്ള അമ്പലത്തിൽ നിന്നും ഭക്തിഗാനങ്ങൾ ഉയർന്നുകേട്ടു. പുറമേനിന്ന് ഒന്നു തൊഴുതു, പ്രാർത്ഥിച്ചു. ഓണത്തിനു മുൻപ് അഡ്മിഷനു വന്ന പരിചയം കണക്കിലെടുത്ത് കോളേജിലേക്ക് വെച്ചുപിടിച്ചു. അച്ഛന്റെ കൈ പിടിച്ച് സ്കൂളിലേക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയുടെ ലാഘവത്തോടെ ഞാൻ അദ്ദേഹത്തെ പിന്തുടർന്നു. കോളേജിലേക്ക് അടുക്കും തോറും പരിഭ്രമമായി. നേരെ ചെന്ന് ലിസ്റ്റ് നോക്കി, റൂം നമ്പർ 114. രണ്ട് പടി കൂടെ വച്ച് ഹോസ്റ്റലിലെത്തി. എന്റെ റൂമിൽ നേരത്തെ തന്നെ ആരൊക്കെയോ സ്ഥലം പിടിച്ചിരുന്നു. അത് കോഴിക്കോട്ടുകാരനാണെന്നറിഞ്ഞപ്പോൾ പകുതി ആശ്വാസമായി. റൂമിന്റെ പുറത്ത് ആകെ ബഹളമായിരുന്നു. ക്ലാസിൽ പോവാൻ സമയമായതിനാൽ പരിചയപ്പെടലുകൾ പാതിവഴിയിൽ ഉപേക്ഷിച്ചു. അവിടെയും പുതിയ പല മുഖങ്ങളും തിങ്ങിനിറഞ്ഞു. ക്ലാസ്സ് കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ ആവശ്യസാധനങ്ങളും വാങ്ങി അച്ഛൻ കാത്തിരിപ്പുണ്ടായിരുന്നു. പോകുകയാണെന്നും, വിളിക്കണമെന്നും പറഞ്ഞ് തിരിഞ്ഞുനടന്നു. അച്ഛൻ യാത്രപറഞ്ഞ് നടന്നകന്നപ്പോൾ, ഒറ്റപ്പെട്ടവനെപ്പോലെ ഞാൻ നിന്നു. തിരിച്ചുകയറാൻ മടിച്ചു. നീയിനി ഒറ്റയ്ക്കല്ല എന്നുള്ള പിൻവിളി കേട്ട് തിരിഞ്ഞപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ നിൽക്കുന്നു, അന്നു മുതൽ, വിടപറഞ്ഞിറങ്ങിയ നിമിഷം വരെ എന്നെ ഒറ്റപ്പെടുത്തിയിട്ടില്ലാത്ത ഭീമാകാരനായ എം എച്ച്.
ഞങ്ങൾ ഫ്രഷേഴ്സിനു പൊതുവെ മങ്ങിയ വരവേൽപ്പാണ് എം.എച്ചിൽ കിട്ടിയത്. കണ്ടാൽ ചിരിക്കാൻ മടിക്കുന്ന സീനിയേഴ്സും, ഭക്ഷണത്തിനുള്ള പ്രത്യേക സമയക്രമീകരണങ്ങളും തീർത്തും അപരിചിതമായി തോന്നി. പിന്നീട് ഹോസ്റ്റൽ സെക്രട്ടറി ദീപക് ജോസ് മനോഹരമായ ഒരു ചിരി പാസ്സാക്കികൊണ്ട് ചില ഹോസ്റ്റൽ നിയമങ്ങൾ പുറപ്പെടുവിച്ചു. നിയമാവലിയിലെ ആദ്യത്തേതും സുപ്രധാനവുമായ നിയമം, സീനിയേർസ്സിനെ സർ പദവി ചേർത്ത് വിളിക്കണം എന്നുള്ളതായിരുന്നു. കണ്ടാൽ ചിരിക്കുന്നതും വിലക്കി. മുണ്ടും (കൈലി) ഷർട്ടും മാത്രമായിരിക്കണം വേഷം. നേരത്തെയുള്ള ചിരി മായാതെ തന്നെ വേറെ ചില നിയമങ്ങളും കൂട്ടിചേർത്ത് ആശാൻ സ്ഥലം വിട്ടു. റാഗ്ഗിംഗിനു മുന്നോടിയായിട്ടുള്ള കർട്ടൻ റെയ്സർ ആയിരുന്നു അത്. പിന്നീടുള്ള ഓരോ ദിവസങ്ങളും ഭീതിജനകമായിരുന്നു. രാത്രികളിൽ വൈവിദ്ധ്യമാർന്ന റാഗ്ഗിംഗ് രീതികൾ കണ്ടുപിടിച്ച് ഞങ്ങളെ ഇരകളാക്കാൻ അവർ പ്രത്യേകതാൽപര്യം പ്രകടിപ്പിക്കുന്നതായി തോന്നി. ഡ്രാഫ്റ്ററുകൊണ്ടുള്ള വെടിവെപ്പും, ഉണ്ട പെറുക്കലും തുടങ്ങി, സെൻസർ ബോർഡ് കത്രികവെച്ച പല റാഗ്ഗിംഗ് സമ്പ്രദായങ്ങളും അരങ്ങേറി. കോളേജിൽ പോകുന്നത് ഒരു ഇടക്കാലാശ്വാസമായിരുന്നു. എം.എച്ചുകാർക്ക് കോളേജ് തികച്ചും റാഗ്ഗിംഗ് ഫ്രീ ക്യാമ്പസ് ആയിരുന്നു എന്നത് തന്നെയായിരുന്നു കാരണം. സീനിയേഴ്സിനോട് ചിരിക്കാം, സംസാരിക്കാം. ഡേ സ്കോളെർസ്സിനു മുന്നിൽ ഓരോ എം. എച്ചുകാരനും ഈയൊരു അഹങ്കാരം വെച്ചുപുലർത്തിയിരുന്നു. എം.എച്ചിൽ ഫ്രഷേർസ്സിനിടയിൽ തന്നെ സൗഹൃദം വളർന്നു. മലബാറുകാരും, തെക്കന്മാരും, അങ്ങു ലക്ഷദ്വീപീന്നു വന്ന പയ്യൻസുമെല്ലാം ഒരു കുടക്കീഴിൽ. തമാശകളും കളിയാക്കലുകളുമായി ഇർഷാദും മല്ലു( അർജ്ജുൻ- അന്നു അല്ലു അർജ്ജുൻ കത്തി നിൽക്കുന്ന സമയമാണ്. തന്റെ പേരും, ശരീരപ്രകൃതിയും കൂട്ടിവായിച്ച് സീനിയേർസ്സ് ചാർത്തികൊടുത്ത വട്ടപ്പേര്) വും, അരങ്ങുവാണു. കോളേജ് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളായിരുന്നു അത്. പലർക്കും വട്ടപ്പേരുകൾ വീണുകൊണ്ടിരുന്നു. പ്ലായും, മത്തിയുമെല്ലാം അങ്ങനെ പിറന്നവയാണ്. ഒടുവിൽ എം.എച്ചിലെ ടെറസ്സിൽ നിന്നും തുടങ്ങി, എല്ലാ നിലകളിലും, റൂമുകളിലും കയറി സീനിയേഴ്സിനെ ഓടിച്ചിട്ട് തല്ലിയ കലാശക്കൊട്ടോടു കൂടി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഫ്രഷേഴ്സ് ഡേ അവസാനിക്കുമ്പോൾ, ഇപ്പോഴത്തെ ഓർമ്മകൾക്ക് ഒരു മന്ദഹാസത്തിന്റെ മേമ്പൊടി ചേർക്കുന്ന റാഗ്ഗിംഗ് പിരീഡും അവസാനിച്ചിരുന്നു. സർ വിളികൾക്കും, പേടിച്ചിരുന്ന രാത്രികൾക്കും വിട. ഭയഭക്തിബഹുമാനങ്ങൾക്കും.
കോളേജിന്റെ കായികപരമായ പല നേട്ടങ്ങൾക്കും ആദ്യവർഷം സാക്ഷിയായി. ഫിട്ബോളിൽ അവസാനവാക്കായി, ദുലീപ് എന്ന ക്യാപ്റ്റൻ. പയ്യനും, സാത്താനും, മൂപ്പനും,ദിൽഷനും എല്ലാം പ്രതിഭയുടെ മിന്നലാട്ടം നടത്തിയവർ. ദീപക് ജോസ് എന്ന അതികായൻ നയിച്ചിരുന്ന വോളീബോൾ ടീം. ആ സ്മാഷുകൾ ഇന്നും വോളിബോൾ കോർട്ടിനെ പുളകം കൊള്ളിക്കുന്നുണ്ടാവാം. കപ്പുകൾ നേടുന്ന ബാസ്കറ്റ്ബോൾ ടീമും, ബാറ്റിംഗ് നിര അടക്കിവാണിരുന്ന ക്രിക്കറ്റ് ടീമും MECയുടെ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു.
