ഇടുക്കി ഗോൾഡ്

ODC യിൽ നിന്നും ഇടുക്കിയിലേക്ക് ഒരു വൺ ഡേ ട്രിപ്പ് പോകുകയാണ്‌. പോകണോ എന്നുള്ള തീരുമാനം എടുക്കാൻ ഏറെ താമസിച്ചെങ്കിലും, ട്രിപ്പിനു രണ്ട് ദിവസം മുന്നെ ഭൂരിഭാഗം പേരും പോകും എന്നു ഉറപ്പിച്ചപ്പോൾ അവരുടെ കൂടെ ഞാനും തീരുമാനിച്ചു, പോയേക്കാം. 
പുട്ടും ബാലുവും സ്മാർട്ടിയും വരില്ലെന്നറിഞ്ഞപ്പോൾ അവരെ മിസ്സ് ചെയ്യും എന്നുറപ്പായിരുന്നു. ഏല്ലാവരും എല്ലായ്പ്പോഴും കൂടെ ഉണ്ടാവില്ലെന്ന വസ്തുത കണക്കിലെടുത്ത്, ഊർജ്ജം കൈവരിച്ച് ട്രിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 

ഉറക്കം അതിന്റെ പാതിവഴിയിൽ എത്തിനില്ക്കെ, എതോ ദിവാസ്വപ്നത്തിലെന്നപോലെ മൊബൈൽ ഫോൺ ചിലച്ചു. ഇന്നലെ ഉറങ്ങാൻ കിടന്നപ്പോൾ വച്ച അലാറം കിടന്നു കൂവി. വിളിക്കണം, എണീപ്പിക്കണം എന്നൊക്കെയുള്ള ചില അഭ്യർത്ഥനകൾ മാനിച്ച് രണ്ടുമൂന്നു പേരെ വിളിച്ചുണർത്തി. ഒരു കാക്കക്കുളിയും കഴിഞ്ഞ് ഇന്നലെ നട്ടപ്പാതിരയ്ക്ക് തേച്ചുവെച്ച ഷർട്ടും, ജീൻസും എടുത്തിട്ട്, റൂംമേറ്റിന്റെ കയ്യിൽനിന്നും കടം വാങ്ങിയ ക്യാമറയും കയ്യിലേന്തി റൂമിൽ നിന്നിറങ്ങി. 

മനു വിളിച്ചു. ഇറങ്ങിയെന്ന് പറഞ്ഞു. 
വഴിയിൽ കാത്തുനിന്ന് പോസ്റ്റാക്കുന്നതിനു മുന്നെ അവൻ വന്നു. നേരെ ഇൻഫോപാർക്കിലേക്ക്. 

ഉദ്ദേശിച്ച സമയത്തിൽ നിന്നും വലിയ ഭേദഗതികളില്ലാതെ തന്നെ ഇൻഫോപാർക്കിൽ നിന്നും ബസ് കൃത്യം 7 30 ന്‌ പുറപ്പെട്ടു. അൽ കൂത്തിന്‌ (അനുരാജ്) വൈകിയതിന്റെ ശിക്ഷയായി നടയടി കൊടുത്തായിരുന്നു ആരംഭം. വഴിയോരങ്ങളിൽ നിന്നും പെറുക്കികൂട്ടിയവരെ കൂട്ടി എണ്ണം തികച്ചപ്പോൾ മൊത്തം 32 പേർ. പലരും അങ്ങിങ്ങായി സീറ്റ് പിടിച്ചിട്ടും, കിടന്നിട്ടും, നെഞ്ചും വിരിച്ചിരുന്നിട്ടും, സീറ്റുകൾ നിരവധി ബാക്കി. ബസ്സ് ആലുവയും പെരുമ്പാവൂരും കടന്ന് യാത്ര തുടർന്നു. 
വിശപ്പിന്റെ വിളി, അത് ഒരേ വികാരത്തോടെ എല്ലാവരുടെ വയറ്റിലും ഏറ്റ് വിളിച്ചു. ഹോട്ടലുകൾക്ക് വേണ്ടിയുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തുന്നത് തൊടുപുഴയിൽ നിലകൊള്ളുന്ന എതോ ഒരു വെജിറ്റേറിയൻ ഹോട്ടലിൽ. 

ഒരു ആവറേജ് നെയ്‌റോസ്റ്റ്. 

ദോശ വേണ്ടെന്ന് കാറിയവരും, പൂരിമസാലയുടെ അസ്സാന്നിധ്യത്തിൽ ദോശയ്ക്കുമുന്നിൽ അടിയറവ് പറഞ്ഞു. നിറഞ്ഞ വയറുകളും, ചിരിക്കുന്ന മുഖങ്ങളുമായി യാത്ര തുടർന്നു. 

‘ഫുഡ് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്‌’ - സജീവ് സജീവ് (തട്ടത്തിൻ മറയത്ത്). 

പിറകിൽ ODC യിലെ പുതിയ ഭാവഗായകൻ അതുലിന്റെ ‘വേൽമുരുകാ..’ എന്ന ഭക്തിസാന്ദ്രമായ അടിച്ചുപൊളി പാട്ടോടുകൂടി സംഗീതകച്ചേരി തുടങ്ങി. മൈക്ക് എത്തിയതോടെ ഗായകസംഘം ഉണർന്നു. അവിയൽ പരിവത്തിൽ പാട്ടുകൾ ഒഴുകി. 

ഷമീർ aka ഉമ്പായിയുടെ ഗസൽസ്. 
പണ്ടെങ്ങോ കേട്ടുമറന്ന മാപ്പിളപാട്ടിന്റെ ഈണങ്ങൾ വീണ്ടും ഷമീറിന്റെ ശബ്ദത്തിൽ... 

‘നെഞ്ചിനുള്ളിൽ നീയാണ്‌..’ 
‘ഒട്ടകങ്ങൾ വരിവരിവരിയായി...’ 

ഇടയ്ക്ക് വെച്ച് ഒരു കാര്യവും ഇല്ലാതെ പറയാതെ അറിയാതെ പാടാൻ ഷമീർ നടത്തിയ പാഴ്ശ്രമം, കൂവലുകൾക്കും, ചീത്ത വിളികൾക്കും ഒട്ടേറെ അവസരങ്ങൾ കൊടുത്ത് കടന്നുപോയി. 

പാടാൻ എല്ലാവരേയും ക്ഷണിച്ചു. നയനച്ചേച്ചിയും, രാഹിണിയും പാടിത്തകർത്തു. ഇടയ്ക്ക് ടീമുകളായി മാറി, കുന്ദംകുളം ടീമും മറ്റ് അല്ലറച്ചില്ലറ ലോക്കൽസും ഋഷഭവും ഗാന്ധാരവും കൈമാറി പാട്ടുമൽസങ്ങളിൽ വരെയെത്തി. സംഗീതം അലയും തോറും അകലം കൂടുന്ന മഹാസാഗരം.. ഈ തിരിച്ചറിവിൽ കടലിനേയും മൽസ്യങ്ങളേയും ഓർത്ത് അൽ കൂത്ത്, ദർബാർ രാഗത്തിൽ ഒരു ഫിഷ് റോക്ക് അങ്ങലക്കി. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ മനസ്സിൽ ചൊല്ലിത്തന്ന അമ്മയെ മനസ്സിൽ ധ്യാനിച്ച് മേഘത്തേരിലും, ഹരിമുരളീരവവും, തുടങ്ങിയ ഗാനങ്ങൾ ഒരൊറ്റ സംഗതിപോലും കളഞ്ഞുപോവാതെ odc യിലെ ഓരോ ആൺതരിയും ഒറ്റക്കെട്ടോടെ ശ്രുതിയും താളവും ചേർത്ത് നശിപ്പിച്ച് കയ്യിൽകൊടുത്തു. പിന്നെ ആകെക്കൂടെ ഒരു ബഹളം ആയിരുന്നു. ഒടുവിൽ, മഹാസാഗരത്തിന്റെ കരയിലിരുന്ന് കക്കപെറുക്കി കഴിഞ്ഞപ്പോൾ, മൈക്ക് തിരിച്ചുകൊടുത്തു. 

പാട്ട് മതിയെന്നും ഇൻ അന്താക്ഷരിക്ക് സ്കോപ്പ് ഇല്ലെന്നും മനസ്സിലാക്കി, Dumb C കളിക്കാം എന്ന ആശയത്തിലുടക്കി രണ്ട് ടീമുകളായി പിരിഞ്ഞു. വീറും വാശിയും നീണ്ടുനിന്ന പോരാട്ടത്തിൽ രണ്ട് ടീമും തുല്യമായി പോയന്റുകൾ പങ്കിട്ടു. ഇനി വേറെ മൽസരങ്ങളൊന്നും എന്നായി. ബസ് പതിയെ ഇടുക്കിയിലേക്കുള്ള പാത പിന്തുടർന്നുകൊണ്ടിരുന്നു. 


ഇടുക്കി ഗോൾഡ് എന്നു പേരിട്ടിട്ട്, ഇടുക്കിയിലേക്കുള്ള ട്രിപ്പ് എന്നു പറഞ്ഞിട്ട് ഇതിലെവിടെ ഇടുക്കി?? എന്ന തികച്ചും ന്യായമായ ഒരു ചോദ്യം ഉയർന്നുവന്നു കാണും, സ്വാഭാവികം. ഈ ഇടുക്കി ട്രിപ്പ് കുറേയൊക്കെ അങ്ങനെയായിരുന്നു. 