ഏതൊരു കോളേജ് വിദ്യാർത്ഥികളെയും പോലെ, ക്ലാസിൽ സുന്ദരികളായ തരുണീമണികൾ ഉണ്ടാവണമെന്നുള്ള പ്രാർത്ഥന കൊണ്ടാവണം എല്ലാ ആൺതരികളുടെയും കണ്ണുകൾ ആ തട്ടമിട്ട മൊഞ്ചത്തിയിൽ ഉടക്കിയത്. പരിചയപ്പെടാനും സംസാരിക്കാനും ഒരു തള്ളിക്കയറ്റം ഉണ്ടായിരുന്നു. ക്ലാസിലെ ഏക മുസ്ലീം പയ്യനും, സർവ്വോപരി ചുള്ളനുമായ ബിലാൽ ആണ് മുസ്ലീമുകൾ ചത്തൊടുങ്ങീട്ട് മതി ബാക്കിയെല്ലാരും എന്നു പറഞ്ഞ് മുന്നിട്ടിറങ്ങിയത്. ഒരഞ്ചാറു ദിവസം ആകെ ബഹളം ആയിരുന്നു. അടുത്ത ആഴ്ച തൊട്ട് തട്ടത്തെ കാണാതായി. അന്വേഷണം ചെന്നെത്തിയത് മൂന്നം അലോട്ട്‌മെന്റിൽ, ആ തത്തുമ്മ പറന്നുപോയിരിക്കുന്നു. എം.ഈ.സിയിൽ നിന്നും അങ്ങു തൃശ്ശൂരേക്ക്. ക്ലാസിലെ പെൺകുട്ടികളുടെ ബെഞ്ചുകളിൽ ഒരു ശൂന്യത തളം കെട്ടിനിക്കുന്നതായി തോന്നി. ആൺപിള്ളേരാണേൽ പ്ലിങ്ങിയ അവസ്ഥയിലും.
ഒന്നാം സെമസ്റ്ററിന്റെ ആദ്യഭാഗങ്ങൾ, ക്ളാസ്സിൽ ഷേർളീ മിസ്സിന്റെ കെമിസ്ട്രി ക്ളാസ്സ് തകർക്കുന്നു. ഞാനടക്കമുള്ള പിൻബെഞ്ചുകാർ പതിയെ ശ്രദ്ധവിട്ട് മറ്റുകലാപരിപാടികളിലേക്ക് നീങ്ങി. ഇത്തവണ ഏവരുടേയും ശ്രദ്ധ ആകർശിച്ചത് കാൽക്കുലേറ്ററിൽ പേരെഴുതുന്ന വിദ്യ ആയിരുന്നു. അവേശം കേറി ഞാനും ഇടപെട്ടു. ദീപകിന്റെ K അന്വേഷിച്ച് അന്തം വിട്ട് നിക്കുമ്പോൾ, നെറ്റിയിൽ പതിച്ച ചോക്കുകഷ്ണത്തിന്റെ പിറകെ പറന്നു വന്നത് കൂരമ്പുപോലുള്ള മിസ്സിന്റെ ചോദ്യം. നോട്ട്സ് നോക്കി ഉത്തരം പരതി. ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാവാൻ? എവിടൊന്നൊക്കെയോ ചില മർമ്മരങ്ങൾ മാത്രം കേട്ടു. കാൽക്കുലേറ്ററിൽ നോക്കിയിരിക്കാനെ കഴിഞ്ഞുള്ളു. മിസ്സ് അടുത്തുവന്ന് കാൽക്കുലേറ്റർ എടുത്തു. “ആരാടാ ദീപ”, ക്ളാസ്സിൽ കൂട്ടച്ചിരി. K എന്ന അക്ഷരത്തെ തേടി ദീപയുടെ യാത്ര അവസാനിച്ചിരുന്നില്ല. മിസ്സ് ക്ളാസ്സീന്നു പുറത്തേക്കുള്ള വഴി കാണിച്ചു. അവിടെ നിന്നും നോട്സ് എഴുതി കാണിക്കണമെന്നുള്ള ശിക്ഷയും. സീറോ ആംഗിളിൽ നിന്നും നോട്സ് എഴുതുമ്പോൾ പിൻബെഞ്ചിൽ എന്നെ വിവാദമായ ദീപ കേസിലേക്ക് തള്ളിവിട്ട വിദ്വാന്മാർ ഒരു ഊളച്ചിരി പാസ്സാക്കുന്നുണ്ടായിരുന്നു.