ഇടുക്കിയെ പറ്റിപ്പറയുമ്പോൾ പണ്ട് ഞാൻ ഇരുട്ടത്ത് കണ്ട ഇടുക്കിയാണ്‌ എനിക്കോർമ്മ വരുന്നത്. അന്ന്, പ്രണയനൈരാശ്യം കൊണ്ട്, വിവശതയും, വിഷമവും പേറിയ രണ്ട് യുവഹൃദയങ്ങൾ ‘ഒരു കിറുക്കൻ സ്വപ്നത്തിന്‌’ പിറകെ നട്ടപാതിരയ്ക്ക് വെച്ചുപിടിച്ച ഇടുക്കി യാത്രയിൽ പങ്കാളിയായപ്പോൾ കണ്ട ഇരുട്ടും, വിജനതയും നിറഞ്ഞ കാഴ്ച്ചകൾ പകൽവെളിച്ചത്തിൽ കൂടുതൽ വ്യക്തതയോടെ കാണുമ്പോൾ മനസ്സുനിറയേ ആത്മസംതൃപ്തിയും അമ്പരപ്പും നിറഞ്ഞുനില്ക്കുന്നു. അന്ന് എന്തിന്‌ അങ്ങനെയൊരു യാത്ര എന്ന ചോദ്യം തന്നെയാണ്‌ മേല്പറഞ്ഞ അമ്പരപ്പ് ശൃഷ്ടിക്കാൻ ഇടവരുത്തിയത്. 
ആ കാഴ്ചകൾ വീണ്ടൂം തെളിഞ്ഞു. 
പാതിവഴിയിൽ സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ വീണ്ടൂം പരീക്ഷിക്കാനായി സഹചാരികൾ നടത്തിയ പരിശ്രമങ്ങൾക്ക് ഇടം പിടിച്ച ഒറ്റപ്പെട്ട പാലം.ഇരുപുറവും ഇരുട്ട്. ആർത്തുവിളിക്കാൻ മനസ്സ് വെമ്പൽകൊണ്ടു. അപ്പോൾ വിദൂരതയിൽ നിന്നും ഒരു വെളിച്ചം വീശി. ക്യാമറയിൽ നിന്നുയർന്ന ഫ്ലാഷ് അതിനെ നിഷ്പ്രഭമാക്കി. ഇടുക്കിയിൽ നിന്നും വരുന്ന ഒരു ജീപ്പ് അയിരുന്നു അത്. ഇരുട്ടിൽ വ്യക്തമാകാത്ത രണ്ടുമുഖങ്ങളിൽ ഒന്ന്, പെട്ടെന്ന് സ്ഥലം വിട്ടുകൊള്ളാനും, വെറുതെ ആനകൾക്കും പോലീസിനും മുന്നിൽ അകപ്പെടെണ്ട, എന്നും വളരെ മാന്യമായി പറഞ്ഞു. ജീപ്പ് മുന്നോട്ട് നീങ്ങി. താമസിയാതെ എതിർദിശയിൽ ഞങ്ങളും. 

പിന്നീട് കണ്ട കാഴ്ചകൾ വിരളമായിരുന്നു. സിവിൽസ്റ്റേഷൻ ഇടുക്കി എന്ന് മഞ്ഞപൂശി കറുപ്പുനിറത്തിൽ നാമകരണം ചെയ്ത ബോർഡിൽ തൂങ്ങിനിന്ന് പടം പിടിച്ചതും, അടച്ചുപൂട്ടിയ ഇടുക്കി ഡാമിനെ നോക്കി ആകാശത്തേക്കുയർന്ന് പൊങ്ങിയ പുകച്ചുരുളുകൾക്ക് സാക്ഷിയായതും, ബ്രസൂക്ക എന്ന ഓമനപ്പേരിൽ ബ്രസീൽ ലോകകപ്പിനെ പ്രതിനിധാനം ചെയ്ത പന്ത് തട്ടിക്കളിച്ചതും ഓർമ്മകൾ. തിരിച്ചുള്ള യാത്രയിൽ ഉറങ്ങിപ്പോയിരുന്നു, സ്വപ്നത്തിൽ നിന്നെഴുന്നേറ്റ പോലെ തിരിച്ചെത്തി. ഓഫീസിൽ ചെന്ന് ഈ കഥകൾ ചേച്ചിമാരെ കേൾപ്പിച്ചപ്പോൾ ശകാരങ്ങളൂം ഉപദേശങ്ങളും എന്നെ പൊതിഞ്ഞു. അപ്പോൾ വീണ്ടും ആ ചോദ്യം മനസ്സിൽ കിടന്നുകളിച്ചു. എന്തിനായിരുന്നു? 

ഇടുക്കി ഡാം കാഴ്ച്ചക്കാർക്ക് വേണ്ടി താൽക്കാലികമായി തുറന്ന് കൊടുക്കുന്നു എന്നുള്ള പത്രവാർത്ത കണ്ട അന്നുമുതൽ ഡാം കാണണം എന്നുള്ള റാഫിയുടെ കലശലായ മോഹമാണ്‌ ഇന്ന്, ഇപ്പോൾ, ഈ പൊരിവെയിലത്ത് നടക്കാൻ പോകുന്നത്. ട്രിപ്പിനു വന്ന 32 പേരെ നടത്തിക്കാനും!!! 
ഡാമിന്റെ പ്രവേശനകവാടത്തിനും അപ്പുറത്ത് മറ്റൊരു കൗണ്ടറിലാണ്‌ ടിക്കറ്റ് കൊടുത്തിരുന്നത്. അവിടെനിന്നും എല്ലാവർക്കുമുള്ള ടിക്കറ്റ് വാങ്ങി പ്രവേശനക്കവാടത്തിൽ എത്തിക്കുമ്പോഴേക്കും, സകലമാന പെൺജനങ്ങളും കുടയൊക്കെ ചൂടി, കയ്യിൽ വെള്ളക്കുപ്പികളുമായി 2km-ഓളം നീളുന്ന, ഇടുക്കി ഡാം ട്രക്കിങ്ങിന്‌ തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. എല്ലാവരും സെറ്റ് ആയപ്പോഴെക്കും, പ്രവേശനം അനുവദിച്ചുകൊണ്ട് എണ്ണം പറഞ്ഞ 32 ടിക്കറ്റുകൾ രണ്ടായിമുറിഞ്ഞ് നിലം പൂകി. പയ്യെ ഓരോരുത്തരായി അകത്തേക്ക് കയറി. 

കയ്യിൽ വാട്ടർബോട്ടിലും, മുഖത്ത് വിടർന്ന ചിരിയും, വർണ്ണക്കുടകളുമായി ചലിക്കുന്ന IT പ്രൊഫഷണൽസ്, ഒരു നിമിഷത്തേക്ക് ഡാം കാണാൻ സ്റ്റഡി ടൂർ വന്ന ഒരു കൂട്ടം ആറാം ക്ളാസ് പിള്ളേരെ പോലെ തോന്നിപ്പിച്ചു. ആദ്യദർശനസ്ഥലത്തിന്റെ ജാള്യത മറയ്ക്കാൻ പലരും അവരവരുടെ രീതിയിൽ എല്ലാം ഒരാഘോഷമാക്കി. 

കിലോമീറ്റേർസ് ഏൻഡ് കിലോമീറ്റേർസ് പണിതിട്ടിരിക്കുന്ന ഇടുക്കി ഡാം, മുഴുവനായും നടന്നുകാണുക എന്ന ദൗത്യം ഓരോരുത്തരും മനസ്സിൽ കുറിച്ചിട്ടു. ഇരുപുറവും തിങ്ങിനില്ക്കുന്ന നീലജലാശയം ഭൂരിഭാഗം പേരേയും ആകർശിച്ചു. ഡാമിന്റെ മതിലിനോട് ചേർന്ന് താഴോട്ടും നോക്കി കുറേ നേരം നിന്നു. ഇതിനിടയിൽ ഇടുക്കി ഡാമിന്റെ ചരിത്രം റാഫി പറഞ്ഞുതുടങ്ങിയിരുന്നു. മൂന്ന് ഡാമുകൾ ചേർന്നതാണത്രെ ഇടൂക്കി ഡാം (ഇതേ ഓർമ്മയുള്ളു. ബാക്കി വിക്കിപീഡിയ നോക്കിയാൽ കിട്ടും ;) ). റാഫി ചരിത്രം വിളമ്പുമ്പോൾ നമ്മുടെ പടച്ചേരി രേഷ്മ, ഡാമിന്റെ ഭൂമിശാസ്ത്രവും, നിർമ്മാണരീതികളേയും കുറിച്ച് വാതോരാതെ സംസാരിച്ചു. പണ്ടുപണ്ട്... ഈ നാട്ടിൽ റോഡ് പോയിട്ട് ഒരു ഇടവഴിപോലും ഇല്ലാതിരുന്ന സമയത്ത്, ആരാണ്ട് ഹെലികോപ്റ്ററിൽ വന്നു ആകാശത്തീന്ന്, ഭൂമിയിലേക്ക് ഇറക്കിവെച്ചതാണത്രെ ഇന്നുനാം കാണുന്ന ഈ ഡാം. ഭയങ്കരം തന്നെ.. ലെ?? 