യൂണിവേർസിറ്റി എക്സാമിനു മുന്നോടിയായുള്ള സ്റ്റഡി ലീവ്സ്. വീട്ടിൽ പോയി ഉണ്ടും ഉറങ്ങിയും കഴിഞ്ഞ നാളുകൾ. എപ്പോഴൊക്കെയോ തിരിച്ചും മറിച്ചും നോക്കിയ പുസ്തകങ്ങളേക്കാൾ സിലബസ്സ് മനപ്പാഠമാക്കിയിരുന്നു. ചിലനേരങ്ങളിൽ ഓർക്കൂട്ടിൽ അഭയം പ്രാപിച്ചു. ഓർക്കൂട്ട് കുഴിയിലേക്ക് കാലെടുത്ത് വെക്കുന്നതും, ഫേസ്ബുക്ക് എന്ന ന്യൂ ജെൻ ബോയ് ജനിക്കുന്നതും ഈയൊരു കാലഘട്ടത്തിലായിരുന്നു. സോഷ്യൽ നെറ്റ്‌വർക്കുകളുടെ വലിയ മുന്നേറ്റം. ഒരു മോഹവലയം ശൃഷ്ടിച്ചുകൊണ്ട് എഫ്.ബി കോളേജ് ജീവിതത്തിന്റെ ഭാഗമായി. ഓർക്കൂട്ടിനെ എല്ലവരും മറന്നുതുടങ്ങി. ആരുമറിയാതെ സ്ക്രാപ്പ് ബുക്കും, കമ്മ്യൂണിറ്റികളും ചിതലരിച്ചു നശിച്ചു . എക്സാം തുടങ്ങുന്നതിന് ഒരാഴ്ചമുൻപ് എം എച്ചിലേക്ക് പോയി.ആദ്യപരീക്ഷണങ്ങൾക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു.എക്സാം ഹാളിൽ ചോദ്യപേപ്പർ കിട്ടിയാലുടൻ 45 മാർക്ക് ഒപ്പിക്കാനുള്ള ചൊദ്യങ്ങൾക്കായുള്ള കണ്ണുകളുടെ പരക്കം പാച്ചിലായിരിക്കും. എഴുതി ഒന്നു ചൂടുപിടിച്ച് വരുമ്പോഴാവും, മുന്നിൽ നിന്നും ഒരനക്കം കേൾക്കുന്നത്. അനിരാജ് പേപ്പർ മടക്കിനൽകി ഇറങ്ങിപ്പോയിരിക്കുന്നു.രണ്ടു ബഞ്ച് മുന്നിൽ ചവർജി (ഉത്തരക്കടലാസ്സിൽ ചവർ അഥവാ ഗാസ് കുത്തികേറ്റുന്നതിൽ വിദഗ്ധൻ) തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉത്തരങ്ങൾ എഴുതികൂട്ടുന്നു. അഡീഷണൽ പേപ്പർ വാങ്ങാൻ എഴുനേറ്റാൽ ഒരായിരം കണ്ണുകൾ തുറിച്ചുനോക്കുന്നത് പോലെ തോന്നും, എക്സാം കഴിഞ്ഞിറങ്ങിയാൽ പിന്നെ അതിനുള്ള ഉത്തരങ്ങൾ നല്കണം. ഇങ്ങനെയുള്ള സ്ഥിരം കാഴ്ചകളുമായി എക്സാം സീസൺ പൊടിപൊടിക്കുമ്പോളായിരുന്നു, ഇർഷാദിന്റെ ശബ്ദത്തിലുള്ള ആ പ്രഖ്യാപനം എം. എച്ചിന്റെ വരാന്തയെ ആകമാനം കിടിലം കൊള്ളിച്ചത്. കെമിസ്ട്രി എക്സാം മാറ്റിവെച്ചിരിക്കുന്നു. ആദ്യ മോഡ്യൂളും വെച്ച് ഇങ്ങനെ അലസമായി ഇരിക്കുമ്പോൾ ആയിരുന്നു സംഭവം. എല്ലാവരുടെയും മനസ്സിൽ ലഡ്ഡു പൊട്ടി. ഇത്തരം സംഭവങ്ങളിലൂടെ കോളേജ് ലൈഫിലെ ഏറ്റവും ദൈർഘ്യം കൂടിയ എക്സാം സീസൺ കഴിഞ്ഞിരിക്കുന്നു.
ഇനി മൂന്നാം സെമസ്റ്ററിലേക്ക്, സീനിയർ ആവാൻ പോകുന്നു. ചില മാറ്റങ്ങൾക്കും സാക്ഷിയായി. ക്ലാസ്സിലെ രണ്ടാമത്തെ ഉഴപ്പൻ (ഒന്നാം സ്ഥാനം വിട്ടുകൊടുത്തിരുന്നില്ല, കോളേജ് കഴിയാറായപ്പോൾ മാത്രമാണ് സ്ഥിതി അല്പം മെച്ചപെട്ടത്. ദേവേന്ദ്രനും, ദീരേന്ദ്രനും ഒന്നും രണ്ടും സ്ഥാനങ്ങൾ കയ്യേറി, മുന്നിൽ രണ്ട് ഇന്ദ്രന്മാർ, ദേവന്മാരുടെ രാജാവ് !!!)
ഋത്വിക് കോഡിംഗ് പുലിയായി പരിണാമപ്പെട്ടു. ഫുൾ ടൈം ഒരു ലാപ്പും പിടിച്ചിരിപ്പാണ് കക്ഷി. എം. എച്ചിൽ റും ഷിഫ്റ്റിങ്ങ് നടന്നു. ഡയസ് ആയിരുന്നു എന്റെ റുംമേറ്റ്. ക്ളാസ്സിലും വന്നു ചെറിയ മാറ്റങ്ങൾ, അങ്ങിങ്ങായി ചില ഗ്യാങ്ങുകൾ പ്രത്യക്ഷപെട്ടു. അവരുടേതായ ലോകം.മൂന്ന് പുതുമുഖങ്ങൾ. ഹാഷിം, ശ്രേയസ്, സലീം. ഞാനും ഡയസ്സും പ്രാഞ്ചിയും എല്ലാം വാണിരുന്ന പിൻബെഞ്ചിലേക്കൊരു വാഗ്ദാനമായിരുന്നു ഇവർ. പിന്നീടങ്ങോട്ടുള്ള എല്ലാ തോന്നിവാസങ്ങളും ഞങ്ങൾ ഒരുമിച്ചായിരുന്നു.