രേഷ്മയെ നോക്കീട്ട് ‘ങ്ങളെന്തൊരു വെറുപ്പിക്കലാണ്‌ ബാബ്വേട്ടാ...ഭയങ്കര വിടലാണല്ലോ..’ എന്ന് പറയണം എന്നുണ്ടായിരുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദം അതിന്‌ അനുവദിച്ചില്ല. 
ആദ്യത്തെ ഡാമിൽ നിന്നും രണ്ടാമത്തിലേക്ക് പോകുന്നവഴിക്ക് ഇടത്തെ ഭാഗത്തായി ഒരു കുന്ന് സ്ഥിതിചെയ്യുന്നു. അതിലെവിടെയോ നിന്ന് നേർത്ത മഴത്തുള്ളികണക്കെ, തണുത്ത ജലകണികകൾ താഴോട്ട് ഒഴുകികൊണ്ടിരിക്കുന്നു. കയ്യിൽ ഉണ്ടായിരുന്ന കുട മാറ്റിപ്പിടിച്ച് ചിലർ അതിനടിയിൽ പോയി നിന്നു. ആവരുടെ മുഖഭാവങ്ങളിൽ ആ ജലം നല്കിയ കുളിർമ്മ വ്യക്തമായിരുന്നു. വലതുഭാഗത്തെ ജലഅശയം പതിയെ കാണാതായി. പകരം ചെറിയ കാടുകളായി. വീണ്ടും നടന്നു. ക്യാമറ അനുവധിക്കാത്തതിനാൽ ഫോട്ടോക്ക് പോസ് ചെയ്യൽ മഹാമഹം നടന്നില്ല. എല്ലാവരും വളരെ ശാന്തരായി നേരത്തെ പറഞ്ഞ ആറാം ക്ളാസ് പിള്ളേരെപോലെ മുന്നോട്ട് നടന്നു. 
കാഴ്ച്ചകൾക്ക് നിറം മങ്ങിത്തുടങ്ങിയിരുന്നു.വെയിൽ അസ്സഹനിയതയിലേക്ക് വഴിമാറി. ആദ്യമൊക്കെ കുടയില്ലാതെ നടന്നെങ്കിലും ഇടയ്ക്കുവെച്ച് ചില കുടകളിൽ അഭയം തേടേണ്ടിവന്നു. 
ഡാം No. 2, മഞ്ഞപുതപ്പിട്ട മതിലുകൾ, നേരത്തെ കണ്ടതിലും നീലിമയാർന്ന ജലാശയം. അതിന്‌ ഒത്ത നടുവിലായി ജങ്കാർ പോലെ എന്തോ ഒന്ന് കിടപ്പുണ്ടായിരുന്നു. ആർക്കും വല്യ വ്യക്തതയില്ലാത്തതിനാൽ അതിനെ ജങ്കാർ എന്നു തന്നെ മുദ്രകുത്തി. അടുത്ത ഡാമിനോട് ചേർന്ന് അസാധരണമായ എന്തോ ഒന്ന് കണ്ടതിന്റെ ആഹ്ളാദം എല്ലാ മനസ്സിലും അലയടിച്ചു. ഒരു വലിയ ഗുഹ. വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്. ഉള്ളിൽ ഇടയ്ക്ക് നിശബ്ദത. ഇടയ്ക്ക് ചിലർ കൂവി.എല്ലാ ശബ്ദങ്ങളും പാറഭിത്തിയിൽ ഇടിച്ച് പലതവണ ആവർത്തിച്ചു. പുറത്തേക്കെത്താറായപ്പോൾ, പാറകളിൽ, നന്നേ ഉയരത്തിൽ പല പേരുകളും എഴുതിവച്ചിരിക്കുന്നു. 

ചൂട് അസഹനീയമായി മാറി. തണലുകൾ തേടിയലഞ്ഞു. ഐസ് ക്രീമുകൾ ചൂടപ്പം പോലെ വിറ്റുപോയി. ചിലർ ഇളനീരിൽ ദാഹമടക്കി. ഇടുക്കി ഡാം കണ്ടും, വെയിലത്ത് നടന്നും, തളർന്ന മുഖങ്ങളിൽ മനസ്സിൽ പതിയുന്ന ഒരു കാഴ്ച്ചയോ സംഭവങ്ങളോ നടക്കാത്തതിനന്റെയും, പ്രതീക്ഷകൾ ഒരുപാട് തന്ന ട്രിപ്പ് ഇങ്ങനെയായി ഒടുങ്ങുമോ എന്നുള്ള ആശങ്ക തളം കെട്ടി. എല്ലാവർക്കും ഒരുതരം മടുപ്പ് അനുഭവപ്പെട്ടു. കൂട്ടം തെറ്റിനടന്ന പടകൾ എല്ലാം പതിയെ എത്തിചേർന്നു. ഞാനും സുമിത്തും വഴിയിലെവിടെയോ ഒരു വേരിൽ തളർന്നിരുന്നു. ഇതിനിടയിൽ മലകേറി പോയ രാഹിണിയെ ഒരു ജനവിഭാഗം കുറേനേരം നോക്കി നിന്നു. അതൊരു ചർച്ചാവിഷയം ആവുകയും, പരസ്പരം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു കൊണ്ടിരിക്കെ,മൂലകാരണം അന്വേഷിച്ച് പോയവർ, ഒന്നും മനസ്സിലാകാതെ തിരിച്ചുവന്നു. അങ്ങനെ ഇടക്കാലാശ്വാസം നല്കിയ ഞങ്ങളുടെ ഇരിപ്പവസാനിപ്പിച്ച് പൊടിതട്ടി എഴുന്നേറ്റു.

ഇനിയും താഴോട്ട് നടക്കണമത്രെ. നടന്ന് നടന്ന് ഒരു അന്തോം കുന്തോം ഇല്ലാതായപ്പോൾ, കുറച്ച് ടീംസ് ksrtc ബസ് പിടിച്ച് നമ്മുടെ സ്വന്തം ബസ്സ് പിടിക്കാൻ പോയി. പോസ്റ്റടിച്ച് ഭ്രാന്ത് പിടിച്ച് നില്ക്കുമ്പോൾ, ഒരു കൊച്ചിന്‌ ഏറുമാടത്തിൽ കേറണമെന്ന്. അവളൂടെ ഒരു ഏറുമാടം!! 

കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട് ബസ്സ് വന്നു. അതിന്റെ പാതിയടഞ്ഞ ജനവാതിലിലൂടെ ദൂരെയായി, ഇടുക്കി ഡാം കാണപ്പെട്ടു. ഓർത്തുവെയ്ക്കാൻ ഒന്നുമില്ലാതെ ഒരു ദിവസത്തിന്റെ പാതികാർന്നുതിന്ന് നശിപ്പിച്ച കാർണോരേ.. അങ്ങേയ്ക്ക് വിട!! 

എല്ലാത്തിനും മീതെ ഉച്ചഭക്ഷണം ആണെന്നുള്ള വെളിപാടുണ്ടായി. തരക്കേടില്ലാത്ത ഒരു മീൽസ് അകത്താക്കികൊണ്ടിരിക്കുമ്പോൾ ഹോട്ടലിലെ TV യിൽ മണിച്ചിത്രത്താഴ്. ലാലേട്ടന്റെ Dr. സണ്ണി എന്ന അവതാരം വന്നുകേറുന്ന രംഗം. 
‘സണ്ണിക്കുട്ടാ...’, കുറച്ച് നേരം ലയിച്ചിരുന്നു. ‘മണിച്ചിത്രപൂട്ടിട്ട് പൂട്ടും’ എന്നു പറഞ്ഞപ്പോൾ ഞാൻ അടങ്ങുന്ന ലാലേട്ടൻ ഫാൻസ് മുഖത്തോട് മുഖം നോക്കി മന്ദഹസിച്ചു. ഭക്ഷനം കഴിച്ച് കഴിയുന്നതിനും മുന്നെത്തന്നെ വാട്ട്സാപ്പിൽ സജീവിന്റെ ഹോട്ടൽ പ്രേമം നിറഞ്ഞുനിന്നു. ഹോട്ടലിന്റെ ഒരു കളറുപടം ഗ്രൂപ്പിൽ പതിഞ്ഞിരിക്കുന്നു. അതിനു തൊട്ടമുകളിലായി, രാവിലെ കയറിയ ഹോട്ടലിന്റെ ചിത്രവും. ട്രിപ്പിന്‌ വരാത്തവർക്ക് ആവേശം കേറി. ഹോട്ടലുകളിലേക്കാണോ ട്രിപ്പ് എന്നു വരേ ചോദ്യം വന്നു. എന്തുചെയ്യാൻ, അല്ലാന്ന് പറയാൻ ഡാമിന്റെ ഒരു പടം പോലും ആരുടെയും കയ്യിലില്ലല്ലോ. ‘Photography is prohibited!! ’ , തേങ്ങാക്കൊല. ഒരു ഫോട്ടോ എടുത്താൽ എന്താ, ഡാം ഇടിഞ്ഞുപോകുവോ? (പുച്ചം) 