ബോറിംഗ് ക്ലാസ്സുകൾ മടുത്തുതുടങ്ങിയപ്പോൾ കൃത്യസമയത്ത് ഹൗസുകളുടെ കാഹളം മുഴങ്ങി, സെനറ്റ് ഇനാഗുറേഷൻ.കാറ്റലൻസ്, ഗണ്ണേർസ്, റെഡ് ഡെവിൾസ്, അസ്സൂറോസ് എന്നിങ്ങനെ ഹൗസുകൾ അണിനിരന്നു. തീർത്തും ആവേശകരമായ ദിനങ്ങൾ. ഫസ്റ്റ് ഇയറിൽ വെറുതെ നോക്കിനിന്നവർക്ക് കഴിവുതെളിയിക്കാനുള്ള സുവർണ്ണാവസരമായിരുന്നു ഇത്തവണത്തെ ആർട്സ്. സ്റ്റേജിനെ പുളകം കൊള്ളിച്ച് മനോഹരമായ നൃത്തച്ചുവടുകളും, ഇപ്പോഴത്തെ സെലിബ്രിറ്റീസ് ബെൻ സാമും, ഭദ്രയും, നീതുഷയും മാസ്മരികത തീർത്ത സംഗീതവിരുന്നും, അരങ്ങേറി. സ്റ്റേജിനു ഇരുവശത്തുമായി ഹൗസിനു ജയ് വിളിച്ചും ഓളം വെച്ചും പരസ്പരം തേച്ചും സീനിയേഴ്സും ജൂനിയേർസും തിങ്ങിനിറഞ്ഞു. ഡെഡികേഷൻ കൗണ്ടർ ആയിരുന്നു മറ്റൊരു പ്രത്യേകത. അതിലൂടെ എത്ര പ്രണയാഭ്യർത്ഥനകളാണ് ഗാനങ്ങളായി ഒഴുകിയെത്തിയത്.
കോളേജ് ജീവിതത്തിന്റെ പകുതി പിന്നിട്ടിരിക്കുന്നു.അഞ്ചാം സെമസ്റ്ററിൽ ഒാർമിക്കാൻ ഒരു ഓണക്കാലം. പാതിരാത്രി സെറ്റ് ആയ ഓണപൂക്കളം ക്ളാസ്സിന്റെ മധ്യഭാഗത്ത് തന്നെ വരച്ചുവെച്ചു. രാവിലെ ഒരുപിടി തുമ്പപ്പൂവും, കിലോ കണക്കിന് ജമന്തിയും, വാടർമല്ലിയും മറ്റും വിതറി പൂക്കളം തീർത്തു.വി ആർ കെ യുടെ മാവേലിയും, ആംഫീതിയേറ്ററിൽ ഓണപ്പാട്ടുകളും, പുറത്ത് കസേരകളിയും, കമ്പവലിയുമായി ആഘോഷങ്ങൾ നടക്കവെ എതോ ഒരു ക്ളാസ്സിൽ ഷക്കീറയുടെ വക്ക വക്ക ഗാനം ഉയർന്ന് കേട്ടു. പോയി നോക്കിയപ്പോൾ താളത്തിനൊത്ത് തിരുവാതിര തുള്ളുന്ന ന്യൂ ജനറേഷൻ പെൺപിള്ളേർ. ഇത്തരം വിചാരങ്ങളെ റെഡിമെയ്ഡ് സദ്യയിൽ കൂട്ടിക്കുഴച്ച് വിഴുങ്ങി. s5 ദാന്നു പറഞ്ഞ് തീർന്നു. വീണ്ടും ആർട്സ് കാലം. ഇന്നസെന്റിന്റെ വേഷമണിഞ്ഞ് ചരിത്രത്തിലാദ്യമായി സ്റ്റേജിൽ. സകല ടെൻഷനും അനുഭവിച്ച്, ‘ഇപ്പൊ പൊട്ടും’ എന്ന ആ മൂവീ സ്പൂഫ് ഡയലോഗ് പോലെ തന്നെയായിരുന്നു എന്റെ അവസ്ഥ. അതിനാലാവം, യദുവും, ഇർഷാദും നിറഞ്ഞാടിയപ്പോൾ ചിരിയടക്കിപിടിച്ച് നില്ക്കാൻ സാധിച്ചത്. കോളേജ് ആർട്സ് കഴിഞ്ഞ്, മാസങ്ങൾക്ക് ശേഷം മറ്റൊരു ആർട്സ് ഓരോ MECian ലും കൊടിയേറിയിരുന്നു. യൂണിവേഴ്സിറ്റി കലോൽസവം. സ്റ്റേജിൽ കയറുന്ന മിക്ക ഐറ്റങ്ങൾക്കും ഒന്നും രണ്ടും സ്ഥാനം നേടി MEC കുതിപ്പ് തുടങ്ങി. എന്നൽ അവസാന ദിവസം വരെ ഫലം പ്രഖ്യാപിക്കാത്ത ഓഫ് സ്റ്റേജ് ഇവന്റുകൾ ഞങ്ങളെ പരിഭ്രാന്തരാക്കി. പോയന്റുകൾ നഷ്ടപ്പെട്ടാൽ SOE ക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം. ക്യാപ്റ്റൻ ഹാഷിം ഓഫ് സ്റ്റേജ് ഇൻ ചാർജ്ജ് ആയിരുന്ന എന്നോട് ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾ തിരക്കി.ഇവന്റ്സ് കുറിച്ച് വെച്ചിരുന്ന നോട്ട്ബുക്കിൽ കാര്യമായ പോയന്റ്സ് ഒന്നും രേഖപ്പെടുത്താനുണ്ടായിരുന്നില്ല. പതിയെ റിസൾട്ട്സ് പുറത്ത് വന്നു. ചില ഒന്നാം സ്ഥാനങ്ങളും, രണ്ടും മൂന്നും സ്ഥാനങ്ങളുമായി ഓഫ് സ്റ്റേജ് വിഭാഗത്തിലും പോയന്റ്സ് വാരികൂട്ടിയപ്പോൾ അവസാനദിവസം MEC അജ്ജയരായി നിലകൊണ്ടു. വീണ്ടും യൂണിവേർസിറ്റി കിരീടം MEC യുടെ കൈകളിലേക്ക്. ഒടുവിൽ, ആ കലാകിരീടത്തിൽ ഉമ്മവെക്കുമ്പോൾ ലോകം കീഴടക്കിയ സംതൃപ്തിയായിരിന്നു. അതേ സമയം, കോളേജ് അനുവദിച്ച ഒരു ദിവസത്തെ ട്രിപ്പിന് പോവാൻ, വയനാട്ടിലേക്കുള്ള വണ്ടി ഞങ്ങളേയും കാത്ത് കിടപ്പുണ്ടായിരുന്നു.
രണ്ടും മൂന്നും വർഷങ്ങളിൽ വിഹരിച്ച എം.എച്ചിലെ ക്യാരംസ് റൂം, കോളേജിലെ തന്നെ വിനോദകേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കളിക്കുന്നതിലേക്കാളുപരി സൊറ പറയാനും, തമ്മിൽ തേക്കാനും ഒക്കെയുള്ള ഒരിടം. രാത്രി തുടങ്ങി നേരം വെളുക്കുവോളം ക്യാരംസ് കളിച്ചിരുന്ന ദിനങ്ങൾ. ഫൈനൽ ഇയറിൽ, മറ്റെന്തോ കാരണത്താൽ ആ റൂമിൽ നിന്നും ക്യാരംസ് ബോർഡ് നീക്കം ചെയ്യപ്പെട്ടു. അങ്ങനെ ക്യാരംസ് റൂം കാലഹരണപ്പെട്ടു. അവിടെ ചുറ്റിപറ്റിയുള്ള ഓർമ്മകൾ മാത്രം ബാക്കി.
കോളേജ് ജീവിതം തുടങ്ങിയ അന്നു മുതൽ ആറാം സെമസ്റ്ററിന്റെ അവസാനം വരെ, താങ്ങും തണലും നല്കിയ ഒരു പടുവൃക്ഷം വിടചൊല്ലിപ്പോവുകയാണ്. സീനിയേഴ്സ്!!! മനസ്സിൽ ചില മുറിവുകൾ വീണു. അവരുടെ കൈകളിൽ നിന്നും ഇനി എന്തെല്ലാം ഭാരിച്ച ചുമതലകളാണ് ഞങ്ങളോരോരുത്തരും ഏറ്റുവാങ്ങേണ്ടത്. എക്സലും, ടെക്നോപ്രണറും, കോളേജ് മാഗസിനും, ആർട്സും, സ്പോർട്സുമെല്ലാം കോളേജ് ഇന്നോളം കണ്ടതിൽ വെച്ച് മനോഹരമായി നടത്തിയ ഒരു ബാച്ച് ആണ് പടിയിറങ്ങുന്നത്.എക്സലിനെ, പ്രോ ഷോ അവതരിപ്പിച്ച് മറ്റൊരു തലത്തിലെത്തിച്ചവർ. കോളേജ് മാഗസ്സിനാൽ നിറങ്ങളുടെ ‘ഗ്രാഫിറ്റി’ തീർത്തവർ. വിമർശനത്തിന്റെ പഴുതുകൾ ഒന്നുമില്ലാതെ ആർട്സിന്റെ മനോഹാരിത വിതറിയവർ. ഫൈനൽ ഇയറിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ ഇവരുടെ നിറസാന്നിദ്ധ്യം ഇനിയുണ്ടാവില്ല.
ഫൈനൽ ഇയർ വന്നതും പോയതും അറിഞ്ഞിരുന്നില്ല. എല്ലാവരും തിരക്കിലായിരുന്നു. ഓരോ മാസവും മുറ തെറ്റാതെ അരങ്ങേറുന്ന വിവിധ പരിപാടികൾ തന്നെയായിരുന്നു കാരണം. എക്സലും, കോളേജ് മാഗസിനും എന്നിൽ ഉത്തരവാദിത്വം നിറച്ചു. മനസ്സിൽ ഒരായിരം വട്ടം ഈ വാക്കുകൾ ഉരുവിട്ടു. അതിനെക്കുറിച്ച് മാത്രമായിരുന്നു ചിന്ത.
ഒരു പ്ലേസ്മെന്റ് ദിവസം ഫോർമൽസും അണിഞ്ഞ്, കയ്യിൽ റെസൂമെയും പിടിച്ച് കോളേജിലേക്ക്. ടെക്നിക്കൽ ഇന്റർവ്യൂ കഴിഞ്ഞ് എച് ആർ റൗണ്ടിൽ എന്നെ ചോദ്യം ചെയ്തത് ഒരു കോഴിക്കോടുകാരി. സംഭാഷണങ്ങൾ പിന്നീട് കോഴിക്കോടിനെക്കുറിച്ചായി. ഇന്റർവ്യൂവിനപ്പുറം ഒരു സൗഹൃദസംഭാഷണം ആയിരുന്നു അവിടെ നടന്നത്. റിസൾട്ട് വന്നു. ടി.സി.എസ്സിൽ ജോലി കിട്ടിയിരിക്കുന്നു. ആ കോഴിക്കോട്ടുകാരിയെ മനസ്സിൽ നമിച്ചു. പാതിരാത്രിയെപ്പോഴോ മയങ്ങിപ്പോയതറിഞ്ഞില്ല. പുലരാറായപ്പോൾ സാബുവും കിരണും, അതേ ഫോർമൽ വേഷത്തിൽ എന്നെ പൊക്കിക്കൊണ്ടുപോകുവായിരുന്നു. എക്സലിനു ഇനി ഒരു ദിവസം കൂടിയെ ബാക്കിയുള്ളു, അതിന്റെ കുറച്ച് മിനുക്കുപ്പണികൾ ബാക്കിയുണ്ട്. പാതിമയക്കത്തിൽ പണികൾ തീർത്തു. പിന്നീടങ്ങോട്ട് മൂന്ന് ദിവസം സത്യം പറഞ്ഞാൽ ഉറങ്ങിയിട്ടില്ല. എക്സൽ ദിനങ്ങൾ!!! ഒടുവിൽ ‘അവിയൽ’ ബാന്റിന്റെ കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണപ്പോൾ, കോളേജിനു വേണ്ടി എന്തൊക്കെയോ ചെയ്ത ഒരു ഫീൽ. എക്സലിന്റെ ഹാങ്ങോവർ തീരാൻ ഒരുപാട് സമയമെടുത്തു. ഉറക്കമില്ലാത്ത രാത്രികളുടെ ദിവസങ്ങൾ വീണ്ടും വന്നെത്തി. മാഗസിന്റെ രൂപത്തിൽ. പങ്കന്റെയും സാഡുവിന്റെയും കലാവിരുതിനാൽ തീർത്ത ‘മാറ്റൊലി’, സലീമിന്റെയും, നവാസിന്റെയും വിയർപ്പിന്റെ അംശം നിറഞ്ഞതായിരുന്നു. എം.എച്ചിനെക്കുറിച്ച് ആദ്യമായി പരാമർശിച്ച് വന്ന ആർട്ടിക്കിൾ, സ്റ്റുഡൻസ് പോൾ, തുടങ്ങി കോളേജിനെ അടുത്തറിയാനുള്ള ഒരു ശ്രമവും നടത്തി.