പുതിയമേച്ചിൽപ്പുറങ്ങൾ തേടിയുള്ള യാത്ര തുടർന്നു. ഇനി ക്യാമറ എടുക്കാം എന്നുള്ള ആശ്വാസത്തിൽ, ക്യാമറ എടുത്ത് പൊടിതട്ടിവച്ചു. നല്ല മലയാളം പ്രണയഗാനങ്ങൾ കേട്ട് എല്ലാവരും പാതിമയക്കത്തിലായി. എന്റെ പാട്ട് സെലക്ഷനേക്കുറിച്ച് റാഫി appreciate ചെയ്യുന്നുണ്ടായിന്നു. appreciate ചെയ്യുന്നത് ഒരു കലയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് റാഫി ചെയ്യുമ്പോൾ മാസ്റ്റർപീസും. ലോകത്തിലെ എല്ലാ മാനേജർമാരും ഇങ്ങനെയായിരുന്നെങ്കിൽ!! 

ബസ്സ് എതോ ഒരു കുന്നിന്റെ ഒരു വശത്തായി ചരിഞ്ഞു നിർത്തിയിരിക്കുന്നു. ഞാനും അൽകൂത്തും ആദ്യം ഇറങ്ങി. അല്പസമയം കഴിഞ്ഞ് ബാകി എല്ലാവരും. നേരെ നോക്കിയപ്പോൾ കുറച്ച് അകലെയായി ഒരു വലിയ കുന്ന് പ്രത്യക്ഷമായി.പതിയെ കേറി തുടങ്ങിയപ്പോൾ ആണ്‌ സംഗതി പിടികിട്ടിയത്. ഇപ്പോൾ കഷ്ടപ്പെട്ട് കേറിക്കൊണ്ടിരിക്കുന്നത് കുരിശുമല. ഇടയ്ക്കിടയ്ക്ക്ആയി അങ്ങു മുകളിൽ വരെ ഏകദേശം ഒരേ വലുപ്പത്തിൽ പണിതിരിക്കുന്ന കുരിശുകൾ സ്ഥാപിച്ചിരിക്കുന്നു. യേശു ക്രൂശിക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ. വാഗമണിലെ കുരിശുമല മനസ്സിൽ തെളിഞ്ഞു. ഏറ്റവും മുകളിലാണത്രെ പ്രധാന കുരിശ്, അത് കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്‌ ടാസ്ക്. അവിടെ എന്തോ ബിരിയാണി കൊടുക്കുന്നുണ്ടെന്ന് വിചാ‍ാരിച്ചിട്ടാണെന്ന് തോന്നുന്നു, എല്ലാവരും ഓടിയും ചാടിയും കിതച്ചും ആവേശഭരിതരായി കുന്നുകേറുന്നുണ്ടായിരുന്നു. ഞങ്ങൾ കുറച്ചുപേർ പതിയെ പോസ്റ്റടിച്ചു. ക്യാമറക്കണ്ണൂകൾ ചലിച്ചു. എങ്കിലും, ഇവയെല്ലാം ഒരു ജിഗ്സോ പസ്സിളിന്റെ പൂർത്തീകരിക്കാത്ത രൂപാമായിട്ടെ തോന്നിയുള്ളു. രണ്ട് മൂന്ന് ക്ളിക്ക്സിനു ശേഷം ക്യാമറയ്ക്കും ബോറടിച്ചു. ഞനും സുമിത്തും എൽദോസും പമ്പനും മുഖത്തോട് മുഖം നോക്കിനിന്നു. 
കുറച്ച് കഴിഞ്ഞപ്പോൾ താഴോട്ട് പോയ എൽദോസിനേയും സുമിത്തിനേയും അനുഗമിച്ച് ചായ കുടിക്കാമെന്നുള്ള ചിന്തയിൽ എഴുന്നേറ്റപ്പോൾ, എൽദോസിന്റെ കോൾ. 

‘അളിയാ, ഇവിടടുത്തൊരു റിസർവോയറുണ്ട്. അങ്ങോട്ട് പോയാലോ??’ എല്ലാരും സമ്മതം മൂളി. 

ഓട്ടോ വന്നതും, അതിൽ കേറി സംഭവസ്ഥലത്ത് എത്തിചേർന്നതും വളരെ പെട്ടെന്നെന്നപോലെ തോന്നി. ഇപ്പോൾ താഴോട്ട് വീഴും എന്ന് തോന്നിച്ചുകൊണ്ടായിരുന്നു ഓട്ടോ നിർത്തിയത്. അതിൽ നിന്നും ഇറങ്ങി, കണ്ടകാഴ്ച്ചകളിൽ കുറച്ച് നേരം സ്ത്ബ്ധനായി നിന്നു. മായാത്ത പുഞ്ചിരിയാൽ എല്ലാവരേയും നോക്കി. ആ ഒരു പ്രസന്നത പലരിലും കണ്ടൂ. ദൂരെ മനുവും ജിമ്മും ധുണ്ണിയും ഞങ്ങളെ നോക്കി കൈവീശി. അതിനും മീതെയായി പച്ചപുൽത്തകിടൂകൾ തീർത്ത ‘കാൽവരി മൗണ്ട്’ 
(അതായിരുന്നു പേര്‌. വളരെ വൈകിയാണറിഞ്ഞത്.) ശിരസ്സുയർത്തിനിന്നു. ഇടുക്കി ട്രിപ്പിനെ ഇടുക്കി ഗോൾഡ് ആക്കി മാറ്റുന്ന, ലഹരി പകർന്ന അവിസ്മരണ‍ീയമായ മുഹൂർത്തങ്ങൾ!!! ദൂരെ റിസർവോയർ കാണാം, നീലജലാശയം, നിശ്ചലം, നിശബ്ദം. എല്ലാ മുഖങ്ങളും പ്രകാശിച്ചു. നടന്ന്‌ കുന്നുകയറി കറങ്ങിത്തിരിഞ്ഞ് താഴെയെത്തിയ ഒരു കൂട്ടത്തെ, ഓട്ടോ പിടിച്ച് വന്ന ഞങ്ങൾ പുച്ചിച്ചുതള്ളി. അവർ കാണിച്ച ആവേശത്തിന്റെയും, കഠിനാധ്വാനാത്തിന്റെയും വിയർപ്പുത്തുള്ളികൾ ഞങ്ങളുടെ മുൻപിൽ ലജ്ജിച്ച് തലതാഴ്ത്തി. സൗന്ദര്യപ്പിണക്കങ്ങൾക്ക് വിരാമമിട്ട് ഒരു ഗ്രൂപ്പ് ഫോട്ടോ അങ്ങ് തട്ടി. സംതൃപ്തി നിറഞ്ഞ 31 മുഖങ്ങൾ അതിൽ നിറഞ്ഞു. വന്ന വഴിയിൽ തിരിച്ച് നടന്നു. വഴിയിൽ നാരകങ്ങളിൽ നിറഞ്ഞ ബബ്ലൂസ്സ് നാരങ്ങകളിൽ കണ്ണുടക്കി. പൂക്കൾ പറിച്ചു. 

അങ്ങനെ ഒരു വൺ ഡേ ട്രിപ്പിന്റെ ക്ലൈമാക്സിലേക്ക്. 

ചായക്കുടിയും, ചില സിംഗിൾസും ഒക്കെയായി സമയം പിന്നെയും കടന്നൂ. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഗൃഹനാഥകളായ ചേച്ചിമാർ ബഹളം വെച്ചു, തൽഫലം എല്ലാവരും പെട്ടെന്ന് ബസ്സിൽ കേറി. മടക്കയാത്രയിൽ എല്ലാവർക്കും ട്രിപ്പിനെക്കുറിച്ച് സംസാരിക്കാൻ അവസരം നല്കി. പലരും അൽകൂത്തിന്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളെ നേരിട്ടു. അതുലിന്റെ പാട്ടുകളും, ഷോ മീർ ചളികളുമായി സമയം ഒരുപാട് കടന്നുപോയി. വഴിയിൽ പലരും കൊഴിഞ്ഞുപോവുന്നുണ്ടായിരുന്നു. തിരിച്ച് ഇൻഫോപാർക്കിൽ എത്തുമ്പോൾ ഭൂരിഭാഗം പേരും ഇറങ്ങിയിരുന്നു. 

രാവിലെ വന്നതുപോലെ തിരിച്ച് മനുവിന്റെ കൂടെ റൂമിലേക്ക്, കയ്യിൽ സമ്മാനമായി ബിജുക്കുട്ടൻ പറിച്ച ബബ്ലൂസ് നാരങ്ങയും!! 

കാലയവനികയ്ക്കുള്ളിൽ കഴിഞ്ഞകാലത്തിന്റെ തിരശ്ശീല ഉയരുമ്പോൾ മായാതെ, മങ്ങാതെ മനസ്സിൽ എന്നും സ്വർണ്ണലിപികളാൽ എഴുതിവെച്ച ഈ ഓർമകളും ഉണ്ടാവും..!! 

ശുഭം.

Comments

ajith said…
സത്യം പറയൂ!!
ഒരു ദിവസമൊന്നും പോരാന്ന് തോന്നിയില്ലേ ഈ ഇടുക്കി കാണാന്‍??
അവസാനത്തെ കാഴ്ച്ചകൾ എന്നെ അങ്ങ് കൊതിപിച്ചു. ഒരിക്കല്കൂടി വരുന്നുണ്ട് ഇടുക്കിയെ അറിയാൻ.