കോളേജ് ജീവിതം അതിന്റെ അവസാനവാതിലും മുട്ടിത്തുറക്കുന്ന വേളയിലായിരുന്നു NSS ന്റെ പുനരുദ്ധാരണം എന്ന ആശയം മനസ്സിൽ വന്നത്. മുല്ലയും ബോണ്ടും സതീഷനും ദിലീപും സാന്റിയും കെയും മാത്യുവും ശരത്തും മറ്റും കൂടെ നിന്നപ്പോൾ, ഒരു സ്വപ്നം പൂവണിയുകയായിരുന്നു. രക്തദാനക്യാമ്പ് നടത്തിയ അതേ ആവേശത്തിൽ ഒരു സപ്തദിന NSS ക്യാമ്പ് നടത്താൻ തീരുമാനിച്ചു. പിന്നീടങ്ങോട്ട് നടന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത സുവർണ്ണ നിമിഷങ്ങൾ. പുതിയ കുടുംബം. ക്യാമ്പിലെ ഒരോരുത്തരുടെയും മുഖങ്ങൾ മനസ്സിൽ തെളിയുന്നു. തണലിന്റെ ഫൗണ്ടർ അനസിക്ക, ഞങ്ങളുടെ സ്വന്തം അനീബിക്ക, മാപ്പിളപ്പാട്ടിന്റെ രാജാവ് മുനീർക്ക, പിന്നെ എല്ലാരുടെയും കുഞ്ഞുപെങ്ങൾമാർ തബുവും, ശില്പയും, മുനീറയും, ഷെഹർബാനും,അനനും, ലിമ ലിനിയും, പുഷ്കലയും,നസ്രീനയും ...അങ്ങനെയങ്ങനെ ഒരുപാട് മുഖങ്ങൾ. കലാലയജീവിതത്തിന്റെ പുനർജന്മം ആയിരുന്നു കോളേജിൽ വെച്ച് നടന്ന NSS ക്യാമ്പ്. തെങ്ങോടും, ട്രൈബൽ വില്ലേജിലും ചിലവിട്ട പകലുകൾ, mec യുടെ നാടൻപാട്ടുകൾ ഏറ്റുപാടിയ സായഹ്നങ്ങൾ, ഓഡിറ്റോറിയത്തിലും, ക്ളാസ്സ് റൂമുകളിലും കഥകൾ പറഞ്ഞ് കിടന്നുറങ്ങിയ രാത്രികൾ... പഴശ്ശിയുടെ യുദ്ധമുറകൾ, പെൺകുട്ടികളുടെ നേതാവ് റോഷ്ണിചേച്ചി, ചക്ക, ഫൈജു, ഫാദി, പരസ്പരം എന്തെന്നില്ലാതെ കലഹിക്കുന്ന പ്ളാത്തറയും പാത്തുവും, ജാബിറും, അൻവറും ,എല്ലാം ക്യാമ്പിന്റെ തുടിപ്പുകളായിരുന്നു. ഇനിയെന്നാണ് പഴയതുപോലെ ഒന്നു ഒത്തുകൂടുന്നത്? ഒരുമിച്ചിരുന്ന് NSS ഗീതങ്ങൾ പാടുന്നത്? ഒരേ താളത്തിൽ ഒരു NSS ക്ളാപ്പ് പാസ്സക്കുന്നത് ? ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ അലയും. എങ്കിലും ഒരിക്കലും തകരാതെ, തളരാതെ ഈ കൂട്ടായ്മ നിലനില്ക്കും, അതെനിക്കുറപ്പാണ്.
കോളേജ് ജീവിതത്തിലെ എല്ലാ കാട്ടികൂട്ടലുകൾക്കും അവസാനം കല്പ്പിക്കുന്ന ദിവസം, ഫേർവൽ! എന്നും ഓർമിക്കപ്പെടുന്ന ഒരുപാട് ഓർമകളും, സന്തോഷവും, കണ്ണീരും ഏറ്റുവാങ്ങിയ ആംഫിതിയേറ്ററിൽ എല്ലാവരും ഒത്തുകൂടി. വരാന്തയിൽ ഞങ്ങളെ നോക്കി ഒരുപറ്റം ജൂനിയേർസും. കരഞ്ഞു തളർന്ന ഒരുപാട് മുഖങ്ങൾ കണ്ടു. യാത്ര പറഞ്ഞ് തിരിഞ്ഞുനടന്നപ്പോൾ മനസ്സിലെ വിഷാദം പോലെ നിഴൽ പതിഞ്ഞ കലാലയം വീണ്ടും കാണപ്പെട്ടു.
പരീക്ഷകളും കഴിഞ്ഞ് ഒരിറ്റ് കണ്ണുനീർ വീഴ്ത്തി എം.എച്ചിനോട് യാത്ര പറയുമ്പോൾ മനസ്സ് വല്ലാതെ തളർന്നു തുടങ്ങിയതായി തോന്നി.
എന്നെ ഞാനാക്കിയ, എന്റെ സ്വപ്നങ്ങൾക്ക് മിഴിവേകിയ, എം.ഈ.സി. ഇന്നും നീയെന്റെ ജീവിതത്തിന്റെ ഭാഗമാണ്. നിന്നെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പതിവിലേറേ വാചാലനാവുന്നതും, നീ തന്ന ഓർമ്മകൾക്ക് അത്രത്തോളം മധുരമുള്ളതിനാലാണ്.
തൽക്കാലത്തേക്ക് വിട...
എന്നും മരിക്കാത്ത ഓർമ്മകളുമായി ഒരു MECian
Comments